ബിലിയറി അട്രീസിയ രോഗത്തെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടര വയസ്സുകാരൻ കാശിനാഥൻ്റെ വിദ്യാരംഭം, അവന് പുതുജീവൻ നൽകിയ ഡോക്ടർ ഷബീറലി തന്നെ നിർവഹിച്ചു.
ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തിയ ഡോക്ടർ ഷബീറലിയുടെ മടിയില്‍ ഇരുന്ന് കാശിനാഥന്‍ മുന്നിലെ പ്ലേറ്റില്‍ നിരത്തിയ അരിയില്‍ ആദ്യക്ഷരം കുറിച്ചു. 'ഹരിശ്രി....' ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിച്ച്, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മുറിയില്‍ കാശിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം അവനെ ചികിത്സിച്ച ഡോക്ടമാരും നേഴ്സുമാരുമുണ്ടായിരുന്നു.
കാശിനാഥന്‍റെ വിദ്യാരംഭം
കാശിനാഥന് വയസ് രണ്ടരയാകുന്നേയുള്ളൂ. പക്ഷേ. ഒമ്പതാം മാസം അവന് ബിലിയറി അട്രീസിയ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് കരൾ മാറ്റിവച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഹെപറ്റോബിലിയറി, പാൻക്രീയാറ്റിക് & ലിവർ ട്രാൻസ്പ്ലാന്‍റ് സർജനായ ഡോക്ടർ ഷബീറലി ടി യു ആയിരുന്നു ആ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അതിനാല്‍ അദ്ദേഹം തന്നെ കാശിക്ക് ആദ്യക്ഷരം കുറിക്കണമെന്നത് തങ്ങളുടെ ഇരുവരുടെയും ആഗ്രഹമായിരുന്നെന്ന് കാശിയുടെ അച്ഛന്‍ സുജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഐവിഎഫ് ചികിത്സ
ഏഴ് വര്‍ഷങ്ങൾക്ക് മുമ്പായിരുന്നു, തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂര്‍ സ്വദേശിയും വെഡ്ഡിംഗ് വീഡിയോ എഡിറ്ററുമായ സുജിത്തിന്‍റെയും നേഴ്സ് അശ്വതിയുടെയും വിവാഹം. കുട്ടികൾക്കായി ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉള്ളൂർ യാന ഹോസ്പിറ്റിൽ വച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കാശിനാഥന്‍ കടന്ന് വന്നത്. എന്നാല്‍, പ്രസവത്തോടൊപ്പം നടത്തിയ ബ്ലെഡ് ടെസ്റ്റിന്‍റെ റിസൾട്ട് ആശങ്കയുണ്ടാക്കി. രക്തത്തില്‍ മഞ്ഞപ്പിത്തത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആദ്യം മരുന്നുകൾ എടുത്തെങ്കിലും പോകെ പോകെ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്നും പിത്തരസം കുടലിലേക്ക് പോകുന്ന നാളം അടഞ്ഞുപോയി. പിന്നാലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാര്‍ നിർദ്ദേശിച്ചു. അങ്ങനയാണ് കിംസിലെ ഡോക്ടർ ഷബീറലിലേക്ക് സുജിത്തും അശ്വതിയും എത്തുന്നത്. അശ്വതി നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയും കിംസില്‍ വച്ചായിരുന്നു.

(കാശിനാഥന്‍ അച്ഛന്‍ സുജിത്തിനും അമ്മ അശ്വതിക്കും ചികിത്സിച്ച ഡോക്ടർമാര്‍ക്കുമൊപ്പം.)
ആറ്റുനോറ്റുണ്ടായ മകന് വേണ്ടി അച്ഛന്‍ സുജിത്ത് തന്നെ കരൾ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ഒമ്പത് മാസം പ്രായമുള്ള കാശിനാഥന് 2022 ഫെബ്രുവരിയില്‍ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഡോ. ഷബീറാലി ടിയുവിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള, ഡോ. ഷിറാസ് എആർ, ഡോ. വര്‍ഗീസ് ഏല്‍ദോ, ഡോ. ഹഷീര്‍ എ, ഡോ. ഗോവിന്ദ് ജയന്‍, ഡോ. മധു ശശിധരന്‍, ഡോ. അജിത് കെ. നായര്‍, ഡോ. മനോജ് കെഎസ്, ഡോ. പ്രമീല ജോജി, ഡോ. ഷിജു എന്നീ ഡോക്ടർമാരുടെ സംഘം കാശിനാഥന്‍റെ കരൾ വിജയകരമായി മാറ്റിവച്ചു. ജീവിതത്തിന്‍റെ പ്രതിസന്ധിയിൽ വീണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ച ഡോ. ഷബീറലി തന്നെ കാശിക്ക് ആദ്യക്ഷരം പകർന്ന് നൽകാന്‍ തയ്യാറായപ്പോൾ സുജിത്തിനും അശ്വതിക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ആ സന്തോഷ നിമിഷങ്ങളില്‍ കിംസ് ആശുപത്രയിലെ ഡോക്ടർമാരും നേഴ്സുമാരും ഒപ്പം നിന്നപ്പോൾ കാശിക്കും ഇരട്ടി സന്തോഷം. അവന്‍ ഡോക്ടറുടെ കൈ പിടിച്ച് എഴുതി. അ, ആ, ഇ, ഈ.....


