മന്ത്രവാദിയുടെ വാക്ക് കേട്ട് 1,000 കിലോമീറ്റര്‍ സഞ്ചരിച്ച് കൊല നടത്തി വീട്ടിലെത്തിയെങ്കിലും വെറും ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിലെ കൽവയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ സ്ത്രീയുടെ കൊലപാതകത്തില്‍ വലിയ വഴിത്തിരിവ്. പണമോ, ലൈംഗികാതിക്രമമോ അല്ല കൊലപാതകത്തിന് കാരണമെന്നും മറിച്ച് ധന ലാഭത്തിനായുള്ള ആഭിചാര ക്രിയയുടെ ബാക്കിയാണ് കൊലയെന്നും മഹാരാഷ്ട്രാ പോലീസ്. പ്രതികൾ പട്‌നയിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ സഞ്ചരിച്ച് താനെയിലെത്തിയാണ് കൊലപാതകം നടത്തിയത്. അതിവിദഗ്ദമായ അന്വേഷണത്തിലൂടെ പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.
നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നും കൈകാലുകൾ ബന്ധിച്ച് കഴുത്ത് മുറിച്ച നിലയിലാണ് 37 -കാരിയായ ശാന്തി ചവാന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. പ്രതികളായ വിശ്വജിത് സിംഗ് (30), ദേവരാജ് കുമാർ (19), 17 വയസ്സുള്ള ഒരു ആൺകുട്ടി എന്നിവരെ അവരുടെ ഗ്രാമത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ധന ലാഭത്തിനായി ഒരു സ്ത്രീയെ നരബലി നല്‍കി ആഭരണങ്ങൾ എടുക്കണമെന്ന് ബീഹാറിലെ ഒരു പ്രാദേശിക മന്ത്രവാദിയാണ് പ്രതികളെ ഉപദേശിച്ചത്. ഇതിന് അനുസരിച്ച് കൃത്യം നടത്തുന്നതിനായി മൂന്ന് പേരും ബീഹാറിലെ പാട്നയിലെ തങ്ങളുടെ ഗ്രാമത്തില്‍ നിന്നും മഹാരാഷ്ട്രാ പൂനെയിലെ താനെയിലെത്തി. തുടര്‍ന്ന് മൂന്നാല് ദിവസം മന്ത്രിവാദി പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ സ്ത്രീയെ അന്വേഷിച്ച് നടന്നു. ഒടുവിലാണ് ദിവസ വേതനക്കാരിയായ ശാന്തി ചവാനെ കണ്ടെത്തുന്നത്.
തുടര്‍ന്ന് ഇവരെ പിടികൂടി കാലും കൈയും കെട്ടിയിട്ട് കഴുത്ത് മുറിക്കുകയായിരുന്നു. ഒപ്പം ഇവരുടെ മാലയില്‍ നിന്നും മൂന്നാണ് സ്വർണ്ണ മണികൾ മാത്രമാണ് ഇവരെടുത്തത്. ഇത് മന്ത്രവാദിയുടെ ഉപദേശപ്രകാരമായിരുന്നു. പിന്നീട് ഇവര്‍ തിരികെ നാട്ടിലേക്ക് മടങ്ങി. ബലാത്സംഗമോ, മോഷണമോ ആണ് കൊലപാതകത്തിന്‍റെ പ്രേരണയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീട് മറ്റൊരു കാരണമാണെന്ന് സംശയം തോന്നി. ഇതോടെ സിസിടിവി ടവര്‍ ലൊക്കേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അവരുടെ ഗ്രാമത്തില്‍ വച്ച് പിടികൂടിയത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതും മന്ത്രവാദിയുടെ ആവശ്യപ്രകാരമായിരുന്നു. കൊലയ്ക്ക് ഉപദേശം നല്‍കിയ മന്ത്രവാദിക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. ഒപ്പം ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട എല്ലാവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുമെന്നും പോലീസ് പറഞ്ഞു.


