അതിദാരുണമായ സംഭവത്തിന് പിന്നാലെ പോലീസ് കുറ്റക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് കുട്ടിയുടെ അതേ പ്രായത്തിലുള്ള ഒരു മകളുണ്ടെന്നും റിപ്പോര്‍ട്ട്. 

ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിനിടെ ഇറാനില്‍ നിന്നും രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാന്‍ വഴി റഷ്യയിലെത്തിയ ഒരു കുഞ്ഞിനെ ദാരുണമായി പരിക്കേല്‍പ്പിച്ച ബെലാറസ് പൗരന്‍ റഷ്യയില്‍ അറസ്റ്റില്‍. ഒന്നര വയസുള്ള കുട്ടിയെ കോണ്‍ക്രീറ്റ് തറയിലേക്ക് എടുത്തെറിയുകയായിരുന്നു. ശക്തമായ ഏറില്‍ കുട്ടി കോമയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ സമയം കുട്ടിയുടെ അമ്മ സമീപത്ത് ഇല്ലായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഒന്നര വയസുള്ള കുട്ടിയും അമ്മയും റഷ്യയിലെ മോസ്‌കോ ഏരിയ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. ഗർഭിണിയായ അമ്മ കുഞ്ഞിനെ വിമാനത്താവളത്തിലെ ഹാളില്‍ നിര്‍ത്തി ഒരു പുഷ്‌ചെയർ എടുക്കാനായി പോയപ്പോഴായിരുന്നു അപകടം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പിന്നീട് റഷ്യൻ വാർത്താ ഏജൻസിയായ മാഷ് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അതിക്രൂരമായ ദൃശ്യങ്ങൾ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി.

Scroll to load tweet…

വീഡിയോയില്‍ ഒരു സ്യൂട്ട്കേസിന് സമീപം നിൽക്കുന്ന കുഞ്ഞിനെ കാണാം. തൊട്ട് അടുത്തായി ഒരു യുവാവും നില്‍ക്കുന്നു. ഇയാൾ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം പെട്ടെന്ന് കുട്ടിയെ എടുത്തുയർത്തി തറയിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെ ഇയാൾ വിമാനത്താവളത്തില്‍ വച്ച് അനിയന്ത്രിതമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്നതും കാണാം. പെട്ടെന്ന് തന്നെ അവിടെയുണ്ടായിരുന്ന ആരൊക്കെയോ കുട്ടിയെയും എടുത്ത് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.

ബെലാറസിൽ നിന്നുള്ള 31 -കാരനായ വ്‌ളാഡിമിർ വിറ്റ്കോവ് ആണ് പ്രതിയെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൈപ്രസിൽ നിന്നോ ഈജിപ്തിൽ നിന്നോ വിമാനത്തിലാണ് വിറ്റ്കോവ് റഷ്യയിലെത്തിയത്. ആക്രമണ സമയത്ത് വിറ്റ്കോവ് ലഹരിയില്‍ ആയിരുന്നു. ഇയാളുടെ രക്തത്തില്‍ കഞ്ചാവിന്‍റെ അംശമുണ്ടായിരുന്നതായി പോലീസ് പിന്നീട് പറഞ്ഞു.

വിറ്റ്കോവിന് തന്‍റെ പ്രവൃത്തിവിശദീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് അധികൃതർ പിന്നീട് പറഞ്ഞത്. ഇതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അത്തരം കുറ്റങ്ങൾ താന്‍ ചെയ്യാറുണ്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് റഷ്യന്‍ പോലീസ് പറഞ്ഞു. വിറ്റ്കോവിന് താൻ ആക്രമിച്ച ആൺകുട്ടിയുടെ അതേ പ്രായത്തിലുള്ള ഒരു മകളുണ്ടെന്ന് റഷ്യൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പ്രവര്‍ത്തി വംശീയാക്രമണമാണോയെന്ന് അന്വേഷിക്കുന്നു. വിറ്റ്കോവ് ഇപ്പോൾ കൊലപാതക ശ്രമത്തിന് റഷ്യന്‍ പോലീസിന്‍റെ കസ്റ്റഡിയിലാണ്.