Asianet News MalayalamAsianet News Malayalam

104 ദിവസം വിശ്രമമില്ലാതെ ജോലിചെയ്തു, 30 -കാരന് ദാരുണാന്ത്യം; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി

കരാർ ഒപ്പിട്ടതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ ഒരു ദിവസം ഒഴികെ 104 ദിവസം അബാവോ ജോലി ചെയ്തു, ഏപ്രിൽ 6 ന് ഒരു വിശ്രമദിനം മാത്രം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്. 

104 days working without off 30 year old man dies in china
Author
First Published Sep 8, 2024, 2:32 PM IST | Last Updated Sep 8, 2024, 2:33 PM IST

ചൈനയിൽ 104 ദിവസങ്ങൾ വിശ്രമമില്ലാതെ ജോലി ചെയ്ത 30 -കാരൻ അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് മരണപ്പെട്ടു. 104 പ്രവൃത്തി ദിവസങ്ങൾക്കിടയിൽ ഒരു അവധി ദിനം മാത്രമാണ് ജോലി ചെയ്തിരുന്ന കമ്പനി ഇദ്ദേഹത്തിന് നൽകിയിരുന്നത്. യുവാവിന്റെ മരണത്തോടെ അമിത ജോലി ചെയ്യേണ്ടി വരുന്ന ചൈനീസ് തൊഴിൽ സംസ്ക്കാരം വീണ്ടും ചർച്ചയാവുകയാണ്.

ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആബാവോ എന്ന ആളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദി കമ്പനിയാണെന്ന് ഷെജിയാങ് പ്രവിശ്യയിലെ കോടതി വിധിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂമോകോക്കൽ അണുബാധ മൂലമുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറ് മൂലമാണ് അബാവോ മരിച്ചതെന്ന് കോടതി കണ്ടെത്തി. 

ചൈനയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഈ സംഭവം കാരണമായിരിക്കുന്നത്. കമ്പനിയുടമകൾ തൊഴിലാളികളോട് നടത്തുന്ന ചൂഷണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് പ്രസ്തുത കമ്പനിയിൽ പെയിൻ്ററായി അബാവോ ജോലിയിൽ കയറിയത്. ഈ വർഷം ജനുവരി വരെ നീളുന്നതായിരുന്നു കരാർ. തുടർന്ന് കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു പ്രോജക്ടിൽ അദ്ദേഹം ജോലി ചെയ്തു തുടങ്ങി. കരാർ ഒപ്പിട്ടതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ ഒരു ദിവസം ഒഴികെ 104 ദിവസം അബാവോ ജോലി ചെയ്തു, ഏപ്രിൽ 6 ന് ഒരു വിശ്രമദിനം മാത്രം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്. 

മെയ് 25 -ന്, ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആ ദിവസം അദ്ദേഹം ജോലിക്ക് പോയില്ല. തൊട്ടടുത്ത രണ്ടുദിവസങ്ങളിലും അദ്ദേഹം വീണ്ടും ജോലിക്ക് പോയി. എന്നാൽ മെയ് 28 -ന്, അബാവോയുടെ അവസ്ഥ  വഷളായി. ശ്വാസകോശത്തിലെ അണുബാധയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജൂൺ ഒന്നിന് അദ്ദേഹം മരിച്ചു.

അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ, സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥർ  മരണകാരണം ജോലിസംബന്ധമായതാണെന്ന് പറയാൻ കഴിയില്ല എന്ന് റിപ്പോർട്ട് നൽകിയതോടെ അബാവോയുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. തൊഴിലുടമയുടെ അനാസ്ഥ ആരോപിച്ച്  കുടുംബം നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തു. മറുപടിയായി, അബാവോയുടെ ജോലിഭാരം അദ്ദേഹത്തിന് സ്വയം കൈകാര്യം ചെയ്യാവുന്നതാണെന്നും  ഓവർടൈമും തൊഴിലാളികൾ സ്വമേധയാ എടുക്കുന്നതാണെന്നും കമ്പനി വാദിച്ചു.  

മുമ്പുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായ മെഡിക്കൽ ഇടപെടലിൻ്റെ അഭാവവുമാണ് അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായതെന്നും  അവർ വാദിച്ചു.
എന്നാൽ, 104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നത് ചൈനീസ് തൊഴിൽ നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ചൈനീസ് തൊഴിൽ നിയമപ്രകാരം പ്രതിദിനം പരമാവധി 8 പ്രവൃത്തി മണിക്കൂറും ഒരു ആഴ്ചയിൽ ശരാശരി 44 മണിക്കൂറും ആണ് അനുവദനീയം.

കമ്പനിയുടെ തൊഴിൽ ചട്ടങ്ങളുടെ ലംഘനം അബാവോയുടെ പ്രതിരോധശേഷി വഷളാകുന്നതിനും ആത്യന്തികമായി മരണത്തിലേക്ക് നയിക്കുന്നതിനും കാരണമായെന്നും അതിനാൽ ഈ ദുരന്തത്തിൽ കമ്പനിക്ക് 20% ഉത്തരവാദിത്തം ഉണ്ടെന്നും കോടതി വിധിച്ചു. മരണം മൂലം കുടുംബാം​ഗങ്ങൾക്കുണ്ടായ മാനസിക സംഘർഷത്തിന് 10,000 യുവാൻ ഉൾപ്പെടെ ആകെ 400,000 യുവാൻ (56,000 യുഎസ് ഡോളർ) നഷ്ടപരിഹാരമായി കമ്പനി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios