2009 -ൽ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ലാർസ് ക്രുതാക്കിന്റെ ഒരു ഡോക്യുമെന്ററി പരമ്പരയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് വാങ് ലോകശ്രദ്ധ നേടിയത്.
വോഗ് ഫിലിപ്പീൻസിന്റെ കവർ ചിത്രമായി 106 -കാരി. ആദ്യമായിട്ടായിരിക്കും ഇത്രയേറെ പ്രായമുള്ള ഒരാൾ വോഗിന്റെ കവർ ചിത്രമായി വരുന്നത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ പരമ്പരാഗത ടാറ്റൂ ആർട്ടിസ്റ്റുമാരിലൊരാളായ അപോ വാങ് ഒഡേ ആണ് വോഗിന്റെ കവർ ചിത്രമായി പ്രത്യക്ഷപ്പെട്ടത്.
മരിയ ഒഗേ എന്നും അറിയപ്പെടുന്ന വാങ് വളരെ ചെറുപ്പത്തിൽ തന്നെ ടാറ്റൂ ആർട്ടിസ്റ്റായി മാറിയ ആളാണ്. അച്ഛന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് വാങ് ടാറ്റൂ ചെയ്യുന്നത് എങ്ങനെയാണ് എന്ന് പഠിച്ചത്. കലിംഗ പ്രവിശ്യയിലെ മനിലയിൽ നിന്ന് ഏകദേശം 15 മണിക്കൂർ വടക്കുള്ള ബസ്കലാൻ എന്ന പർവതഗ്രാമത്തിലാണ് വാങ് താമസിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം ചെന്ന ടാറ്റൂയിസ്റ്റായി കണക്കാക്കപ്പെടുന്ന ആളാണ് വാങ്. മാംബബറ്റോക്ക് അല്ലെങ്കിൽ പരമ്പരാഗത കലിംഗ ടാറ്റൂ രീതിയാണ് അവർ അവലംബിക്കുന്നത്.

ഇത് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന ഒന്നാണ്. ഈ ടാറ്റൂരീതി രക്തബന്ധുക്കൾക്ക് മാത്രമേ കൈമാറാൻ കഴിയൂ. വാങ് ഓഡ് അവരുടെ ബന്ധുക്കളായ എലിയാങ് വിഗനെയും ഗ്രേസ് പാലികാസിനെയും വർഷങ്ങളായി ഈ ടാറ്റൂ ചെയ്യുന്നത് പരിശീലിപ്പിക്കുന്നുണ്ട്. നൂതനമായ ടാറ്റൂരീതികൾ വിപണി കീഴടക്കിയിട്ടും, പക്ഷേ വാങ്ങിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ടാറ്റൂ രീതി തേടിയെത്തുന്ന ആവശ്യക്കാർ ഏറെയാണ്. ചില ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് വാങിനെ അന്വേഷിച്ച് എത്തുന്നത്.
പരമ്പരാഗത ടാറ്റൂ കലാകാരന്മാരുടെ അവസാന തലമുറകളിൽ ഒരാളാണ് വാങ്. അവരുടെ സമപ്രായക്കാർ പലരും മരിച്ചു കഴിഞ്ഞു. വെളുപ്പിനെ 5:30 -നാണ് വാങ്ങിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. 2009 -ൽ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ലാർസ് ക്രുതാക്കിന്റെ ഒരു ഡോക്യുമെന്ററി പരമ്പരയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് വാങ് ലോകശ്രദ്ധ നേടിയത്. പരമ്പരാഗത ടാറ്റൂ കലയെ കുറിച്ച് ഇപ്പോൾ യുവാക്കൾക്കിടയിൽ വലിയ മതിപ്പാണെന്നും, ആളുകൾ അതിനെ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങുന്നുവെന്നും വാങ് പറഞ്ഞു.
