രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെ കമലക്കണ്ണി വീട്ടുകാരോടൊപ്പം തമിഴ്നാട്ടിൽ നിന്നും അതിർത്തിയായ വണ്ടൻമേട്ടിൽ എത്തുകയും ഏലത്തോട്ടത്തിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തിരുന്നു.

ചിലപ്പോൾ ചില കാരണങ്ങൾ കൊണ്ട് ആശിച്ച അത്രയും പഠിക്കാൻ സാധിക്കാത്ത അനേകം പേർ നമുക്കിടയിൽ ഉണ്ടാവും. ചിലരൊക്കെ ഏതെങ്കിലും കാലത്ത് ആ ആശ നിറവേറ്റുമെങ്കിലും ഭൂരിഭാ​ഗം പേരും ഒരിക്കലും ആ സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാത്ത ആളുകളാണ്. എന്നാൽ, 108 -ാമത്തെ വയസിൽ തന്റെ സ്വപ്നം പൂർത്തിയാക്കിയ ഒരാളുണ്ട് തമിഴ്നാട്ടിൽ. പേര് കമലക്കണ്ണി. കേരള സംസ്ഥാനത്തിന്റെ സാക്ഷരതാ പദ്ധതിയിലാണ് കമലക്കണ്ണി പരീക്ഷ എഴുതിയത്. 

മാത്രവുമല്ല, ഈ സാക്ഷരതാ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയതും അവർ തന്നെ. റിപ്പോർട്ടുകളനുസരിച്ച് 1915 -ൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് ഇവർ ജനിച്ചത്. എന്നാൽ, വളരെ ചെറുപ്രായത്തിൽ തന്നെ കേരളത്തിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. 

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) സർവേ പ്രകാരം, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് 96.2 ശതമാനമാണ്. മുതിർന്നവരെ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കാൻ വേണ്ടി 'എല്ലാവർക്കും എല്ലായ്‌പ്പോഴും വിദ്യാഭ്യാസം' എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. 

രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെ കമലക്കണ്ണി വീട്ടുകാരോടൊപ്പം തമിഴ്നാട്ടിൽ നിന്നും അതിർത്തിയായ വണ്ടൻമേട്ടിൽ എത്തുകയും ഏലത്തോട്ടത്തിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് തുടർന്ന് പഠിക്കാനും സാധിച്ചിരുന്നില്ല. ഏതായാലും ഈ വയസിൽ നന്നായി കാണാനും കേൾക്കാനും സാധിക്കുന്ന കമലക്കണ്ണി കേരള സർക്കാരിന്റെ സാക്ഷരതാ പദ്ധതിയുടെ ഭാ​ഗമാവുകയായിരുന്നു. 100 -ൽ 97 മാർക്കാണ് ഈ മുത്തശ്ശി നേടിയത്. 

അടുത്ത മാസമാണ് കമലക്കണ്ണിയുടെ 109 -ാം പിറന്നാൾ. ഈ വിജയത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വീട്ടുകാർ.