സ്പെയിനിൽ നിന്നുള്ള പൊലീസ് ദമ്പതികളായ ജെസീക്കയും പെലയോയും പരസ്പരം കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ ഓടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ദുഷ്കരമായ മലയോര പാതയിലൂടെ പരസ്പര വിശ്വാസത്തോടെ ഓടിയാണ് ഇവർ ഈ അപൂർവ നേട്ടം കൈവരിച്ചത്.

സാധാരണ കുറ്റവാളികളുടെ കൈകളിലാണ് പൊലീസ് കൈവിലങ്ങ് അണിയിക്കാറുള്ളത്. എന്നാൽ, കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ ഓടിയ പൊലീസ് ദമ്പതികൾക്ക് ഗിന്നസ് റെക്കോഡ്! പരസ്പരം കൈവിലങ്ങണി‌ഞ്ഞ് ഒരുമിച്ച് ഓടി ഏറ്റവും കൂടുതൽ ദൂരം പിന്നിട്ടതിലൂടെയാണ് ദമ്പതികൾ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. സ്പെയിനിൽ നിന്നുള്ള പോലീസ് ദമ്പതികളായ ജെസീക്ക മുനോസ് പരേഡസും പെലയോ അൽവാരസ് റെവുൽറ്റയുമാണ് ആ ദമ്പതികൾ.

കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ!

2026 മേയ് ഒൻപതിനാണ് ഇരുവരും ഈ അപൂർവ നേട്ടം കൈവരിച്ചത്. സ്പാനിഷ് സിവിൽ ഗാർഡിൽ ജോലി ചെയ്യുന്ന 40 -കാരനായ പെലയോയും 46 -കാരിയായ പൊലീസ് ഉദ്യോഗസ്ഥ ജെസീക്കയും തെക്കൻ സ്പെയിനിലെ റോണ്ടയിൽ സ്പാനിഷ് സൈന്യം സംഘടിപ്പിച്ച 101 കിലോമീറ്റർ ഓട്ടമത്സരത്തിലാണ് പങ്കെടുത്തത്. രണ്ട് പേരടങ്ങുന്ന സംഘമായി കൈവിലങ്ങിട്ട് ഏറ്റവും കൂടുതൽ ദൂരം ഓടിയതിനുള്ള റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്. നവംബർ ഒൻപതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

Scroll to load tweet…

വേണം മനഃപ്പൊരുത്തം

മലനിരകളിലൂടെയുള്ള ദുഷ്കരമായ പാതയായിരുന്നു മത്സരത്തിന്‍റെ മറ്റൊരു പ്രത്യേകത. കൈവിലങ്ങിട്ട് ഓടുന്നതിനാൽ ഓരോ ചുവടിലും പരസ്പരം വേഗവും ചലനവും ക്രമീകരിക്കേണ്ടതുണ്ട്. ഒരാളുടെ വേഗം കുറഞ്ഞാൽ മറ്റെയാൾക്കും അതിനനുസരിച്ച് വേഗം കുറയ്ക്കേണ്ടിവരും. പ്രത്യേകിച്ചും ദുർഘടമായ പാതകളിൽ, മല ചെഞ്ചരിവിലൂടെയുള്ള ഓട്ടം ഏറെ ദുഷ്ക്കരമായിരുന്നു. മത്സരത്തിൽ പങ്കെടുത്ത നിരവധി പേർ പാതിവഴിയിൽ പിന്മാറി. എന്നാൽ, പെലയോയും ജെസീക്കയും നിശ്ചയദാർഢ്യത്തോടെ ലക്ഷ്യം പൂർത്തികരിച്ചു.

'പരസ്പര വിശ്വാസവും സഹകരണവും'

പരസ്പര വിശ്വാസവും സഹകരണവുമാണ് വിജയത്തിന് പിന്നിലെന്ന് മത്സരം പൂർത്തിയാക്കിയ ശേഷം ജെസീക്ക പറഞ്ഞു. വഴിയിലെ സൈനിക ബാരക്കുകളും അസ്തമയവും കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും മറക്കാനാകാത്ത അനുഭവങ്ങളായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളായ യെറേയ്ക്കും മിയയ്ക്കും അധ്വാനത്തിന്‍റെയും ക്ഷമയുടെയും മാതൃകയാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദമ്പതികൾ വ്യക്തമാക്കി. കൂടുതൽ ശാരീരിക വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും ഉടൻ മറ്റൊരു ലോകറെക്കോർഡിനുള്ള പദ്ധതിയില്ലെന്നും ഇരുവരും പറഞ്ഞു.