പോസ്റ്റ് ശ്രദ്ധ നേടിയതോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ജോലിക്ക് അപേക്ഷിക്കാൻ സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഇദ്ദേഹത്തെ ഉപദേശിച്ചു.
യുഎസ്സിൽ 11 വർഷത്തെ പരിചയം ഉണ്ടായിട്ടും ജോലി നേടാൻ പല വഴികൾ പരീക്ഷിച്ചിട്ടും ഇന്ത്യയിൽ ഒരു ജോലി നേടാൻ തനിക്ക് കഴിയുന്നില്ലെന്ന് യുവാവ്. അടുത്തമാസം അമേരിക്കയിൽ നിന്ന് ബാംഗ്ലൂരിലേക്ക് മടങ്ങി വരികയാണെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. എന്നാൽ, ഇതുവരെയും ഒരു ജോലി കണ്ടെത്താൻ കഴിയാത്തത് തനിക്ക് സമ്മാനിച്ചിരിക്കുന്നത് കടുത്ത നിരാശയാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി. "യുഎസിൽ 11 വർഷത്തെ എക്സ്പീരിയൻസുണ്ട്. എന്നിട്ടും ജോലി കണ്ടെത്താൻ കഴിയുന്നില്ല" എന്ന ടൈറ്റിലിലുള്ള റെഡ്ഡിറ്റ് പോസ്റ്റിൽ തന്റെ പരാജയപ്പെട്ട ജോലി അന്വേഷണത്തെക്കുറിച്ചാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; ഞാൻ ചെയ്യുന്നതിൽ തെറ്റ് എന്താണ്? naukri.com പ്രൊഫൈൽ ഉണ്ടാക്കി, LinkedIn-ൽ നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്തി, കരിയർ വെബ്‌സൈറ്റുകളിലെ ജോലികൾക്ക് അപേക്ഷിച്ചു, റഫർ ചെയ്യിപ്പിച്ചു. പക്ഷേ ഒന്നും ശരിയായി നടക്കുന്നില്ല". r/returnToIndia എന്ന സബ്‌റെഡിറ്റിൽ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് .
താൻ കൺസൾട്ടിംഗ്, ഫിനാൻസ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും നാട്ടിൽ സമാനമായ തസ്തികകൾ അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. തുടർച്ചയായ പരാജയങ്ങൾ വലിയ നിരാശയാണ് തനിക്ക് സമ്മാനിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.
പോസ്റ്റ് ശ്രദ്ധ നേടിയതോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ജോലിക്ക് അപേക്ഷിക്കാൻ സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഇദ്ദേഹത്തെ ഉപദേശിച്ചു. വിദേശ രാജ്യത്തുള്ള ഒരു വ്യക്തിക്ക് ഇന്ത്യയിലെ ഒരു സ്ഥാപനത്തിൽ ജോലി നൽകാൻ ആരും തയ്യാറാകില്ലെന്നും അതിനാൽ നാട്ടിൽ എത്തിയതിനു ശേഷം ജോലിക്ക് അപേക്ഷിക്കാനും നിരവധി പേർ ഇദേഹത്തെ ഉപദേശിച്ചു. സമാനമായ ഒരു അനുഭവം 2023 -ൽ നേരിടേണ്ടി വന്ന ഒരു സോഷ്യൽ മീഡിയ യൂസർ പോസ്റ്റിന് താഴെ കുറിച്ചത്, ഇന്ത്യയിൽ ഇല്ലാത്ത ഒരു വ്യക്തിയെ ഒരു സ്ഥാപനത്തിലെയും അധികാരികൾ ഗൗരവത്തോടെ പരിഗണിക്കില്ല എന്നായിരുന്നു. അതിനാൽ ആദ്യം രാജ്യത്ത് മടങ്ങിയെത്താനും പിന്നീട് ജോലിക്ക് അപേക്ഷിക്കാനും അദ്ദേഹം പറഞ്ഞു.


