‘ഈ കൊഞ്ചുകളിൽ ചിലത് ഇത്രയും ദീർഘകാലം ജീവിച്ചിരിക്കില്ല. എന്നാൽ ലോറെൻസോ ഇത്രയും നീണ്ട കാലം ജീവിച്ചു. ഈ ഫാദേഴ്സ് ഡേ അവനെ കടലിലേക്ക് തുറന്നുവിട്ടുകൊണ്ട്, അവനെ മോചിപ്പിച്ചു കൊണ്ട് ആഘോഷിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.'

110 വയസും 21 പൗണ്ട് ഭാരവുമുള്ള കൊഞ്ചിനെ വീണ്ടും കടലിലേക്ക് തുറന്നുവിട്ട് ന്യൂയോർക്കിലെ ഒരു സീഫുഡ് റെസ്റ്റോറന്റ്. ലോംഗ് ഐലൻഡിലെ ഹെംപ്‌സ്റ്റെഡിലുള്ള പീറ്റേഴ്‌സ് ക്ലാം ബാറിന്റെ ഉടമയായ ബുച്ച് യമാലി പറയുന്നത് ലോറെൻസോ എന്ന് പേരിട്ടിരിക്കുന്ന ഈ കൊഞ്ച് വർഷങ്ങളായി ഈ റെസ്റ്റോറന്റിൽ കഴിയുകയാണ് എന്നാണ്.

വർഷങ്ങളായി അവൻ തങ്ങളുടെ ടാങ്കിൽ കഴിയുന്നുണ്ട് എന്നാണ് യമാലി മാധ്യമങ്ങളോട് പറഞ്ഞത്. ദേശീയ കൊഞ്ച് ദിനവും ഫാദേഴ്സ് ഡേയും ആഘോഷിക്കാൻ ലോറെൻസോയെ മോചിപ്പിക്കുക എന്നതിനേക്കാൾ മികച്ച ഒരു കാര്യമില്ല എന്നും യമാലി പറയുന്നു.

‘ഈ കൊഞ്ചുകളിൽ ചിലത് ഇത്രയും ദീർഘകാലം ജീവിച്ചിരിക്കില്ല. എന്നാൽ ലോറെൻസോ ഇത്രയും നീണ്ട കാലം ജീവിച്ചു. ഈ ഫാദേഴ്സ് ഡേ അവനെ കടലിലേക്ക് തുറന്നുവിട്ടുകൊണ്ട്, അവനെ മോചിപ്പിച്ചു കൊണ്ട് ആഘോഷിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. അവൻ ഞങ്ങൾക്ക് ഒരു പെറ്റിനെ പോലെ തന്നെ ആയിരുന്നു. ആളുകൾ അവനെ കാണാനായി ഇവിടെ വരികയും അവന്റെ ഒപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്യാറുണ്ടായിരുന്നു’ എന്നും യമാലി പറഞ്ഞു.

ഹെംപ്‌സ്റ്റെഡ് ടൗൺ സൂപ്പർവൈസർ ഡോൺ ക്ലാവിനും, നസ്സാവു കൗണ്ടി ലെജിസ്ലേറ്റർ ജോൺ ഫെറെറ്റിയും പീറ്റേഴ്‌സ് ക്ലാം ബാറുമായി സഹകരിച്ചാണ് ഇപ്പോൾ ലോറെൻസോയെ വെള്ളത്തിലേക്ക് തന്നെ തിരികെ വിടുന്നത്. റെസ്റ്റോറന്റിനും റെസ്റ്റോറിലെത്തുന്നവർക്കും ഏറെ പ്രിയങ്കരനായിരുന്നത്രെ ലോറെൻസോ എന്ന ഈ കൊഞ്ച്. എന്നാൽ, അവനെ തുറന്നു വിടുന്നത് തന്നെയാണ് നല്ലത് എന്നാണ് ഇവർ പറയുന്നത്.

അവനെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യും, എന്നാൽ എന്തുകൊണ്ടും ഇതൊരു മികച്ച തീരുമാനം തന്നെയാണ് എന്നും ലോറെൻസോയ്ക്ക് സമുദ്രത്തിൽ വീണ്ടും ഒരു ജീവിതം കൂടി ജീവിക്കാൻ ഉള്ള അവസരമാണ് ഇത് എന്നും യമാലി പറഞ്ഞു.