സംഭവം അറിഞ്ഞതോടെ അടുത്തുള്ളവരടക്കം ചീങ്കണ്ണിയെ കാണാനായി അങ്ങോട്ടെത്തി എന്നാണ് പറയുന്നത്. ചീങ്കണ്ണിയാണെങ്കിൽ ഹോട്ടലിൽ എത്തിയ അഥിതിയെ പോലെ വളരെ കൂളായിട്ടാണ് നീങ്ങുന്നത്.
പൊലീസിനെയും ടൂറിസ്റ്റുകളെയും ഒക്കെ ഒരുപോലെ അമ്പരപ്പിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസം വെർജീനിയയിലെ ഒരു മോട്ടലിലുണ്ടായത്. ഇവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. അത് ഒരു ചീങ്കണ്ണിയായിരുന്നു. വെർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലെ ഒരു മോട്ടൽ മുറിക്ക് മുന്നിലാണ് ചീങ്കണ്ണി എത്തിയത്. അധികം വൈകാതെ തന്നെ അധികൃതർ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു.
ഫെയർഫാക്സ് കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഒരു ഉദ്യോഗസ്ഥൻ വിശ്വസിക്കാനാവാത്തത് പോലെ അതൊരു ചീങ്കണ്ണിയാണ്, ഹോട്ടലിന് പുറത്ത് ശരിക്കും ഒരു ചീങ്കണ്ണിയുണ്ട് എന്ന് വിളിച്ചുപറയുന്നത് കേൾക്കാം. മറ്റൊരു ഉദ്യോഗസ്ഥനാവട്ടെ ഈ ചീങ്കണ്ണി ഏകദേശം എത്ര വലിപ്പം വരും എന്ന് ഊഹിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതിന് ഏകദേശം 6 അടി നീളമുണ്ടാകുമെന്നാണ് പറയുന്നത്.
സംഭവം അറിഞ്ഞതോടെ അടുത്തുള്ളവരടക്കം ചീങ്കണ്ണിയെ കാണാനായി അങ്ങോട്ടെത്തി എന്നാണ് പറയുന്നത്. ചീങ്കണ്ണിയാണെങ്കിൽ ഹോട്ടലിൽ എത്തിയ അഥിതിയെ പോലെ വളരെ കൂളായിട്ടാണ് നീങ്ങുന്നത്. അതിനിടയിൽ പൊലീസ് ഒരാളോട് നിങ്ങളുടെ നായയെ അവിടെ നിന്നും മാറ്റൂ, ഇവിടെ ഒരു ചീങ്കണ്ണിയുണ്ട് എന്ന് പറയുന്നത് കേൾക്കാം. അയാൾ തിരിച്ച് പറയുന്നത് തനിക്ക് ആ ചീങ്കണ്ണിയെ കാണണം എന്നാണ്.
അതേസമയം ഈ ചീങ്കണ്ണിയെ ഒരാൾ വളർത്താൻ കൊണ്ടുവന്നതാണ് എന്നാണ് പറയുന്നത്. നോർത്ത് കരോലിനയിലെ ഒരു മൃഗശാലയിലേക്ക് ന്യൂയോർക്കിൽ നിന്നും കൊണ്ടുവരുന്ന വഴി ഇയാൾ വിശ്രമിക്കവെ ചീങ്കണ്ണി രക്ഷപ്പെട്ട് പോയതാണ് എന്നും പറയുന്നു. എന്തായാലും, പൊലീസ് ചീങ്കണ്ണിയെ പിടികൂടി ഉടമയെ തന്നെ ഏൽപ്പിച്ചു.
എന്തായാലും, ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ ചീങ്കണ്ണി അവിടെയുള്ളവരുടെ മാത്രമല്ല, ഓൺലൈനിലും വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.
