സത്യം മൂടിവയ്ക്കാൻ വേണ്ടിയാണ് അവളുടെ മരണ സർട്ടിഫിക്കറ്റിൽ അസുഖമാണ് മരണകാരണം എന്ന് എഴുതിയിരിക്കുന്നത് എന്നാണ് കാർലോസ് പറയുന്നത്.
മെക്സിക്കോയിൽ സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 14 -കാരി മരിച്ചു. മകൾ ഇങ്ങനെയൊരു ശസ്ത്രക്രിയ ചെയ്യുന്ന കാര്യം അറിയില്ലായിരുന്നു എന്ന് പിതാവ്. പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിയാണ് ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മരിച്ചത്. സെപ്റ്റംബർ 20 -നായിരുന്നു പെൺകുട്ടി മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമുണ്ടായ സെറിബ്രൽ എഡിമയാണ് 14 -കാരിയുടെ മരണകാരണം എന്നാണ് പെൺകുട്ടിയുടെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയാണ് അവളുടെ മരണത്തിന് കാരണമായത് എന്നാണ് അവളുടെ അച്ഛനായ കാർലോസ് അരെല്ലാനോ ആരോപിക്കുന്നത്.
സത്യം മൂടിവയ്ക്കാൻ വേണ്ടിയാണ് അവളുടെ മരണ സർട്ടിഫിക്കറ്റിൽ അസുഖമാണ് മരണകാരണം എന്ന് എഴുതിയിരിക്കുന്നത് എന്നാണ് കാർലോസ് പറയുന്നത്. അവളുടെ മരണാനന്തരചടങ്ങുകൾ വരേയും ഇങ്ങനെ ഒരു ശസ്ത്രക്രിയ നടന്നതിനെ പറ്റി തനിക്ക് അറിയുമായിരുന്നില്ല. അവളുടെ ദേഹത്ത് അതിനിടെ വിവിധ പാടുകൾ കാണുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ധൃതിപിടിച്ചാണ് അധികൃതർ മകളുടെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്, എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു മരണസർട്ടിഫിക്കറ്റ് തയ്യാറാക്കാൻ അവർക്ക് കഴിഞ്ഞത്, അതിൽ ദുരൂഹതയുണ്ട് എന്നുമാണ് കാർലോസിന്റെ ആരോപണം.
പിന്നാലെ, കാർലോസ് പരാതിയും നൽകി. ഇതിന് കാരണക്കാരായ ഓരോരുത്തരേയും കണ്ടെത്തണമെന്നും അവരെ ശിക്ഷിക്കണം എന്നുമാണ് കാർലോസ് പറയുന്നത്. പലോമയുടെ മരണത്തെ കുറിച്ചും അവളുടെ അച്ഛനുയർത്തിയിരിക്കുന്ന ആരോപണത്തെ കുറിച്ചും ഓപ്പറേഷനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എവിടെവച്ചാണ്, എങ്ങനെയാണ് ഈ ഓപ്പറേഷൻ നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു.
അതേസമയം, കോസ്‌മെറ്റിക് സർജറിയുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ഇസ്താംബൂളിൽ 31 വയസ്സുള്ള ഒരു ഇൻഫ്ലുവൻസർ കോസ്‌മെറ്റിക് സർജറികൾക്ക് വിധേയമായതിന് തൊട്ടുപിന്നാലെ മരിച്ചിരുന്നു.


