ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ ഫലപ്രദമാകാനും ആരോഗ്യം വീണ്ടെടുക്കാനും ഏകദേശം ഒരു മാസത്തേക്ക് ജോലിഭാരം താൽക്കാലികമായി കുറച്ചുതരണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു.

വിട്ടുമാറാത്ത അസുഖമാണെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് യുവതി. ടിക് ടോക്കിലൂടെ നടത്തിയ യുവതിയുടെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.

@idonto aesthetic എന്ന അക്കൗണ്ടിലൂടെയാണ് യുവതി തൻ്റെ അനുഭവം പങ്കുവെച്ചത്. ഹൈപ്പോതൈറോയിഡിസം എന്ന രോഗാവസ്ഥയുമായി താൻ ഏറെ നാളായി മല്ലിടുകയാണെന്നും ഇത് തൻ്റെ ശരീരത്തെ തളർത്തുകയും മാനസിക സംഘർഷം ഉണ്ടാക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. ഈ വെല്ലുവിളികൾക്കിടയിലും മാസങ്ങളോളം താൻ നിശ്ശബ്ദമായി ജോലി തുടർന്നുവെന്നും യുവതി പറയുന്നു. ഒടുവിൽ സഹായത്തിനായി മാനേജർമാരെ സമീപിക്കുകയായിരുന്നു.

ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ ഫലപ്രദമാകാനും ആരോഗ്യം വീണ്ടെടുക്കാനും ഏകദേശം ഒരു മാസത്തേക്ക് ജോലിഭാരം താൽക്കാലികമായി കുറച്ചുതരണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. എന്നാൽ, തനിക്ക് പിന്തുണ നൽകുന്നതിന് പകരം, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വാക്കാൽ അറിയിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

“എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല, കുറച്ച് സമയം ആവശ്യമാണെന്നും അതിനുള്ള പിന്തുണ വേണമെന്നുമാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനുപകരം അവർ എന്നെ വലിച്ചെറിഞ്ഞു" വികാരാധീനയായിക്കൊണ്ട് യുവതി വീഡിയോയിൽ പറഞ്ഞു.

തൻ്റെ കമ്പനിയുടെ പേര് യുവതി വെളിപ്പെടുത്തിയില്ല. ഈ സംഭവം ഓൺലൈനിൽ വലിയ ശ്രദ്ധ നേടുകയും ജോലിസ്ഥലത്തെ സഹാനുഭൂതിയെക്കുറിച്ചും വിട്ടുമാറാത്ത അസുഖങ്ങളുള്ള ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഇത് വഴിതെളിയിക്കുകയും ചെയ്തു.

യുവതിയോട് തൊഴിലുടമ കാണിച്ച സഹാനുഭൂതിയില്ലായ്മയിൽ പലരും രോഷം പ്രകടിപ്പിച്ചു, അതേസമയം ഒരു ആരോഗ്യപ്രശ്നത്തിൻ്റെ പേരിൽ മാത്രം ഒരു ജീവനക്കാരനെ പിരിച്ചുവിടുന്നത് പല രാജ്യങ്ങളിലെയും തൊഴിൽ നിയമങ്ങൾ പ്രകാരം വിവേചനപരമായി കണക്കാക്കാമെന്ന് ചൂണ്ടിക്കാട്ടി ചിലർ നിയമനടപടികൾ തേടാൻ യുവതിയോട് ആവശ്യപ്പെട്ടു. ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ള തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള മെച്ചപ്പെട്ട നയങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്.