അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയ്ക്കടുത്തുള്ള ബേ ഏരിയ സ്വദേശിയായ ഒരു പതിനാലുകാരി വളരെ പെട്ടെന്ന് മാധ്യമങ്ങളുടെ, പ്രത്യേകിച്ച്‌ സൈബർ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. അത്ര നല്ല കാരണങ്ങളുടെ പേരിൽ അല്ലെന്നുമാത്രം. ചാദർ എന്നറിയപ്പെടുന്ന, മുഖം മാത്രം വെളിപ്പെടുത്തുന്ന ഒരു ഇസ്‌ലാമിക വസ്ത്രമാണ് ഈ കുട്ടി, 'സോഫ് ' എന്നൊരു ഹാൻഡിലിൽ നിന്നുള്ള  തന്റെ യൂട്യൂബ് വീഡിയോകളിൽ ധരിച്ചുകാണുന്നത്. 

ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നവരുടെ ചേതോവികാരങ്ങളെ മുറിപ്പെടുത്തും വിധത്തിലാണ് വീഡിയോ

വളരെ അപകടകരമായ ഒരു പ്രവൃത്തിയിലാണ് ഈ കുട്ടി ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നവരുടെ ചേതോവികാരങ്ങളെ മുറിപ്പെടുത്തും വിധത്തിൽ ആ മതത്തെയും അവരുടെ പ്രവാചകനെയും പ്രവാചകചര്യകളെയും അപഹസിച്ചുകൊണ്ടാണ് ഈ കുട്ടിയുടെ യൂട്യൂബ് പ്രസംഗങ്ങൾ. അതിനാകട്ടെ അനുദിനം ജനപ്രീതിയും വർധിച്ചുവരികയായിരുന്നു. ഒടുവിൽ പരാതികളെത്തുടർന്ന് യൂട്യൂബ് ഈ പെൺകുട്ടിയുടെ വീഡിയോ പിൻവലിക്കുമ്പോഴേക്കും എട്ടുലക്ഷത്തിൽ പരം ഫോളോവേഴ്സ് ആയിക്കഴിഞ്ഞിരുന്നു ഇവർക്ക്. 

യൂട്യൂബ് എന്ന പ്ലാറ്റ്‌ഫോം പ്രായത്തിനു നിരക്കാത്ത വീഡിയോകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിട്ടുകൊണ്ട് അവർക്ക് ചെയ്യുന്ന ദോഷങ്ങളെപ്പറ്റി എത്രയോ കാലമായി  യൂട്യൂബിന്റെ തന്നെ ഉപഭോക്താക്കൾ ചർച്ച ചെയ്തുപോരുന്നു. തങ്ങളുടെ റിപ്പോർട്ടിങ്, സെൻസറിങ്ങ് സംവിധാനങ്ങൾ അനുദിനം മെച്ചപ്പെടുത്തുകയാണ് എന്നും ഇത്തരത്തിലുള്ള അപഭ്രംശങ്ങൾ തത്സമയം കണ്ടുപിടിച്ച് തങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമായിരുന്നു യൂട്യൂബ് അധികാരികളുടെ അവകാശവാദം. സെൻസറിങ്ങിന്റെ സൂം സെൻസുകൾക്ക് കണ്ടുപിടിക്കാൻ ഏറെ പ്രയാസമുള്ള മറ്റൊരു അപകടത്തിലേക്കാണ് യൂട്യൂബ് കുട്ടികളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് എന്നാണ് 'സോഫി'ന്റെ ഈ വീഡിയോ തെളിയിക്കുന്നത്. ഈ പെൺകുട്ടി ഏറെ ആവേശപൂർവം നടത്തുന്ന പ്രസംഗത്തിന്റെ അനന്തര ഫലങ്ങളെപ്പറ്റി അവൾക്ക് ഒട്ടും അറിവില്ല. തന്റെ ജീവൻ തന്നെയാണ് ഒരർത്ഥത്തിൽ അവൾ അപകടത്തിലാക്കുന്നത്. സമൂഹമധ്യത്തിൽ എന്തൊക്കെ പറയാം പറഞ്ഞുകൂടാ എന്നൊക്കെയുള്ള വിവേചനബുദ്ധി ഉറയ്ക്കും മുമ്പേ കുട്ടികളെ കയ്യിലൊരു മൈക്കും കൊടുത്ത് സൈബർ സ്‌പേസ് എന്ന വമ്പൻ ആൾക്കൂട്ടത്തിന്റെ നടുവിലേക്ക് കയറ്റിവിടുകയാണ് യുട്യൂബ് ചെയ്യുന്നത്. 

ഈ തിരക്കഥാ രചനയിൽ പേരുവെളിപ്പെടുത്താൻ സോഫ് ആഗ്രഹിക്കാത്ത രണ്ടാമതൊരാൾ കൂടി ഉണ്ടത്രേ

തങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് തീരുന്നില്ല കാര്യങ്ങൾ. ആ വീഡിയോ ഉപയോഗിച്ച് മുതലെടുപ്പ് നടത്തണം എന്നുദ്ദേശ്യമുള്ളവർ അതൊക്കെ എപ്പോഴേ ഡൌൺലോഡ് ചെയ്തുകഴിഞ്ഞിരിക്കും. അവർ അത് പരശ്ശതം വ്യക്തിഗത പോർട്ടലുകളിൽ അപ്‌ലോഡും ചെയ്തിട്ടുണ്ടാവും. പിന്നെ നിങ്ങൾ എന്തുതന്നെ ചെയ്താലും ഈ സൈബർ ലോകത്ത് ഏതെങ്കിലുമൊക്കെ വെബ്‌സൈറ്റുകളിൽ, ചാറ്റ് ഗ്രൂപ്പുകളിൽ, ഫേസ്ബുക് വാളുകളിൽ ഒക്കെ കിടന്നു കറങ്ങുന്നുണ്ടാവും നിങ്ങളുടെ ആ വീഡിയോ. നിങ്ങൾ തെറ്റെന്നു തിരിച്ചറിഞ്ഞ, ഇനി ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആ വീഡിയോ.

ഇസ്ലാമോഫോബിയ 
'സോഫ്' തന്റെ യൂട്യൂബ് വീഡിയോ ഹാൻഡിലിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ശുദ്ധമായ ഇസ്‌ലാമോഫോബിയയാണ്. അവളുടെ വാക്കുകളിൽ തികട്ടിവരുന്നത് വംശീയ വിദ്വേഷവും, ഭയപ്രചാരണവുമാണ്. ഇസ്ലാമിൽ നിന്നും ഈ ലോകം മുഴുവനുമുള്ള അന്യമതസ്ഥർക്ക് അടിയന്തിരമായ അപായ ഭീഷണിയുണ്ട് എന്നാണ് അവൾ തന്റെ 'മുൻകൂട്ടി എഴുതപ്പെട്ട' സ്ക്രിപ്റ്റിലൂടെ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഈ തിരക്കഥാ രചനയിൽ പേരുവെളിപ്പെടുത്താൻ സോഫ് ആഗ്രഹിക്കാത്ത രണ്ടാമതൊരാൾ കൂടി ഉണ്ടത്രേ. തനിക്ക് അധികാരം കിട്ടിയാൽ താൻ 'മുസ്ലിമിങ്ങൾക്കുള്ള ഹിറ്റ്‌ലർ ആവും' എന്നും 'എല്ലാറ്റിനെയും ഗ്യാസ് ചേംബറിൽ അടച്ച് കൊല്ലും' എന്നുമാണ് ഈ പെൺകുട്ടി പറയുന്നത്.  ഇതേ കാര്യങ്ങൾ മുതിർന്നവർ പറഞ്ഞു നമ്മൾ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് അതിശയം ഈ പെൺകുട്ടിയുടെ പ്രസംഗങ്ങളിലെ ഉള്ളടക്കത്തെക്കരുതിയല്ല. അത് പുറപ്പെടുന്നത് ബുദ്ധിയുറച്ചിട്ടില്ലാത്ത ഈ കുട്ടിയുടെ വായിൽ നിന്നാണല്ലോ എന്നതാണ്. സോഫിന്റെ വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്ന ആവേശവും, ആത്മവിശ്വാസവും ഒക്കെയുണ്ടെങ്കിലും, ആത്യന്തികമായി അവൾ പതിനാലുവയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയാണ്. അവൾ പ്രസംഗത്തിനിടെ പറയുന്ന പല മോശപ്പെട്ട വാക്കുകളും, മുമ്പ് പറഞ്ഞു ശീലിച്ചിട്ടില്ല എന്നത് വ്യക്തമാക്കും വിധം ഉച്ചാരണപ്പിശകോടെയാണ് അവളുടെ നാക്കിൽ നിന്നും പുറപ്പെടുന്നത്. 

പലകുട്ടികൾക്കും പ്രായത്തിൽ കവിഞ്ഞ ബൗദ്ധിക വളർച്ചയുണ്ടാവും. അത് അവരെ ഈ ലോകത്തെ അങ്ങ് വിലയിരുത്തിക്കളയാൻ ഒരു ത്വരയുണ്ടാക്കും. പണ്ടൊക്കെയാണെങ്കിൽ കുളക്കടവിലോ, കുളിമുറിയിലോ ഒക്കെ പ്രസംഗിച്ചു തീർക്കുമായിരുന്ന ഇത്തരം ബോധോദയങ്ങൾ ഇന്ന് തലച്ചോറിലെ കോശങ്ങളുടെ കോരിത്തരിപ്പ് മാറും മുമ്പേ നേരെ വീഡിയോ വഴി ലോകം മുഴുവൻ ലൈവ് സ്ട്രീം ചെയ്യപ്പെടുകയാണെന്നു മാത്രം. കുട്ടികളല്ലേ, അവർക്ക് ചിലപ്പോൾ കാര്യങ്ങളുടെ ഗൗരവം പിടികിട്ടുന്നത്, ലോകപരിചയമുള്ള മുതിർന്നവർ പറഞ്ഞുമനസ്സിലാക്കുമ്പോഴായിരിക്കും. പണ്ടായിരുനെങ്കിൽ കുഴപ്പമില്ലായിരുന്നു. കടവിലും, കുളിമുറിയിലും പറഞ്ഞതിനൊന്നും രേഖകളില്ല. എന്നാൽ, യൂട്യൂബ് പോലെ ഒരു മാധ്യമത്തിലേക്ക് നിങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഓരോ വാക്കും, ദൃശ്യവും നിങ്ങൾക്ക് ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം, മായ്ചുകളയാനാവാത്ത വിധം, നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. അതാണ് സാങ്കേതികവിദ്യയുടെ അനുഗ്രഹവും ശാപവും.

തന്റെ ഒമ്പതാമത്തെ വയസ്സിൽ LtCorbis എന്ന പേരിൽ ഒരു ഗെയിം സ്ട്രീമർ ആയിട്ടാണ് സോഫിന്റെ രംഗപ്രവേശം

പതിവിൽ കവിഞ്ഞ ധിഷണയുള്ള സോഫ് തന്റെ യൂട്യൂബ് സ്ട്രീമിങ് അദ്ധ്യായം തുടങ്ങുന്നതേ ഇങ്ങനെ വിദ്വേഷരാഷ്ട്രീയത്തിന്റെ ഇവാഞ്ചലിസ്റ്റായിട്ടല്ല. തന്റെ ഒമ്പതാമത്തെ വയസ്സിൽ LtCorbis എന്ന പേരിൽ ഒരു ഗെയിം സ്ട്രീമർ ആയിട്ടാണ് സോഫിന്റെ രംഗപ്രവേശം. വളരെ പെട്ടെന്നുതന്നെ യൂട്യൂബ് സർക്കിളുകളിൽ അവൾ അതിപ്രശസ്തയായി. പൈറോസിനിക്കലും കീംസ്റ്ററും അടക്കമുള്ള യൂട്യൂബ് സെലിബ്രിറ്റികൾ അവളെ പ്രൊമോട്ടുചെയ്തു അന്ന്. ഈ മിടുക്കിയായ പതിനൊന്നുകാരി യൂട്യൂബിന്റെ ഭാവിതാരമാണ് എന്ന് ഒരു ഓൺലൈൻ പോർട്ടൽ അവളെപ്പറ്റി ലേഖനം വരെ എഴുതി മൂന്നുകൊല്ലം മുമ്പ്. അതിനിടയിലുള്ള വീഡിയോകളിൽ തന്നെ അലട്ടുന്ന, ക്‌ളാസിൽ പോവാൻ പറ്റാത്തവിധം വീട്ടിൽ  തളച്ചിട്ട രോഗപീഡയെപ്പറ്റിയും പറഞ്ഞുപോവുന്നുണ്ട് സോഫ്. സ്‌കൂളിലെ സാഹചര്യങ്ങളിൽ അത്ര തൃപ്തയല്ല എന്നും വീഡിയോകളിൽ നിന്നും വ്യക്തം. 

യൂട്യൂബും കുട്ടികളും. എന്നും പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു കോമ്പിനേഷനാണ് അത്. ലൈംഗികപീഡനങ്ങൾ മുതൽ, പോർണോഗ്രഫി വരെയുള്ള കുട്ടികൾക്ക് കാണാൻ യോഗ്യമല്ലാത്ത നിരവധി വീഡിയോകൾ ഇപ്പോഴും യുട്യൂബ് എന്ന പ്ലാറ്റ് ഫോമിൽ നിലനില്കുന്നുണ്ട്. അത് കുട്ടികളുടെ ജീവനെ നേരിട്ട് അപകടത്തിൽ പെടുത്തും വിധമുള്ള സോഫിന്റേതു പോലുള്ള മതവിദ്വേഷപ്രകടനങ്ങളാവുമ്പോൾ അതിനെയൊക്കെ നിയന്ത്രിക്കാൻ അതാത് പ്രദേശങ്ങളിലെ ഗവൺമെന്റുകൾ ഇടപെടേണ്ടത് അത്യാവശ്യമാണ്.