കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതെ അച്ഛനുമമ്മയും അവനെ ഘാനയിലെ സ്കൂളില്‍ ചേര്‍ത്തെന്നും ഇത് അവനെ വൈകാരികമായും സാമൂഹികമായും ഒറ്റപ്പെടുത്തിയെന്ന് കുട്ടിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

ന്‍റെ ഇഷ്ടം നോക്കാതെ തന്നെ ഘാനയിലെ സ്കൂളില്‍ ചേര്‍ത്തതിനെതിരെ 14 - കാരന്‍ അച്ഛനുമമ്മയ്ക്കുമെതിരെ യുകെയിലെ കോടതയില്‍ നടത്തിയ കേസില്‍ ഒടുവില്‍ വിജയം. കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ അവകാശത്തെ നിർബന്ധപൂര്‍വ്വം ഹനിക്കാന്‍ ശ്രമിച്ചെന്ന് കോടതി വിലയിരുത്തി. രോഗിയായ ഒരു ബന്ധുവിനെ സന്ദർശിക്കാനെന്ന വ്യാജേന അച്ഛനുമമ്മയും തന്നെ കബളിപ്പിച്ച് ഘാനയിലേക്ക് കൊണ്ട് പോയി. അവിടെ എത്തിയതോടെ തന്നെ ഒരു ബോർഡിംഗ് സ്കൂളില്‍ ചേര്‍ത്തെന്നും കോടതിയെ അറിയിച്ച 14 - കാരന്‍, ബോര്‍ഡിംഗ് സ്കൂളിനെ വിശേഷിപ്പിച്ചത് 'നരകം' എന്നായിരുന്നു. തന്‍റെ ലണ്ടനിലേക്കുള്ള മടക്കം ഈ വിദ്യാഭ്യാസ സ്ഥാപനം തടഞ്ഞെന്നും 14 -കാരന്‍ കോടിയെ അറിയിച്ചു.

ലോകത്തെല്ലായിടത്തും കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങളെല്ലാം എടുക്കുന്നത് അച്ഛനമ്മമാരാണ്. കുട്ടികൾക്ക് തീരുമാനം എടുക്കാനുള്ള പക്വതയില്ലാത്തതാണ് ഇതിന് ഒഴികഴിവായി പറയുന്നത്. ഇങ്ങനെ അച്ഛനമ്മമാര്‍ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് കുട്ടികളെന്നൊരു ധാരണയുണ്ട്. എന്നാല്‍, ആ പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി അച്ഛനമ്മമാരുടെ തീരുമാനത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരു മകന്‍ കോടതയില്‍ കേസ് നടത്തി വിജയിച്ചിരിക്കുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ ജീവിക്കുന്ന കുട്ടികൾക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം.

എന്നാല്‍, 14 -കാരന്‍റെ കേസ് അത്ര സുഖമമുള്ള ഒന്നായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2024 മാർച്ച് മാസത്തിലാണ് കുട്ടിയെ അച്ഛനമ്മമാര്‍ ഘാനയില്‍ എത്തിച്ചത്. 2025 ഫെബ്രുവരിയില്‍ കുട്ടി അഭിഭാഷകരുമായി ബന്ധപ്പെട്ട് അച്ഛനുമമ്മയ്ക്കും എതിരെ കേസ് നല്‍കി. കേസിന്‍റെ തുടക്കത്തില്‍ കുട്ടിയുടെ ഏറ്റവും നല്ല ഭാവിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന അച്ഛനമ്മമാരുടെ വാദത്തെ ലണ്ടൻ ഹൈക്കോടതി അംഗീകരിച്ചു. തങ്ങളുടെ മകൻ ലണ്ടനിലെ പ്രാദേശിക ഗുണ്ടാ സംസ്കാരത്തിൽ ആഴത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും 'കത്തി'കളോട് അവന് പ്രത്യേക ആസക്തിയുണ്ടെന്നും ഇത് അപകടകരമായ ഒരു പാതയിലേക്ക് അവനെ കൊണ്ടെത്തിക്കുമെന്നും അവർ വാദിച്ചു. മകനെ ഘാനയിലേക്ക് അയക്കുക എന്നത് ഏറ്റവും നിരാശയുള്ള ഒന്നായിരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങളുടെ പിടിയില്‍ നിന്നും അവന്‍റെ ഭാവി സംരക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

അച്ഛനമ്മമാരുടെ പ്രവര്‍ത്തി കാരണം ഉപേക്ഷിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും തനിക്ക് തോന്നിയതായി കുട്ടി കോടതിയില്‍ വാദിച്ചു. പുതിയ സ്കൂളിലെ ഭാഷ പോലും മനസ്സിലാകുന്നില്ല, പഠനപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. നിരന്തരം ഭീഷണിയിലാണ്. 'ഞാൻ നരകത്തിൽ ജീവിക്കുന്നത് പോലെ തോന്നി,' എന്നായിരുന്നു തന്‍റെ ഘാനയിലെ സ്കൂൾ ദിനങ്ങളെ കുറിച്ച് 14 -കാരന്‍ കോടതിയില്‍ പറഞ്ഞത്. അച്ഛനുമമ്മയും തന്നെ കൈവിട്ടത് പോലെയാണ് തനിക്ക് തോന്നിയതെന്നും കുട്ടി കൂട്ടിച്ചേർത്തു. 

ഘാനയില്‍ നിന്നും കുട്ടി യുകെയിലെ നിയമസഹായ പ്രതിനിധികളെ ബന്ധപ്പെടുകയും അച്ഛനുമമ്മയ്ക്കുമെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് ഫയൽ ചെയ്യുകയുമായിരുന്നു. കുട്ടിയെ വൈകാരികമായ ഉപേക്ഷിച്ച അച്ഛനുമമ്മയും അവനെ സാംസ്കാരികമായി മാറ്റി നിര്‍ത്തി. അവന്‍റെ സമ്മതമില്ലാതെ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലേക്ക് അവനെ തള്ളിവിട്ടെന്നും കുട്ടിയുടെ അഭിഭാഷകർ കോടതിയില്‍ വാദിച്ചു. ഇതോടെ അപ്പീല്‍ കോടതി ലണ്ടന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കി കുട്ടിക്ക് അനുകൂലമായി വിധിച്ചു. തന്‍റെ തീരുമാനങ്ങൾ തെരഞ്ഞെടുക്കാനും അതിന് അനുസരിച്ച് മുന്നോട്ട് പോകാനുമുള്ള കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അപ്പീൽ ജഡ്ജിമാർ കണ്ടെത്തി. ഈ വിധിയെ കുട്ടികളുടെ അവകാശ പ്രവർത്തകർ ഒരു നാഴികക്കല്ലായി ചൂണ്ടിക്കാട്ടുന്നു. അച്ഛനമ്മമാരുടെ നല്ല ഉദ്ദേശ്യത്തോടെയുള്ള തീരുമാനങ്ങൾക്ക് കുട്ടിയുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് വിധി ഉറപ്പിക്കുന്നുവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ കുട്ടി ഘാനയില്‍ തന്നെയാണ്. എന്നാല്‍ പുതിയ കോടതി വിധിയോടെ അവന് ലണ്ടനിലേക്ക് മടങ്ങാം.