140 വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്ന് പോയതായിരുന്നു ആ ബ്രിട്ടീഷ് കപ്പല്‍. പക്ഷേ. പാതി വഴിയില്‍ ‍ജർമ്മന്‍ കപ്പലുമായി കൂട്ടിയിടിച്ച് തകർന്നു.

ർത്തമാന കാലത്ത് കപ്പല്‍ അപകടങ്ങൾ കുറവാണ്. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച കപ്പല്‍ ഗതാഗതത്തെ വലിയ തോതില്‍ സഹായിക്കുന്നു. എന്നാല്‍, പഴയ കാലത്ത് അതല്ല അവസ്ഥ. തുറമുറത്ത് നിന്നും 10 കപ്പലുകൾ പുറപ്പെട്ടാല്‍ നാലോ അഞ്ചോ കപ്പല്‍ തിരിച്ചെത്തിയാലായി. കൊടുങ്കാറ്റും പേമാരിയും പോലുള്ള പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടും കപ്പല്‍ തൊഴിലാളികളിൽ പിടിപെടുന്ന രോഗങ്ങളാലും കപ്പലുകൾ തീരത്ത് അണയുന്നത് അന്ന് താരതമ്യേന കുറവാണ്. മിക്കവന്‍ കരയുടെ തീരങ്ങളിലും പുരാതനമായ ആയിരക്കണക്കിന് കപ്പലുകൾ തകർന്ന് കിടപ്പുണ്ട്. എന്നാല്‍ എവിടെയൊക്കെ എത്ര കപ്പലുകളാണ് തകർന്നത് എന്നതിന് യാതൊരു രേഖയും ഇല്ല. സമുദ്രാന്തര്‍ പരിശോധനകളിലൂടെ നിധി വേട്ടക്കാരാണ് പലപ്പോഴും ഇത്തരം കപ്പലുകൾ കണ്ടെത്താറ്. യൂറോപ്യന്‍ തീരത്ത് നിന്നും സ്വര്‍ണ്ണവും വെള്ളിയും അടങ്ങിയ കപ്പൽച്ചേതങ്ങൾ കണ്ടെത്തിയിട്ടുള്ളത് നേരത്തെയും വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് വലിയൊരു പാളി ഇരുമ്പില്‍ നിന്നും 140 വര്‍ഷം പഴക്കമുള്ള ഒരു ബ്രിട്ടീഷ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയത്.

1888 ല്‍ ഒരു ജർമ്മന്‍ കപ്പലുമായി കൂട്ടിയിടിച്ചാണ് ബ്രിട്ടന്‍റെ എസ് എസ് നന്‍റെസ് എന്ന കപ്പല്‍ മുങ്ങിയത്. ഇംഗ്ലണ്ടിലെ ലൂവര്‍പൂളില്‍ നിന്നും ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടന്ന് ഫ്രാന്‍സിലെ ലേ ഹാവ്റെയിലേക്ക് കല്‍ക്കരിയുമായി പോവുകയായിരുന്നു കപ്പല്‍. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി തിയോഡോർ റോജർ എന്ന ജർമ്മന്‍ കപ്പലുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലൈഫ് ബോട്ടുകൾ ഒഴുകിപ്പോയി. കപ്പലിലെ തൊഴിലാളികൾക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കുറച്ച് മണിക്കൂറുകൾ കടലില്‍ നിന്ന ശേഷം കപ്പല്‍ കടലിലേക്ക് താഴ്ന്നുപോയി. 23 പേരുണ്ടായിരുന്ന കപ്പല്‍ത്തൊഴിലാളികളില്‍ 3 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ക്യുനാർഡ് സ്റ്റെംഷിപ്പ് കമ്പനി 1874 -ലാണ് എസ് എസ് നന്‍റെസ് പണിത് നീറ്റിലിറക്കിയത്. അപകടത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് ചില മൃതദേഹങ്ങൾ കോണ്‍വാൾ തീരത്ത് അടിഞ്ഞു. മുങ്ങിയ കപ്പലിനെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അഭാവത്താല്‍ കപ്പലിനെ തപ്പെയെടുക്കാന്‍ ആരും തുനിഞ്ഞില്ല. പിന്നാലെ കപ്പല്‍ ചരിത്രത്തില്‍ നിന്നും മുങ്ങിപ്പോയി. പക്ഷേ, കാലം ഒരു അവസരത്തിനായി കാത്ത് നിന്നു.

2024 -ൽ മുന്‍ മിലിറ്ററി ഓഫീസറും 35 വര്‍ഷത്തെ പരിചയ സമ്പന്നനായ മുങ്ങല്‍ വിദഗ്ധനുമായ ഡൊമനിക്ക് റോബിന്‍സണ്‍ കപ്പല്‍ച്ചേതം തപ്പി കണ്ടെത്തി. കപ്പല്‍ച്ചേതത്തില്‍ തകർന്ന് പോയ ഒരു കഷ്ണത്തിലുണ്ടായിരുന്ന ക്യുനാർഡ് സ്റ്റെംഷിപ്പ് കമ്പനിയുടെ ലോഗോ അദ്ദേഹം കണ്ടെത്തി. സൂക്ഷ്മമായ പരിശോധനയില്‍ അത് എസ് എസ് നന്‍റെസിന്‍റെതാണെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ 140 വര്‍ഷമായി അജ്ഞാതമായിരുന്ന എസ് എസ് നന്‍റെസ് വീണ്ടും വാര്‍ത്താ പ്രാധാന്യം നേടി. കണ്ടെത്തിയ കപ്പലിന്‍റെ സൈസ്, സാങ്കേതികത, രൂപം തുടങ്ങി പണ്ട് രേഖപ്പെടുത്തിയിരുന്ന വിവരങ്ങളെല്ലാമായി കണ്ടെത്തിയ കപ്പലുമായ ഒത്ത് പോകുന്നെന്ന് ഡൊമനിക്ക് അവകാശപ്പെട്ടു. 240 അടിയാണ് കപ്പലിന്‍റെ നീളം. 19 -ാം നൂറ്റാണ്ടിലെ രേഖകളുമായി കപ്പല്‍ ഒത്ത് പോകുന്നു. ഇതോടെ ബ്രിട്ടന്‍റെ സമുദ്രാന്തര്‍ രഹസ്യങ്ങളിലൊന്ന് കൂടി വെളിപ്പെട്ടു. കണ്ടെത്തല്‍ സമുദ്ര പുരാവസ്തു ശാസ്ത്രത്തിനും വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു.