24 ഗ്രാമി അവാര്‍ഡുകളാണ് കാന്യ വെസ്റ്റിന്‍റെ പേരിലുള്ളത്. 2024 ല്‍ ആരാധകര്‍ അദ്ദേഹത്തോട് യേ എന്ന പേര് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

പേര് മാറ്റുന്നത് ഒരു ഹരമായി എടുത്തിരിക്കുകയാണ് മുമ്പ് കാന്യ വെസ്റ്റ് എന്ന് പേരിൽ അറിയപ്പെട്ടിരുന്ന 'റാപ്പർ യേ'. കാരണം ഇപ്പോൾ അദ്ദേഹം തൻറെ പേര് യേ എന്നത് വീണ്ടും മാറ്റി 'യേ യേ' എന്നാക്കി മാറ്റിയതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ യേയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ഹുസൈൻ ലലാനി പേര് മാറ്റാനുള്ള രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

മുൻപ് ഔദ്യോഗിക രേഖകളിൽ ഇദ്ദേഹത്തിന്‍റെ പേര് "യെ വെസ്റ്റ്" എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ യീസി അപ്പാരൽ, യീസി റെക്കോർഡ് ലേബൽ, എൽഎൽസി, ഗെറ്റിംഗ് ഔട്ട് ഔർ ഡ്രീംസ് ഇൻകോർപ്പറേറ്റഡ് എന്നിവയുൾപ്പെടെ യേ യുടെ വിവിധങ്ങളായ ബിസിനസ് സംരംഭങ്ങളിൽ അദ്ദേഹത്തിന്‍റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് "യെ യെ" എന്നാണ്. അതേസമയം തന്‍റെ പുതിയ പേരുമാറ്റത്തെക്കുറിച്ച് ഇതുവരെയും അദ്ദേഹം ഔദ്യോഗികമായി പ്രസ്താവനകൾ ഇറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

YouTube video player

കാന്യ വെസ്റ്റ് തന്‍റെ ആദ്യത്തെ പേരുമാറ്റം എക്സ് അക്കൗണ്ടിലൂടെ ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരുന്നു. അന്ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. "എന്‍റെ പേര് യെ എന്നായതിനാൽ ഞാൻ @kanyewest ട്വിറ്റർ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണ്. ഒരു യേ അക്കൗണ്ട് തുടങ്ങാൻ പോകുന്നു."

2018 -ലാണ് കാന്യ വെസ്റ്റ്, താൻ യേ ( ye) എന്ന പേര് സ്വീകരിച്ചെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ, യേ എന്ന് പേരിൽ ഒരു ആൽബവും അദ്ദേഹം പുറത്തിറക്കിയിരുന്നു. എന്നാൽ, നിയമപരമായുള്ള പേരുമാറ്റൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 2021 -ലാണ്. 2024 -ൽ അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മിലോ യിയാനോപൗലോസ്, മാധ്യമങ്ങളും സംഗീത ലോകവും യേ എന്ന പേര് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു കത്ത് പുറത്തിറക്കിയിരുന്നു. ഹിപ്-ഹോപ്പിലും റാപ്പിലും ഏറെ ആരാധകരുള്ളയാളാണ് കാന്യ വെസ്റ്റ്. 24 ഗ്രാമി അവാർഡുകൾക്കൊപ്പം, റാപ്പിന്‍റെ ലോകത്തിലെ ഏറ്റവും സർഗ്ഗാത്മകവും സ്വാധീനമുള്ളതുമായ വ്യക്തികളിൽ ഒരാളായി യേ യേ അറിയപ്പെടുന്നു.