Asianet News Malayalam

ആറ് സ്‍കൂൾ കുട്ടികളുടെ സാഹസികയാത്ര, ബോട്ട് തകർന്ന് ആരുമില്ലാ ദ്വീപിൽ ഒന്നരക്കൊല്ലം, അവിടെ നടന്നത്...

അടുത്ത ഘട്ടം ഒരു കുഞ്ഞ് വീടുണ്ടാക്കുക എന്നതായിരുന്നു. ഓലമെടയുന്നത് എങ്ങനെയാണ് എന്ന് അറിയാവുന്ന കൂട്ടത്തിലെ ഒരേയൊരാള്‍ ഞാനായിരുന്നു. അത് മെടഞ്ഞാണ് ഞങ്ങള്‍ വീടുണ്ടാക്കിയത്. പിന്നീട്, ഞങ്ങള്‍ വീടിന്‍റെ ഉള്‍ഭാഗം വിവിധ ഭാഗങ്ങളാക്കി തിരിച്ചു. 

15 months in a remote island
Author
Tonga, First Published Mar 31, 2021, 12:03 PM IST
  • Facebook
  • Twitter
  • Whatsapp

1966 -ലാണ്, പീറ്റര്‍ വാര്‍ണര്‍ എന്ന് പേരായ ഒരു ഓസ്ട്രേലിയന്‍ സാഹസികയാത്രികന്‍ ആ വിജനമായ ദ്വീപിന്റെ തീരത്ത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കാണുന്നു. മുടിയൊക്കെ നീണ്ടുവളർന്ന, ന​ഗ്നരായ ആറ് ആൺകുട്ടികൾ കരയിൽ നിൽക്കുകയാണ്. ടോംഗന്‍ ദ്വീപായ അറ്റയില്‍ വച്ചാണ് വാര്‍ണര്‍ ഇവരെ കണ്ടെത്തുന്നത്. എന്നാല്‍, അയാളെ ഞെട്ടിച്ച കാര്യം ഇതൊന്നുമായിരുന്നില്ല. 15 മാസങ്ങൾക്ക് മുമ്പ് കാണാതായ സ്‍കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘമായിരുന്നു അത്. സ്‍കൂളിൽ നിന്നും കാണാതായ ആ കുട്ടികളെ കുറിച്ച് കഴിഞ്ഞ 15 മാസങ്ങളായി ഒരു വിവരവും ഇല്ലായിരുന്നു. 

അവര്‍ തന്നെ പറഞ്ഞതനുസരിച്ച്, മോഷ്‍ടിച്ചെടുത്ത ഒരു ബോട്ടുമായി സാഹസികയാത്രക്കിറങ്ങിയതായിരുന്നു സംഘം. എന്നാല്‍, കൊടുങ്കാറ്റില്‍ പെട്ട് ഇവരുടെ ബോട്ട് തകര്‍ന്നു. എട്ട് ദിവസത്തോളം കടലില്‍ അലഞ്ഞു തിരിയേണ്ടിവന്ന സംഘം ഒടുവില്‍, അറ്റ (Ata) എന്ന ദ്വീപിന്റെ തീരത്തെത്തുകയായിരുന്നു. ആരുമില്ലാതിരുന്ന അവിടെ അവര്‍ ഒരു കുടില്‍ നിര്‍മ്മിച്ചു. തീയുണ്ടാക്കി. മീന്‍, പഴം, പപ്പായ എന്നിവ കഴിച്ചാണ് 15 മാസവും ഇവര്‍ ജീവിച്ചത്. 

ആ സമയത്ത് ഇത് വലിയ വാര്‍ത്ത തന്നെയായി. സിഡ്‍നി ഫോട്ടോഗ്രാഫറായിരുന്ന ജോണ്‍ കാര്‍ണെമോല്ല ആ ആണ്‍കുട്ടികളെയും കൂട്ടി അവര്‍ താമസിച്ചിരുന്ന അതേ ദ്വീപിലേക്ക് പോവുകയും അവര്‍ എങ്ങനെയാണോ ജീവിച്ചിരുന്നത് അങ്ങനെ തന്നെയുള്ള ചിത്രങ്ങള്‍ അവരെ വച്ച് പകര്‍ത്തുകയുമുണ്ടായി. അവരുടെ കഥ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടി അന്ന്. എന്നാല്‍, എല്ലാ കഥകളെയും പോലെ അതും മറവിയിലേക്ക് ആണ്ടുപോയി. എന്നാല്‍, കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ അത് വീണ്ടും ചര്‍ച്ചയായി. എഴുത്തുകാരനായ റട്ട്ഗര്‍ ബ്രെഗ്‍മാനാണ് അത് വീണ്ടും ചെത്തിമിനുക്കി എടുത്തത്. 

ഇപ്പോഴും അന്നത്തെ ആ ആണ്‍കുട്ടികളുടെ സംഘത്തില്‍ ആരും തന്നെ അന്നത്തെ ആ പരീക്ഷണദിവസങ്ങളെ കുറിച്ച് മുഴുവനായും അഭിമുഖങ്ങള്‍ ഒന്നും തന്നെ നല്‍കുകയുണ്ടായില്ല. എന്നാല്‍, ഇവിടെ 74 -കാരനായ മനോ എന്ന് വിളിക്കുന്ന ഫിലിപ് ടോട്ടൗ ആ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ആ അനുഭവം വൈസില്‍ പ്രസിദ്ധീകരിച്ചു. അതില്‍ നിന്നും ചെറിയ ഒരു ഭാഗം വായിക്കാം. (കടപ്പാട്: വൈസ്, സ്വതന്ത്ര പരിഭാഷ).

 

ടോംഗയിലെ ഒരു കുഞ്ഞുദ്വീപിലാണ് ഞാന്‍ ജനിച്ചത്. അതൊരു കുഞ്ഞുസ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ ആവേശത്തോടെ നോക്കിക്കൊണ്ടിരുന്നത് ഫിജിയെയും ന്യൂസിലാന്‍ഡിനെയും ഓസ്ട്രേലിയയെും ഒക്കെ ആയിരുന്നു. അവയൊക്കെ വളരെ ദൂരെയുള്ളതും വലുതുമായ ഇടങ്ങളായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ചിന്തിക്കും ഈ കുഞ്ഞുദ്വീപില്‍ നിന്നും എന്നാണ് ഞാനൊന്ന് പുറത്ത് കടക്കുക? പുറത്തെ വലിയ ലോകത്തെ കാണുക എന്നുള്ളതായിരുന്നു അക്കാലത്തെ എന്‍റെ വലിയ ആഗ്രഹം. 

ഒരുദിവസം, സ്‍കൂളിലെ ഒരു സുഹൃത്താണ് എന്നോട് അക്കാര്യം പറയുന്നത്. 'ഞങ്ങള്‍ ഫിജിയിലേക്ക് പോവുകയാണ്. നീ വരുന്നോ?' ഫിജിയിലേക്ക് പോവുന്നതിനായി ബോട്ട് മോഷ്‍ടിക്കുന്നതിനെ കുറിച്ച് കൂടി അവന്‍ പറഞ്ഞു. അതോടെ, 'ഞാനും എന്തായാലും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അന്ന് വൈകുന്നേരം സ്‍കൂള്‍ വിട്ട ശേഷം ഞങ്ങള്‍ ബീച്ചിലൂടെ നടന്നു. ബോട്ടുകള്‍ പരതി നോക്കി. എല്ലാദിവസവും ഒരേ സ്ഥലത്ത് ബോട്ട് കൊണ്ടുവയ്ക്കുന്ന ഒരാളുണ്ടായിരുന്നു. വൈകുന്നേരം ആറോ ഏഴോ മണിയാകുമ്പോള്‍ അയാള്‍ തന്‍റെ ബോട്ട് അവിടെക്കൊണ്ട് വയ്ക്കും. ബോട്ടും വച്ച് അയാള്‍ വീട്ടിലേക്ക് മടങ്ങിയ ഉടനെ ഞങ്ങളത് മോഷ്‍ടിച്ച് ഇറങ്ങി. 

പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള ആറ് പേരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ അച്ഛനും അതേപോലെ ഒരു ബോട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവന് ബോട്ട് നിയന്ത്രിച്ചും ഓടിച്ചും നല്ല പരിചയമുണ്ടായിരുന്നു. ഞങ്ങള്‍ ഹാര്‍ബറില്‍ നിന്നും യാത്ര തിരിച്ചു. മനോഹരമായ കാറ്റ് വീശുന്നുണ്ടായിരുന്നു. രാത്രിയായി, കരയില്‍ നിന്നുള്ള പ്രകാശം കാണാതായി. അപ്പോഴേക്കും കാറ്റിന്റെ ഭാവം മാറി. തിരമാലകള്‍ക്ക് ശക്തിയേറി. ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, ഞങ്ങളുടെ കപ്പല്‍ കാറ്റില്‍ തകര്‍ത്തെറിയപ്പെട്ടു. പിറ്റേദിവസമായി, ചെറിയ മഴയുണ്ടായിരുന്നു. തുഴയാനാവാതെ ഞങ്ങള്‍ നടുക്കലില്‍ പെട്ടുപോയി. ഞങ്ങള്‍ കുടിക്കാനായി ബോട്ടിലുണ്ടായിരുന്ന പാത്രങ്ങളില്‍ മഴവെള്ളം ശേഖരിച്ചു. പക്ഷേ, ഭക്ഷണമൊന്നും തന്നെ ഉണ്ടായിരുന്നില്ല കഴിക്കാന്‍. ഞങ്ങളില്‍ ചിലര്‍ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. പക്ഷേ, ഞങ്ങള്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മരിച്ചുപോകുമോ എന്ന് പേടിച്ചപ്പോഴും ഞങ്ങള്‍ പ്രതീക്ഷ കൈവിടാതിരിക്കാന്‍ ശ്രമിച്ചു. 

ഏഴ് ദിവസം കരകാണാതെ ഞങ്ങള്‍ കടലില്‍ അലഞ്ഞു. എട്ടാം ദിനം ഞങ്ങള്‍ അറ്റയുടെ തീരത്തെത്തി. രാവിലെ ഒമ്പത് മണി എങ്കിലും ആകുമ്പോഴാണ് വിദൂരത്തായി ഞങ്ങളാ ദ്വീപ് കാണുന്നത്. കാറ്റ് വീശുന്നുണ്ടായിരുന്നു. ആ കാറ്റ് ഞങ്ങളെ പതിയെ പതിയെ ആ ദ്വീപിന്‍റെ കരയിലേക്ക് അടുപ്പിച്ച് കൊണ്ടിരുന്നു. എങ്കിലും രാത്രി പതിനൊന്ന് മണിയായിട്ടും ഞങ്ങള്‍ക്ക് കര തൊടാനായില്ല. അതൊരു വോള്‍ക്കാനോ ദ്വീപായിരുന്നു. വളരെ ഉയരത്തിലും. പാതിരാത്രിയാണ് നമ്മളതിന് അടുത്തെത്തുന്നത്. ഞങ്ങള്‍ പ്രാര്‍ത്ഥന ചൊല്ലി. ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. 'അവിടെ എന്താണ് എങ്ങനെയാണ് എന്ന് ഞാന്‍ പോയി നോക്കിയിട്ട് വരാം. അതുവരെ ബോട്ടില്‍ നിന്നും പുറത്തിറങ്ങരുത്.' 

ഞാന്‍ ബോട്ടില്‍ നിന്നും എടുത്തുചാടി. തിരമാലയിലൂടെ നീന്തിത്തുടങ്ങി. കരയിലെത്തിയപ്പോഴേക്കും ആ ദ്വീപാകെ കറങ്ങുന്നതു പോലെ എനിക്ക് തോന്നി. സത്യത്തില്‍ ഞാനായിരുന്നു കറങ്ങിയിരുന്നത്. ഭക്ഷണവും വെള്ളവുമില്ലാത്ത എട്ട് ദിവസം കൊണ്ട് അത്രയേറെ അവശരായിരുന്നു ഞങ്ങള്‍. അവസാനം ഒരുവിധത്തില്‍ ശ്വാസം കിട്ടിയപ്പോള്‍ ഞാന്‍ മറ്റുള്ളവരെ വിളിച്ചു. 'ഹേയ്, ദാ ഞാനിവിടെ എത്തിയിരിക്കുന്നു, ഇങ്ങോട്ട് പോരൂ.'

അവരെല്ലാവരും തിരമാലയിലൂടെ നീന്തി ജീവനോടെ തന്നെ കരയിലെത്തി. ഞങ്ങള്‍ പരസ്‍പരം കെട്ടിപ്പിടിച്ചു, കരഞ്ഞു, പ്രാര്‍ത്ഥനകള്‍ ചൊല്ലി. ഞങ്ങളുറങ്ങിപ്പോയി, പിറ്റേന്ന് സൂര്യനുദിക്കും വരെ ഞങ്ങളുണര്‍ന്നില്ല. അവിടെ ആദ്യം ചെയ്യേണ്ട കാര്യം ദ്വീപിന്‍റെ മുകളിലെത്തിച്ചേരുക എന്നതായിരുന്നു. അങ്ങനെ ഞങ്ങൾ മുകളിലേക്ക് കയറിത്തുടങ്ങി, കയറുമ്പോൾ നനഞ്ഞുകിടക്കുന്ന ഒരു തടി കണ്ടു. ഞാൻ അത് എടുത്ത് വേർപ്പെടുത്തിയെടുത്തു, അൽപ്പം കടിച്ചു, എന്റെ കൈയ്യിൽ ഇട്ട് ഞെക്കി, എന്നിട്ട് വായിൽവച്ച് കുടിച്ചു തുടങ്ങി. എട്ട് ദിവസത്തിനുള്ളിൽ ഞാൻ കഴിച്ച ആദ്യത്തെ വെള്ളമായിരുന്നു അത്. മുകളിലെത്തിയപ്പോള്‍ ഞങ്ങള്‍ ചുറ്റുമുള്ള കുന്നുകളിലേക്ക് നോക്കി. ഞങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യമുള്ളവരായി. വരണ്ട ഭൂമിയിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി. കരകാണാതെ കടലിലഞ്ഞ് നടന്നതിനേക്കാള്‍ ആശ്വാസവും പ്രതീക്ഷയും ആ വരണ്ട ഭൂമി ഞങ്ങള്‍ക്ക് തന്നിരുന്നു. 

അവിടെ ഞങ്ങള്‍ തീയുണ്ടാക്കാന്‍ ശ്രമിച്ചു. വളരെയധികം ക്ഷീണിതരായിരുന്നിട്ടും ഞങ്ങള്‍ ഓരോദിവസവും തീയുണ്ടാക്കാനായി ശ്രമിച്ചുകൊണ്ടേയിരുന്നു. താഴെ കടലിലേക്കിറങ്ങി ഷെല്‍ഫിഷുകള്‍ക്ക് വേണ്ടി തിരയുകയും ചെയ്‍തുകൊണ്ടിരുന്നു. കുറച്ച് പപ്പായയും തേങ്ങയും ഞങ്ങളവിടെ കണ്ടെത്തി. അവസാനം കുറച്ച് മരക്കഷ്‍ണങ്ങളെടുത്ത് ഞങ്ങള്‍ നിര്‍ത്താതെ ഉരച്ചുകൊണ്ടിരുന്നു. ഒടുവിലത് സംഭവിച്ചു. തീയുണ്ടായി. മൂന്നുമാസമെടുത്തു ഞങ്ങള്‍ക്ക് അവിടെ തീയുണ്ടാക്കാന്‍. അതെ, മൂന്നുമാസമായിരുന്നു ഞങ്ങള്‍ ചൂടുള്ള എന്തങ്കിലും കഴിച്ചിട്ട്. 

അടുത്ത ഘട്ടം ഒരു കുഞ്ഞ് വീടുണ്ടാക്കുക എന്നതായിരുന്നു. ഓലമെടയുന്നത് എങ്ങനെയാണ് എന്ന് അറിയാവുന്ന കൂട്ടത്തിലെ ഒരേയൊരാള്‍ ഞാനായിരുന്നു. അത് മെടഞ്ഞാണ് ഞങ്ങള്‍ വീടുണ്ടാക്കിയത്. പിന്നീട്, ഞങ്ങള്‍ വീടിന്‍റെ ഉള്‍ഭാഗം വിവിധ ഭാഗങ്ങളാക്കി തിരിച്ചു. നടുവിലായി ഒരു ഫയര്‍പ്ലേസ് ഉണ്ടാക്കി. വാഴയിലകള്‍ മുറിച്ചെടുത്ത് കിടക്കയൊരുക്കി. പിന്നെ, എല്ലാം ക്രമമായി എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ഒരു പദ്ധതിയുണ്ടാക്കി. എങ്ങനെ തീ കെടാതെ സൂക്ഷിക്കാം, എങ്ങനെ പ്രാര്‍ത്ഥനകള്‍ ചൊല്ലാം, വാഴയും മറ്റും എങ്ങനെ ശ്രദ്ധിക്കാം എന്നതെല്ലാം ഞങ്ങള്‍ പ്ലാന്‍ ചെയ്‍തു തുടങ്ങി. ദീര്‍ഘകാലത്തേക്ക് അവിടെ ഞങ്ങള്‍ക്ക് കഴിയേണ്ടി വരും എന്ന മട്ടില്‍ തന്നെയായിരുന്നു പ്ലാനിങ്ങുകളെല്ലാം. 

എനിക്ക് ആ ദ്വീപ് അത്ര ഇഷ്‍ടമായിരുന്നില്ല. എങ്ങനെയെങ്കിലും തിരികെ പോയി വീട്ടുകാരെ കാണുക എന്നതായിരുന്നു എപ്പോഴും എന്‍റെ മനസില്‍. അതുകൊണ്ട് തന്നെ ഒരുമാസം കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ചങ്ങാടം ഉണ്ടാക്കിത്തുടങ്ങി. അതിനായി വലിയ മരങ്ങള്‍ മുറിക്കാനാരംഭിച്ചു. തീയുപയോഗിച്ച് അതിന്‍റെ കൊമ്പുകള്‍ വെട്ടിമാറ്റി. ഒടുവില്‍ ചങ്ങാടം തയ്യാറായി. അതുപയോഗിച്ച് കടലിലേക്കിറങ്ങി. എന്നാല്‍, വെറുതെ ആയിരുന്നു. അത് നീങ്ങിയില്ല. അതോടെ, ഇനിയൊരിക്കലും ആ ദ്വീപില്‍ നിന്നും പുറത്തേക്ക് പോകാനാവില്ല എന്ന് തന്നെ ഞങ്ങളുറപ്പിച്ചു. എത്രകാലമായി അവിടെ തുടരുന്നു എന്നതിനെ കുറിച്ച് ഞാന്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. പകരം എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷ വച്ചുപുലര്‍ത്തി. ഞങ്ങളവിടെയെത്തിയിട്ട് അപ്പോഴേക്കും 15 മാസങ്ങളായിരുന്നു. 

ഒടുവിലൊരു ദിവസം അത് സംഭവിച്ചു. ഒരു ബോട്ട് ദ്വീപിനടുത്തേക്ക് വരുന്നു. കൂട്ടത്തിലെ സ്റ്റീവന്‍ എന്ന് പേരായ കുട്ടിയാണ് ആദ്യം ആ ബോട്ട് കണ്ടത്. അവന്‍ നേരെ കടലിലേക്ക് എടുത്ത് ചാടി. ബോട്ടിനരികിലേക്ക് നീന്തി. അത് വാര്‍ണറുടെ ബോട്ടായിരുന്നു. ക്യാപ്റ്റനായ വാര്‍ണറിനോട് കൂട്ടത്തിലെ ഒരു പയ്യനാണ് പറയുന്നത് കരയില്‍ നിന്നും ഒരു മനുഷ്യശബ്‍ദം കേട്ടു എന്ന്. എന്നാല്‍, ആളൊഴിഞ്ഞ ദ്വീപില്‍ അങ്ങനെയൊരു സാധ്യത ഇല്ലെന്ന് കരുതിയ വര്‍ണര്‍ പറഞ്ഞത് അത് പക്ഷികളുടെ ശബ്‍ദമാണ് എന്നാണ്. എന്നാല്‍, അപ്പോഴാണ് അവര്‍ തങ്ങള്‍ക്ക് നേരെ നീന്തിയടുക്കാന്‍ ശ്രമിക്കുന്ന സ്റ്റീവനെ കണ്ടത്. അവര്‍ കരയിലേക്ക് നോക്കി, മുടി നീട്ടി വളര്‍ത്തിയ, നഗ്നരായ ഞങ്ങള്‍ അഞ്ച് ആണ്‍കുട്ടികള്‍ കരയില്‍ നിന്നിരുന്നു. 

എനിക്ക് അദ്ദേഹത്തെ കണ്ട സമയത്തുണ്ടായ വികാരം വിവരിക്കാനാവില്ല. അത്രയേറെ അത്ഭുതവും സന്തോഷവും ഞങ്ങളിലുണ്ടായിരുന്നു, ഒടുവിലിതാ തിരികെ ടോംഗയിലേക്ക് മടങ്ങുന്നു, വീട്ടുകാരെ കാണാന്‍ പോകുന്നു എന്ന ആഹ്ലാദം എന്നിൽ നുരഞ്ഞുപൊന്തി. തിരികെ വീട്ടിലെത്തിയപ്പോള്‍ മൂന്ന് ദിവസമാണ് ആഘോഷമുണ്ടായത്. ആദ്യത്തെ ആഘോഷം വീട്ടില്‍. രണ്ടാമത്തേത് പള്ളിയില്‍, മൂന്നാമത്തേത് ദ്വീപില്‍. 

ദ്വീപില്‍ കഴിഞ്ഞ ആ ദിവസങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അതെന്നെ ഒരുപാട് പാഠം പഠിപ്പിച്ചതായി എനിക്ക് മനസിലായി. സ്‍കൂളില്‍ നിന്നും കിട്ടിയ അറിവുകളെ വച്ച് നോക്കുമ്പോള്‍ അതിനേക്കാളും ഒരുപാട് പാഠങ്ങള്‍ ആ ജീവിതമെന്നെ പഠിപ്പിച്ചിട്ടുണ്ട്. എങ്ങനെ തന്നില്‍ത്തന്നെ വിശ്വസിക്കാം എന്ന് ആ ജീവിതമെന്നെ പഠിപ്പിച്ചു. ആ ജീവിതത്തില്‍ നിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്, നിങ്ങളാരാണ്, നിങ്ങളുടെ നിറമേതാണ്, നിങ്ങളേത് വംശത്തില്‍ പെട്ടതാണ് ഇതിലൊന്നും ഒരു കാര്യവുമില്ല. കാരണം, ശരിക്കും നിങ്ങളൊരു പ്രശ്‍നത്തില്‍ പെട്ടുപോയാല്‍, അവിടെ ഒറ്റക്കാര്യം മാത്രമാണ് പ്രധാനം അതിജീവനം. 

(ആദ്യചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios