എന്നാൽ, ഇപ്പോൾ ഈ വിചിത്ര ജീവിയുടെ പത്ത് കൈകളിൽ ഒരെണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് സ്വന്തം കൈകൾ മുറിച്ച് മാറ്റാനുള്ള കഴിവുണ്ട്, പല്ലികൾ വാലുമുറിക്കുന്ന പോലെ. കൂടുതലും ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് അവ ഇത് ചെയ്യുന്നത്.
പോളിഷ് പാലിയന്റോളജിസ്റ്റുകൾ അടുത്തിടെ 150 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിലിന് ഉക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ പേര് നൽകി. ആഫ്രിക്കയിൽ നിന്നാണ് ഈ കടൽ ജീവിയുടെ ഫോസിൽ കണ്ടെത്തിയത്. കടലിനടിയിൽ ജീവിച്ചിരുന്ന ഈ വിചിത്ര ജീവിയ്ക്ക് നീളമുള്ള പത്തോളം കൈകളും കൂർത്ത നഖങ്ങളും ഉണ്ടായിരുന്നതായി അനുമാനിക്കുന്നു. ജീവിയുടെ പൂർണ്ണമായ ഫോസിൽ ആഫ്രിക്കയിലെ എത്യോപ്യയിലെ അന്റലോ ചുണ്ണാമ്പുകല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഉക്രൈൻ പ്രസിഡന്റായ സെലെൻസ്കി ഉക്രൈന്റെ സ്വാതന്ത്ര്യത്തിനായി പോരാടുക മാത്രമല്ല, ഉക്രൈനെ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. മാതൃരാജ്യത്തെ പ്രതിരോധിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരതയെ ബഹുമാനിക്കാൻ വേണ്ടിയാണ് സെലൻസ്‌കിയുടെ പേര് ഈ ജീവിയ്ക്ക് നല്കിയിരിക്കുന്നത്. 'അസിചിക്രിനൈറ്റ്സ് സെലെൻസ്കി' എന്നാണ് അതിന്റെ പേര്.
ജീവിയുടെ ഫോസിൽ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് പോളണ്ടിലെ കറ്റോവിസിലെ സിലേഷ്യ സർവകലാശാലയിലെ പ്രൊഫസർ മരിയൂസ് സലാമൻ പറഞ്ഞു. സാധാരണ ഈ ജീവിയുടെ ഫോസിലുകൾ കൂടുതലും വേണ്ട രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലല്ല കാണാറുള്ളത്. എന്നാൽ ഇവിടെ ജീവിയുടെ തൊലി മൃദുവായ അസ്ഥികളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇത് അതിനെ സംരക്ഷിക്കുന്ന, വഴക്കമുള്ള ഒരു പുറംതോടായി രൂപപ്പെട്ടു.
എന്നാൽ, ഇപ്പോൾ ഈ വിചിത്ര ജീവിയുടെ പത്ത് കൈകളിൽ ഒരെണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് സ്വന്തം കൈകൾ മുറിച്ച് മാറ്റാനുള്ള കഴിവുണ്ട്, പല്ലികൾ വാലുമുറിക്കുന്ന പോലെ. കൂടുതലും ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് അവ ഇത് ചെയ്യുന്നത്. മുൻപ് എപ്പോഴോ പരിക്കേറ്റതിന്റെ ലക്ഷണങ്ങളും അതിൽ കാണാമായിരുന്നു. അതുകൊണ്ട് തന്നെ, ഈ ജീവി മറ്റ് മൃഗങ്ങളുടെ ആക്രമണത്തെ അതിജീവിച്ചിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണയായി ജീവി മരിക്കുമ്പോൾ അതിന്റെ മൃദുവായ ടിഷ്യൂകൾ ദ്രവിക്കുകയും, മൃദുവായ അസ്ഥികളും (tiny ossicles), കൈകൾ പോലുള്ള അവയവങ്ങളും പൊഴിഞ്ഞു വീഴാൻ തുടങ്ങുമെന്നും ഗവേഷകർ പറഞ്ഞു. അതിനാൽ ഒരു സമ്പൂർണ്ണ മാതൃക കണ്ടെത്തുന്നത് അപൂർവ സംഭവമാണ്.
അതേസമയം, ഫോസിലിന്റെ ഒരു ഭാഗം പോലും നഷ്ടമാകാതെ പൂർണ്ണമായ മാതൃകയിലാണ് ഇത് സംരക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് പോളിഷ് ശാസ്ത്രജ്ഞർ പറയുന്നു. ഇവയ്ക്ക് ഒരടി വരെ നീളമുണ്ടാകും. മിക്കവാറും കടലിന്റെ അടിത്തട്ടിലാണ് അവയുടെ താമസം. ഈ ജീവികൾ മനുഷ്യരിൽ വിഷമേൽപ്പിക്കില്ലെങ്കിലും, മറ്റ് ജീവജാലങ്ങൾക്ക് വിഷബാധയുണ്ടാക്കാമെന്നും വിശ്വസിക്കപ്പെടുന്നു.
