ഓട്ടത്തോട് ഓട്ടം, രണ്ട് വർഷം കൊണ്ട് 24622 കിലോമീറ്റർ, ശരിക്കും ഫോറസ്റ്റ് ഗംപ്
ദിവസവും 35-40 മൈലുകൾ വരെ പോപ്പ് ഓടി. ചിലപ്പോൾ കാലിനൊക്കെ പരിക്കേറ്റു. എന്നാലും പോപ്പ് ഓട്ടം നിർത്തിയില്ല. അതിനിടയിൽ ഹിമപാതങ്ങളും കാട്ടുതീയും ഉണ്ടായി.

ഫോറസ്റ്റ് ഗംപ് വളരെ പ്രശസ്തമായ അമേരിക്കൻ സിനിമയാണ്. ഏറെപ്പേരാണ് അതിന് ആരാധകരായിട്ടുള്ളത്. വിന്റോസ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സാണ് പ്രധാന വേഷത്തിലെത്തിയത്. ഒരിക്കൽ ശരിക്ക് നടക്കാൻ കഴിയാതിരുന്ന ഫോറസ്റ്റ് ഗംപ് ഓടാൻ ആരംഭിക്കുന്നതും അതിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാറുന്നതുമാണ് സിനിമ. തന്റെ പ്രണയിനി പെട്ടെന്ന് ഒരുനാൾ അയാളെ വിട്ടുപോവുകയും തുടർന്ന് രണ്ട് വർഷം നിർത്താതെ അദ്ദേഹം ഓടുന്നതും സിനിമയിൽ കാണാം. ഈ ചിത്രം 2022 -ൽ 'ലാൽ സിംഗ് ചദ്ദ' എന്ന പേരിൽ ഹിന്ദിയിലേക്കും റിമേക്ക് ചെയ്തിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ആ സിനിമ അതുപോലെ ജീവിതത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നിർത്താതെ ഓടിയ ഒരാളാണ് വാർത്തകളിൽ നിറയുന്നത്. റോബ് പോപ്പ് എന്നാണ് ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള ആ യുവാവിന്റെ പേര്. പോപ്പിന്റെ അമ്മ മരിക്കുന്നത് 2002 -ലാണ്. മരിക്കുമ്പോൾ അവർ മകനോട് പറഞ്ഞത്, വ്യത്യസ്തമായ എന്തെങ്കിലും നീ ചെയ്യണം എന്നാണ്. അതൊക്കെ മനസിൽ വച്ചുകൊണ്ടാണ് പോപ്പ് ഓടാൻ തുടങ്ങുന്നത്. "അമേരിക്കയിൽ വളരെ കുറച്ച് പേർ മാത്രമാണ് ഇങ്ങനെ ഓടിയിട്ടുള്ളത്. എന്നാൽ, ആരും തന്നെ ഫോറസ്റ്റ് ഗംപിനെ പോലെ ഓടിയിരുന്നില്ല" എന്ന് പോപ്പ് പറയുന്നു. മാരത്തോൺ ഓട്ടക്കാരനും ഒരു മൃഗഡോക്ടറും കൂടിയാണ് പോപ്പ്.
'Becoming Forrest: One Man's Epic Run Across America' എന്ന തന്റെ ഓട്ടത്തിന്റെ അനുഭവങ്ങൾ പറയുന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. 422 ദിവസങ്ങൾ കൊണ്ട്, പോപ്പ് നാലു തവണ രാജ്യം കടന്നുപോയി. 15,621 മൈലാണ് അദ്ദേഹം ഓടിയത്. ഈ ദൂരം കണക്കാക്കിയാൽ ആമസോൺ നദിയുടെ നാലിരട്ടി വരും.
ദിവസവും 35-40 മൈലുകൾ വരെ പോപ്പ് ഓടി. ചിലപ്പോൾ കാലിനൊക്കെ പരിക്കേറ്റു. എന്നാലും പോപ്പ് ഓട്ടം നിർത്തിയില്ല. അതിനിടയിൽ ഹിമപാതങ്ങളും കാട്ടുതീയും ഉണ്ടായി. ചുട്ടുപൊള്ളുന്ന ചൂടുണ്ടായി. എന്നിട്ടും പോപ്പ് ഓട്ടം നിർത്തിയില്ല. ഒരു ദിവസം നാലോ അഞ്ചോ തവണ ഷർട്ട് മാറ്റേണ്ടി വന്നു. വേനൽക്കാലത്ത് യുഎസ്സിലെ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നാണ് 'ഡെത്ത് വാലി'. അതിലൂടെയും പോപ്പ് ഓടി.
ഏതായാലും ഈ ഫോറസ്റ്റ് ഗംപ് ഓട്ടത്തിൽ മറക്കാൻ പറ്റാത്ത അനേകം അനുഭവങ്ങളാണ് പോപ്പിനുണ്ടായത്. ഒപ്പം അനേകം അപരിചിതർ അദ്ദേഹത്തെ കാണാനെത്തി. സമ്മാനങ്ങൾ നൽകി. ഒരുപക്ഷേ, വളരെ അപൂർവം മനുഷ്യർ മാത്രമാണ് ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതും അത് പൂർത്തിയാക്കുന്നതും. അതിലൊരാളാണ് പോപ്പ് എന്നതിൽ സംശയമില്ല.