Asianet News MalayalamAsianet News Malayalam

സ്രാവ് ആക്രമിച്ചു, ഡോൾഫിനുകൾക്ക് സമീപം നീന്താൻ ഇറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

വിദ​ഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ പ്രദേശത്ത് സ്രാവുകൾ കാണപ്പെടാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് പറയുന്നത്.

16 year old killed in shark attack rlp
Author
First Published Feb 5, 2023, 11:38 AM IST

ഡോൾഫിനുകളുടെ സമീപം നീന്താൻ നദിയിൽ ഇറങ്ങിയ 16 -കാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദയനീയമായ ഈ സംഭവം നടന്നത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ വിദൂര പ്രദേശത്താണ്. ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറയുന്നത് അനുസരിച്ച്, ഡോൾഫിനുകൾക്ക് സമീപത്തായി നീന്താൻ ഇറങ്ങിയ കുട്ടിയെ സ്രാവ് കൊല്ലുകയായിരുന്നു. എന്നാൽ, ഏത് ഇനത്തിൽ പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നത് വ്യക്തമല്ല. 

ഇവിടെ ഡോൾഫിനുകളുടെ കൂട്ടത്തെ കാണാറുണ്ട്. അതിന് സമീപം നീന്താനായിരിക്കാം കുട്ടി ചാടിയത് എന്നാണ് കരുതുന്നത്. പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. വെള്ളത്തിൽ വച്ച് അപ്പോൾ തന്നെ പെൺകുട്ടി മരിച്ചിരിക്കണം എന്നാണ് കരുതുന്നത്. സംഭവത്തെ വളരെ വളരെ നിർഭാ​ഗ്യകരം എന്നാണ് പോൾ റോബിൻസൺ വിശേഷിപ്പിച്ചത്. പെൺകുട്ടി നദിക്കരയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഉണ്ടായിരുന്നത് എന്നും പൊലീസ് ഓഫീസർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ആകെ തകർന്ന അവസ്ഥയിലാണ്. 

സംഭവത്തെത്തുടർന്ന്, നോർത്ത് ഫ്രീമാന്റിലിലെ സ്വാൻ നദിയുടെ അടുത്ത് കഴിയുന്ന ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുപോലെ ബീച്ചിനരികിൽ പോവുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

വിദ​ഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ പ്രദേശത്ത് സ്രാവുകൾ കാണപ്പെടാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് പറയുന്നത്. 2021 നവംബറിൽ പെർത്തിലെ പോർട്ട് ബീച്ചിൽ വച്ച് ഒരു 57 -കാരനെ ഒരു വലിയ വെള്ള സ്രാവ് കൊലപ്പെടുത്തിയിരുന്നു. 

2021 ജനുവരിയിൽ സ്വാൻ നദിയിൽ നീന്തുന്നതിനിടെ ഒരാളെ സ്രാവ് ആക്രമിക്കുകയും ഇയാൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ ജലാശയങ്ങളിൽ നൂറിലധികം ഇനത്തിൽ പെട്ട സ്രാവുകൾ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും സ്രാവ് ആക്രമത്തിൽ ഒരാൾ കൊല്ലപ്പെടാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios