Asianet News MalayalamAsianet News Malayalam

ലോകത്തെ ഞെട്ടിച്ച അരുംകൊല വീഡിയോയില്‍ പകര്‍ത്തിയത് ഈ പെണ്‍കുട്ടിയാണ്!

ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍...ഷിബു ഗോപാലകൃഷ്ണന്‍ എഴുതുന്നു

17 Year Old girl Who Filmed George Floyds Murder
Author
Minneapolis, First Published Apr 21, 2021, 4:48 PM IST

ഒന്‍പതു വയസുകാരനായ കസിനൊപ്പം കടയിലെത്തിയ ഡാര്‍നെല്ല എന്ന പെണ്‍കുട്ടി ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നില്ലെങ്കില്‍, എത്രയോ അധികം അധികാരക്കൊലകളുടെ കൂട്ടത്തില്‍ ഫ്‌ലോയിഡും അനീതിയുടെ തെമ്മാടിക്കുഴിയിലേക്കു ഇരുള്‍മൂടി പോയേനെ

 

 

പതിനേഴു വയസ്സുള്ള ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍, മരണത്തിനു നേര്‍ക്കു മൊബൈല്‍ ക്യാമറ എടുത്തു പിടിക്കാനുള്ള മന:സാന്നിധ്യം ഈ പെണ്‍കുട്ടിക്ക് ഇല്ലായിരുന്നെങ്കില്‍, കണ്മുന്നില്‍ ഒരു മനുഷ്യന്‍ ശ്വാസംകിട്ടാതെ തന്റെ അവസാനത്തെ വാക്കുകള്‍ ഉച്ചരിക്കാന്‍ പാടുപെടുമ്പോള്‍, കൈവിറച്ചെങ്കിലും താഴെവീഴാത്ത ആ മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്കില്‍, ലോകം ഈ രീതിയില്‍ ആയിരിക്കില്ല, അമേരിക്കയില്‍ പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിട്ട ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം അറിഞ്ഞിട്ടുണ്ടാവുക. 2020 മെയ് 26-ന് അമേരിക്കയിലെ മിനിയാപ്പൊളീസില്‍ അറസ്റ്റിലായ ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ അമേരിക്കന്‍ വംശജന്‍, ഡെറക് ഷോവിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കാലില്‍ കഴുത്ത് കോര്‍ത്ത് ഒമ്പത് മിനിറ്റും 29 സെക്കന്റും ബലമായി പിടിച്ചിട്ടതിനെ തുടര്‍ന്ന്, കഴുത്ത് ഞെരിഞ്ഞാണ് മരിച്ചത്. 

ഒന്‍പതു വയസുകാരനായ കസിനൊപ്പം കടയിലെത്തിയ ഡാര്‍നെല്ല എന്ന പെണ്‍കുട്ടി ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നില്ലെങ്കില്‍, എത്രയോ അധികം അധികാരക്കൊലകളുടെ കൂട്ടത്തില്‍ ഫ്‌ലോയിഡും അനീതിയുടെ തെമ്മാടിക്കുഴിയിലേക്കു ഇരുള്‍മൂടി പോയേനെ. ഇന്നു മിനിയാപ്പൊളീസിലെ കോടതിമുറിയില്‍ പന്ത്രണ്ടംഗ ജൂറി വിധി പ്രഖ്യാപിക്കുമ്പോള്‍ കറുത്തവരുടെ ലോകം ശ്വാസം അടക്കിപ്പിടിച്ചു നിന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതെ വിടപ്പെട്ട കുറ്റകൃത്യങ്ങളുടെ ക്രൂരചരിത്രം ആവര്‍ത്തിക്കുമോയെന്ന അടക്കിപ്പിടിച്ച ആകാംക്ഷ ആയിരുന്നു അത്. 

 

...............................

Read more: 'ഡാഡി ലോകം മാറ്റിമറിച്ചു, പക്ഷേ എന്നോടൊപ്പം കളിക്കാനിനി വരില്ലല്ലോ'; ഫ്‌ളോയ്ഡിന്റെ മകള്‍
 

 

അത്രയധികം ആളുകളാണ് തത്സമയം കോടതി നടപടികള്‍ വീക്ഷിച്ചത്. പോലീസ് ഓഫീസര്‍ ഷോവിനെതിരെ ആരോപിക്കപ്പെട്ട മൂന്നു കുറ്റങ്ങളും ശരിയെന്നു വിധിച്ചപ്പോള്‍, അവര്‍ തുള്ളിച്ചാടി, കെട്ടിപ്പിടിച്ചു, ഇതുവരെ ലഭിക്കാത്ത നീതിയുടെ മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു.
നീതിയിലേക്കുള്ള ഈ യാത്രയില്‍ ആര്‍ക്കും മായ്ച്ചുകളയാനാവാത്ത സത്യം പോലെ സാക്ഷി പറഞ്ഞത് ഡാര്‍നെല്ലയുടെ വീഡിയോ ആയിരുന്നു. ആ ക്യാമറക്കണ്ണുകളിലൂടെയാണ് ലോകം അത് കണ്ടത്. 

വെളുത്ത കാല്‍മുട്ടുകള്‍ക്കു കീഴില്‍, നിസ്സഹായനായ ഒരു കറുത്തമനുഷ്യന്റെ കഴുത്തു ഞെരിയുന്നതും, 'എനിക്കു ശ്വാസം കിട്ടുന്നില്ല' എന്നുപറഞ്ഞു അമ്മയെ വിളിച്ച് ഞരങ്ങിയതും, ഒടുവില്‍ അനക്കമില്ലാതെ അവസാനിച്ചതും... ഡാര്‍നെല്ല കടയിലേക്ക് കയറാതെ ഇതുകണ്ട് തിരിച്ചു വരികയായിരുന്നു. ഉടന്‍ തന്നെ ക്യാമറ എടുത്തു അവള്‍ അതു പകര്‍ത്താന്‍ തുടങ്ങി. 'അയാള്‍ മരിക്കുകയാണ്, മാറൂ' എന്നാവര്‍ത്തിച്ചു പറഞ്ഞിട്ടും അനക്കമില്ലാത്ത കാല്‍മുട്ടുകള്‍ക്കു കീഴില്‍ ഫ്‌ലോയിഡിന്റെ കഴുത്ത് മരണത്തിലേക്കു അമര്‍ന്നുകൊണ്ടിരുന്നു.

ഫേസ്ബുക്കിലാണ് പത്തുമിനിട്ടും ഒന്‍പതു സെക്കന്‍ഡുമുള്ള ഫ്‌ലോയിഡിന്റെ മരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. അതുകണ്ടാണ് ലോകം കരഞ്ഞത്, കയര്‍ത്തത്, കണ്ണീര്‍ വാര്‍ത്തത്. കോടതിമുറിയില്‍ എത്രതവണ ഈ വീഡിയോ പ്ലേ ചെയ്തിട്ടുണ്ടാകും എന്നതിനു കണക്കില്ല. ഓരോ ഫ്രെയിമിലും വാദങ്ങള്‍ ഉണ്ടായി. ഈ വീഡിയോ കാണിച്ചുകൊടുത്തിട്ട് പ്രോസിക്യൂട്ടര്‍ ജൂറിയോടു ഒന്നുമാത്രമേ പറഞ്ഞുള്ളൂ: 'നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കുക.'

...............................

Read more: യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്? ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ അവസാന നിമിഷങ്ങള്‍
 

 

അതിനുശേഷമുള്ള രാത്രികളില്‍ ഞെട്ടി ഉണരുമായിരുന്നുവെന്നും കുറ്റബോധത്തോടെ കരയുമായിരുന്നുവെന്നും ഡാര്‍നെല്ല പറഞ്ഞു. ഫ്‌ലോയിഡിനെ രക്ഷിക്കാന്‍ മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നുള്ള കുറ്റബോധത്തില്‍ അവര്‍ക്കു വാക്കുകള്‍ മുറിഞ്ഞു. ഇന്നത്തെ വിധി പ്രസ്താവത്തിനു ശേഷം ഫ്‌ലോയിഡിന്റെ മരണം അപ്ലോഡ് ചെയ്ത അതേ ഫേസ്ബുക്കില്‍ ഡാര്‍നെല്ല ഫ്രേസിയര്‍ എഴുതി:

I just cried so hard. This last hour my heart was beating so fast, I was so anxious, anxiety bussing through the roof. But to know GUILTY ON ALL 3 CHARGES -! THANK YOU GOD THANK YOU THANK YOU THANK YOU THANK YOU...George Floyd we did it-justice has been served

Follow Us:
Download App:
  • android
  • ios