വെറും 15 -ാമത്തെ വയസിലായിരുന്നു അവളുടെ വിവാഹം. ഒരിക്കലും സ്‌കൂളിൽ പോകാനോ ജോലി ചെയ്യാനോ ലെറ്റിയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. പകരം അവൾ വീട്ടിൽ സ്വന്തം കുട്ടികളെ നോക്കിയും, വീട്ടുജോലികൾ ചെയ്തും കഴിച്ചുകൂട്ടി.

ലെറ്റി മാർട്ടിനെസ്(Letty Martinez) എന്ന 50 -കാരി ടെക്സാസിലെ ഹംബിളിൽ(Humble, Texas) സ്വന്തമായി ഒരു പേസ്ട്രി കട നടത്തുകയാണ്. അവൾ ഒരു ബേക്കറി ഷെഫും, ബിസ്സിനസ്സ് സംരഭകയുമാണ്. എന്നാൽ, അവൾ ഉണ്ടാക്കുന്ന കേക്ക് പോലെ മാധുര്യമുള്ളതായിരുന്നില്ല അവളുടെ ഭൂതകാലം. വർഷങ്ങളോളം ഭർത്താവിൽ നിന്ന് പീഡനം അനുഭവിച്ചവളാണ് ലെറ്റി. വിദ്യാഭ്യാസം പൂർത്തിയാക്കാത്ത അവൾക്ക് ഒരു ജോലി നേടുക പ്രയാസമായിരുന്നു. ഇറങ്ങി പോന്നാൽ എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആ വിവാഹബന്ധത്തിൽ അവൾ പതിനേഴ് വർഷം തുടർന്നു. എന്നാൽ, ഒരു ദിവസം ഗതിയില്ലാതെ തന്റെ നാല് മക്കളെയും കൂടി അവൾ വീടുവിട്ടിറങ്ങി. പിന്നീടങ്ങോട്ട് കഷ്ടപ്പാടിന്റെ കാലമായിരുന്നു. എന്ത് ജോലി കിട്ടിയാലും ചെയ്യാൻ അവൾ തയ്യാറായിരുന്നു. ഒടുവിൽ നിരവധി വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ഇപ്പോൾ 'യമ്മി പേസ്ട്രി' എന്ന പേരിൽ ഒരു വലിയ ബേക്കറി നടത്തുകയാണ് അവൾ. അവളുടെ ജീവിതകഥ എല്ലാവർക്കും ഒരു പ്രചോദനമാണ്.

വെറും 15 -ാമത്തെ വയസിലായിരുന്നു അവളുടെ വിവാഹം. ഒരിക്കലും സ്‌കൂളിൽ പോകാനോ ജോലി ചെയ്യാനോ ലെറ്റിയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. പകരം അവൾ വീട്ടിൽ സ്വന്തം കുട്ടികളെ നോക്കിയും, വീട്ടുജോലികൾ ചെയ്തും കഴിച്ചുകൂട്ടി. ഒരു മെക്സിക്കൻ സ്വദേശിയായ അവൾ ഇംഗ്ലീഷിൽ സംസാരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടി. ഭാഷ അറിയാതെ, പഠിപ്പില്ലാതെ ഒരു ജോലി നേടാനോ, സ്വന്തം കാലിൽ നിൽക്കാനോ സാധിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഭർത്താവിനെ ഉപേക്ഷിക്കാൻ അവൾ ഭയന്നു. പക്ഷേ, ഒരു ദിവസം അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട മൂത്തമകൻ ഇടയിൽ കയറി തടഞ്ഞു. 'ഇനി എന്റെ അമ്മയെ തൊടരുത്. ഇവിടെ നിന്ന് ഇറങ്ങിപ്പോ. ഈ വീട്ടിൽ ഇനി കണ്ടു പോകരുത്' അച്ഛനോട് അവൻ പറഞ്ഞു. മക്കൾ പോലും തങ്ങാൻ ആഗ്രഹിക്കാത്ത ആ വീട്ടിൽ ഇനി നിന്നിട്ട് കാര്യമില്ലെന്ന് അതോടെ അവൾ തിരിച്ചറിഞ്ഞു. അങ്ങനെ ആ ദാമ്പത്യത്തിൽ നിന്ന് അവൾ ഇറങ്ങിപ്പോയി.

എന്നാൽ, അതിന് ശേഷം അയാൾ മക്കളെ ഒരിക്കൽ പോലും തിരിഞ്ഞ് നോക്കിയിട്ടില്ല. പിറന്നാളിന് പോലും ഒന്ന് വിളിച്ചിട്ടില്ല. ലെറ്റിയ്ക്ക് തന്റെ നാല് കുട്ടികളെയും ഒറ്റയ്ക്ക് പൊറ്റേണ്ടി വന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ആവുന്ന ഏത് ജോലിയും അവൾ ചെയ്തു. വീട്ടുജോലി, ആഹാരം ഉണ്ടാക്കി വിൽക്കൽ, വീടുകളിൽ പത്രങ്ങൾ വിതരണം ചെയ്യൽ അങ്ങനെ എല്ലാ ജോലിയും അവൾ ചെയ്തു. ഒരു ഘട്ടത്തിൽ ഒരേസമയം രണ്ട് ജോലികൾ വരെ ചെയ്തു, എന്നിട്ടും ദാരിദ്ര്യം അവരെ വിട്ടുമാറിയില്ല. ചിലപ്പോൾ വെള്ളമില്ലാത്ത, വൈദ്യുതിയില്ലാത്ത, ആഹാരം പോലുമില്ലാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. "പലപ്പോഴും ബില്ലടയ്ക്കാനുള്ള പണമില്ലായിരുന്നു എന്റെ കൈയിൽ. ചിലപ്പോൾ ഞങ്ങൾക്ക് വെള്ളമില്ലായിരുന്നു, ചിലപ്പോൾ വൈദ്യുതി" അവൾ ഓർത്തു.

അന്നവൾക്ക് ആശ്വാസമായത് ഗാർഹികവും ലൈംഗികവുമായ അക്രമത്തിന് ഇരയായവർക്കുള്ള സുരക്ഷയും പിന്തുണയും നൽകുന്ന സംഘടനായ 'ഫാമിലിടൈം ക്രൈസിസ് ആൻഡ് കൗൺസിലിംഗ് സെന്ററാ'യിരുന്നു. "അവർ താങ്ക്സ്ഗിവിംഗിനും, അവധി ദിവസങ്ങളിലും ഞങ്ങൾക്ക് ആഹാരം തന്നു. എന്റെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ആ പ്രയാസകരമായ സമയത്ത് അവർ കാണിച്ച നല്ല മനസ്സിന് എന്നും ഞാൻ നന്ദിയുള്ളവളാണ്" അവൾ പറഞ്ഞു.

കൺറോയ്‌ക്ക് സമീപമുള്ള വുഡ്‌ലാൻഡ്‌സ് കൺട്രി ക്ലബ്ബിലെ ബേക്കറിയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് വ്യക്തമായ ഒരു ജീവിതലക്ഷ്യം ഉണ്ടാകുന്നത്. എപ്പോഴും ബേക്കിംഗിൽ വലിയ താല്പര്യമായിരുന്നു അവൾക്ക്. എന്നാൽ, ഇംഗ്ലീഷിലെ പാചകക്കുറിപ്പുകൾ മനസ്സിലാക്കി എടുക്കാൻ അവൾ പാടുപെട്ടു. എന്നാൽ, ഒരു ഷെഫ് അവളെ അതിന് സഹായിച്ചു. കേക്കുകളും പേസ്ട്രികളും എങ്ങനെ ഉണ്ടാക്കാമെന്ന് അവരിൽ നിന്ന് അവൾ പഠിച്ചു.

ഇതോടെ തനിച്ച് ഇതെല്ലാം ഉണ്ടാക്കാമെന്ന ആത്മവിശ്വാസം വന്നു. അതേസമയം ഒരു സ്ഥലം വാടകയ്ക്ക് എടുക്കാൻ മാത്രം പണമില്ലാത്തതിനാൽ വീട്ടിലെ ഗാരേജിൽ വച്ച് കേക്ക് ഉണ്ടാക്കാനും വിൽക്കാനും തുടങ്ങി. ഇന്ന് അവൾക്ക് നിരവധി സ്ഥിരം കസ്റ്റമേഴ്‌സുണ്ട്. അതിൽ ഒരാളാണ് ബ്രാഡ് വീംസ്. അദ്ദേഹം പിന്നീട് സ്ഥലം മാറി പോയെങ്കിലും, ഇന്നും അവളുടെ സ്ട്രോബെറി ഷോർട്ട്‌കേക്ക് കഴിക്കാൻ 30 മൈൽ യാത്ര ചെയ്ത് ഇവിടെ വരുന്നു. കൂടാതെ, വിവാഹങ്ങൾ, ജന്മദിനങ്ങൾ, കുടുംബവിരുന്നുകൾ, കോർപ്പറേറ്റ് ആഘോഷങ്ങൾ എന്നിവയ്‌ക്ക് കേക്കുകൾ ഉണ്ടാക്കി അവൾ നൽകുന്നു. അവളുടെ നാല് മക്കളും ഇന്ന് വളർന്ന്, കോളേജിൽ നിന്ന് ബിരുദം നേടിയിരിക്കുന്നു. "ഞാൻ ഇത്രയെല്ലാം നേടിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല" ലെറ്റി അഭിമാനത്തോടെ പറഞ്ഞു.