എമിലി വാട്ട്സൺ, അയേഷ ​ഗൺ എന്നിവരാണ് തടവുപുള്ളികളുമായി ബന്ധത്തിലായതിന് ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് ജീവനക്കാർ.

ജയിൽപുള്ളികളുമായുള്ള ബന്ധത്തിന്റെ പേരിൽ ജയിലിൽ നിന്നും 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവം നടന്നത് ബ്രിട്ടണിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെർവിനിലാണ്. ജയിൽപുള്ളികളുമായി ബന്ധത്തിലായതിന് മൂന്ന് ജീവനക്കാർ നേരത്തെ കോടതി കയറിയിരുന്നു, അതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വന്നത്. 

നോർത്ത് വെയിൽസിലെ റെക്‌സാമിലാണ് പ്രസ്തുത ജയിൽ. ആറ് വർഷത്തെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജയിൽപുള്ളിയുമായി പ്രണയത്തിലായതിൽ ഒരാൾ ജെന്നിഫർ ​ഗാവൻ എന്ന സ്ത്രീയാണ്. ജയിലിനകത്ത് കിടക്കുന്ന പ്രതിയായ അലക്‌സ് കോക്‌സണിന്റെ സെല്ലിലേക്ക് ഇവർ ഫോൺ കടത്തി. പിന്നാലെ വാട്ട്സാപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ‌‌പിന്നീട്, ​ഗാവന്‍റെ കുറ്റം കോടതിയില്‍ തെളിഞ്ഞതോടെ ഇവരെ എട്ട് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 

​ഗാവന്റെ സഹപ്രവർത്തകരായ എമിലി വാട്ട്സൺ, അയേഷ ​ഗൺ എന്നിവരാണ് തടവുപുള്ളികളുമായി ബന്ധത്തിലായതിന് ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് ജീവനക്കാർ. അപകടകരമായി വാഹനമോടിച്ച് മറ്റൊരാളുടെ മരണത്തിന് കാരണമായതിന് എട്ട് വർഷം തടവ് അനുഭവിച്ച, ഡ്ര​ഗ് ഡീലർ ജോൺ മക്‌ഗീയുമായി വാട്‌സണ് ലൈംഗിക ബന്ധമടക്കമുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. പ്രൊബേഷൻ ഓഫീസറായ അയേഷയാവട്ടെ കൊള്ളക്കാരനുമായിട്ടായിരുന്നു പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും കൈമാറിയിരുന്നുവെന്നും പറയുന്നു. 

ശരിയായ രീതിയിലുള്ള വനിതകളെ അല്ല ജയിലിലേക്ക് ജോലിക്ക് എടുത്തതെന്ന് പ്രിസൺ ഓഫീസേഴ്സ് അസോസിയേഷന്റെ ചെയർമാനായ മാർക്ക് ഫെയർഹർസ്റ്റ് പറഞ്ഞു. അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇവരെ നിയമിക്കുന്നതിന് മുന്നോടിയായി ശരിക്കും ഇന്റർവ്യൂ പോലും നടന്നിട്ടില്ലെന്നും സൂമിലൂടെയാണ് ഇവരെ ഇന്റർവ്യൂ ചെയ്തതെന്നും ഇദ്ദേഹം പറ‌ഞ്ഞു. 

2019 മുതലുള്ള കണക്കുകൾ നോക്കിയാൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 31 വനിതാ ജയിൽ ഓഫീസർമാരെയാണ് ഇത്തരം ബന്ധങ്ങളുടെ പേരിൽ പിരിച്ചു വിട്ടിരിക്കുന്നത്. 18 പേരെ പിരിച്ചു വിട്ടിരിക്കുന്ന ബെർവിനിൽ ജയിലിൽ വൻ സൗകര്യമാണുള്ളതെന്നും പറയുന്നു.