ഇറാൻ-യുഎസ് യുദ്ധഭീതിയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചത് ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. 15,000 ചരക്ക് കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്ന ഈ സാഹചര്യം എണ്ണ, വാതക വിലകൾ കുതിച്ചുയരാനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ഭീഷണി ഉയർത്താനും കാരണമായിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

റാൻ - യുഎസ് യുദ്ധത്തോടെ ലോകമെങ്ങും വലിയ ആശങ്കയിലായിരുന്നു. ആ ആശങ്ക പതുക്കെ പതുക്കെയെങ്കിലും യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് സൂചന. നിലവിൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളുടെ കൈവശമുണ്ടായിരുന്ന എണ്ണ സംഭരണം പുതിയ ഇറക്കുമതി സാധ്യമാകാതായതോടെ വലിയ തോതിൽ ഇടിഞ്ഞു. ഇതോടെ പല രാജ്യങ്ങളിലും പാചകവാതക, പെട്രോൾ തുടങ്ങിയവയുടെ ലഭ്യതയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ പെട്രോൾ, പചകവാതക വില കുതിച്ചുയരുകയാണ്. ഇവയുടെ കരിഞ്ചന്തകളും സജീവമായി. അതേസമയം യുദ്ധം നിർത്താൻ തയ്യാറാകാത്ത അമേരിക്ക പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

1,500 ചരക്ക് കപ്പൽ, 20,000 നാവികർ

ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ആഗോള ഷിപ്പിംഗ് തടസപ്പെട്ടു. ഹോർമൂസിന് സമീപത്തായി ഏതാണ്ട് 15,000 ചരക്ക് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഏതാണ്ട് 20,000 -ത്തോളം നാവീകരും ഈ കപ്പലുകളിൽ കുടുങ്ങിക്കിടക്കുയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര വകുപ്പ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മെയ് 8 -ന് പനാമയിൽ നടന്ന അമേരിക്കകളുടെ മാരിടൈം കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ഇന്‍റർനാഷണൽ മാരിടൈം ഓർഗനൈസേഷന്‍റെ (IMO) തലവൻ ആർസെനിയോ ഡൊമിംഗ്വസ് സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തി. ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്ന നാവികർ നിരപരാധികാളെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്കെതിരെ 30-ലധികം അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും അക്രമണങ്ങളിൽ കുറഞ്ഞത് 10 നാവികർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.

ഹോർമൂസ് കടലിടുക്ക്

ലോകത്തെ ഏറ്റവും നിർണ്ണായകമായ സമുദ്രപാതയാണ് ഹോർമൂസ്. ലോകമെമ്പാടും എണ്ണ, വാതക വിതരത്തിന്‍റെ ഏകദേശം അഞ്ചിലൊന്നും ( 20% ) ഇതുവഴിയാണ് കടന്ന് പോയിരുന്നത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 28 -ന് അപ്രതീക്ഷിതമായി ഇസ്രയേലും യുഎസും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലായി, പിന്നാലെ ഇറാൻ ഹോർമൂസ് അടച്ചതോടെ ചരക്ക് നീക്കം എതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. ഡ്രോൺ, മിസൈൽ. ആക്രമണങ്ങളോടൊപ്പം ഇറാൻറെ നാവിക സേനയും വാണിജ്യ കപ്പലുകൾക്ക് നേരെ അക്രമണം അഴിച്ച് വിട്ടതോടെ ഇതുവഴിയുള്ള ചരക്ക് കപ്പൽ നീക്കം ഏതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. ലോകമെമ്പാടും വിപണിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന്‍റെ 80 ശതമാനത്തിൽ അധികവും കപ്പൽ ഗതാഗതത്തിലൂടെയാണ് എന്നതിനാൽ തന്നെ പുതിയ സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഊ‍ർജ്ജ സ്രോതസുകൾക്കും ഗണ്യമായ ഭീഷണിയാണ് ഉയർത്തുന്നത്.