പർഭാനി ജില്ലയിലെ നിവാസികളായ പത്താന്റെ അമ്മായിയപ്പൻ മുബാറക് ഷെയ്ക്കും സഹോദരൻ ഇർഫാൻ ഷെയ്ഖും മൂന്ന് നാല് മാസം മുമ്പ് തൊഴിലാളികളായി ജോലിചെയ്യാൻ ചിഖ്‌ലിയിലേക്ക് വന്നിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന സ്വർണനാണയങ്ങളുടെ ഒരു വലിയ ശേഖരം പിംപ്രി-ചിഞ്ച്‌വാഡ് പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് ഒരു തൊഴിലാളിയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തു. ചിഖ്‌ലിയിൽ കുഴിയെടുക്കുന്ന വേളയിലാണ് അയാൾക്ക് സ്വർണനാണയങ്ങൾ ലഭിച്ചത്. അയാളുടെ വസതിയിൽ നിന്ന് പൊലീസ് മൊത്തം 216 സ്വർണനാണയങ്ങൾ കണ്ടെത്തി. ഒരു സ്വർണ്ണ നാണയത്തിന്റെ മൂല്യം 60,000 മുതൽ 70,000 രൂപ വരെയാണ്. ഈ നാണയങ്ങളുടെ ആകെ വില 1.30 കോടിയിലധികമാണെന്ന് പൊലീസ് കമ്മീഷണർ കൃഷ്ണ പ്രകാശ് പറഞ്ഞു.

സ്വർണ്ണനാണയങ്ങളുടെ ഭാരം 2,357 ഗ്രാമാണ്. പിടിച്ചെടുത്ത കൂട്ടത്തിൽ 525 ഗ്രാം തൂക്കമുള്ള ഒരു തകർന്ന വെങ്കല പാത്രവും അവർ കണ്ടെത്തി. പിടിച്ചെടുത്ത നാണയങ്ങൾ എ ഡി 1720 മുതൽ 1750 വരെയുള്ള കാലഘട്ടത്തിലേതാണ്. പുരാവസ്തു വകുപ്പിന്റെ നിരീക്ഷണമനുസരിച്ച് സ്വർണ്ണ നാണയങ്ങൾക്ക് 'രാജ മുഹമ്മദ് ഷാ' എന്ന മുദ്രയുണ്ട്. കൂടാതെ രാജാവിന്റെ പേര് ഉർദു, അറബി ഭാഷകളിലാണ് എഴുതിയിട്ടുള്ളതെന്ന് കൃഷ്ണ പ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതിയെ അറിയിച്ച ശേഷം നാണയങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറുമെന്നും, പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിംപ്രിയിലെ വിത്തൽനഗർ ചേരിയിൽ താമസിക്കുന്ന സദ്ദാം സലാർ ഖാൻ പത്തൻ അനധികൃതമായി ചരിത്രപരമായ സ്വർണനാണയങ്ങൾ കൈവശം വച്ചിരിക്കുന്നതായി പൊലീസ് നായിക് സമീർ ബാബലാൽ തമ്പോളിക്ക് സൂചന ലഭിച്ചു. മാർച്ച് എട്ടിന് പതിവ് പട്രോളിംഗിനിടെയാണ് വിവരം ലഭിച്ചത്. അതിനെ തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് നിൽപത്രേവറിന്റെ നേതൃത്വത്തിലുള്ള സംഘം ചരിത്രകാരന്മാർ ഉൾപ്പെടെയുള്ള ജ്വല്ലറി വിദഗ്ധരോടൊപ്പം പത്താന്റെ വീട്ടിൽ റെയ്ഡ് നടത്തി. നാണയങ്ങളുടെ ശേഖരം കണ്ടെത്തിയ ശേഷം Criminal Procedure Code (സിആർ‌പി‌സി) സെക്ഷൻ 102 അനുസരിച്ച് പൊലീസ് അവ പിടികൂടി സർക്കാരിനെ ഏല്പിച്ചു.

പർഭാനി ജില്ലയിലെ നിവാസികളായ പത്താന്റെ അമ്മായിയപ്പൻ മുബാറക് ഷെയ്ക്കും സഹോദരൻ ഇർഫാൻ ഷെയ്ഖും മൂന്ന് നാല് മാസം മുമ്പ് തൊഴിലാളികളായി ജോലിചെയ്യാൻ ചിഖ്‌ലിയിലേക്ക് വന്നിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. "പത്താൻ ബന്ധുക്കളെ ചിഖ്‌ലിയിലെ ഒരു നിർമ്മാണ സ്ഥലത്ത് ജോലിക്ക് കൊണ്ടുവന്നിരുന്നു. മണ്ണ് കുഴിക്കുന്ന വേളയിൽ ഇരുവർക്കും മണ്ണിൽ നിന്ന് കുറച്ച് നാണയങ്ങൾ ലഭിച്ചു. അവർ ഈ നാണയങ്ങൾ പത്താന് കാണിച്ച് കൊടുത്തു. തുടർന്ന് അവർ വീണ്ടും അതേ സ്ഥലത്ത് ചെന്ന് സ്വർണ നാണയങ്ങൾക്കായി കുഴിച്ചു. ഒരു പൊളിഞ്ഞ വെങ്കല പാത്രവും കുറെ സ്വർണനാണയങ്ങളും അവർ കണ്ടെത്തി. പത്താൻ ആ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം വീട്ടിൽ കൊണ്ടുവന്ന് അനധികൃതമായി കൈവശം വച്ചു” ഹിരേമത്ത് പറഞ്ഞു. പിന്നീട്, ഷെയ്ഖും പത്താനും തമ്മിൽ തർക്കമുണ്ടായി. ഇത് വിവരങ്ങൾ ചോരാൻ കാരണമായി. സ്വർണനാണയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് നോട്ടീസുമായി പൊലീസ് അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

(ചിത്രം പ്രതീകാത്മകം, കടപ്പാട്: PIXABAY)