ഇംഗ്ലണ്ടിലെ ഒരു വീട്ടിനുള്ളില്‍ നിന്നും പിടികൂടിയ എലിക്ക് വലുപ്പം 22 ഇഞ്ച്.
ഒത്ത ഒരു പൂച്ചയോളം വലിപ്പമുള്ള എലി. ഇംഗ്ലണ്ടിലെ ഒരു വീടിനുള്ളിൽ നിന്നും പിടികൂടിയ എലിക്ക് മൂക്ക് മുതൽ വാൽ വരെ 22 ഇഞ്ചിലധികം നീളമാണുള്ളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഭീമാകാരനായ എലിയെ കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പെസ്റ്റ് കണ്ട്രോൾ ജോലിക്കാര്‍ പിടികൂടിയ പെരുച്ചാഴിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇംഗ്ലണ്ടിലെ എസ്റ്റൺ വാർഡ് കൗൺസിലർമാരായ ഡേവിഡ് ടെയ്‌ലറും സ്റ്റീഫൻ മാർട്ടിനും എലിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു, നോർത്ത് യോർക്ക്ഷെയറിലെ റെഡ്കാർ, ക്ലീവ്‌ലാൻഡ് എന്നിവിടങ്ങളിലെ നോർമൻബി പ്രദേശത്താണ് എലിയെ കണ്ടെത്തിയത്. 'ഞങ്ങളുടെ പ്രദേശത്ത് എലികളെ കൂടുതൽ കൂടുതൽ കാണുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ഇടവഴികളിലും, ചവറ്റുകുട്ടകൾക്ക് സമീപത്തും, കാട് പിടിച്ച പ്രദേശത്തും തെരുവുകളിലും ഇപ്പോൾ വീട്ടിനുള്ളിലും എലികളെ കാണാമെന്നും കുറിപ്പിൽ പറയുന്നു. ഇത്തരം പ്രദേശങ്ങൾ എത്രത്തോളം അവഗണിക്കപ്പെടുന്നുവോ അത്രത്തോളം കൂടുതല്‍ കാര്യങ്ങൾ വഷളാകുമെന്നും സൂചിപ്പിക്കുന്ന കുറിപ്പില്‍ നടപടി എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മപ്പെടുത്തുന്നു.
കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ ഒരു പെസ്റ്റ് കണ്ട്രോളിന്‍റെ കൈയിലെ പ്ലാസ്റ്റിക് ബാഗില്‍ ഒരു കൂറ്റന്‍ പെരുച്ചാഴിയെ കാണാം. ചിത്രവും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. നിരവധി പേരാണ് ആശങ്ക പങ്കുവച്ചത്. നിരവധി പേര്‍ തമാശയായും കാര്യമായും കുറിപ്പുകൾ പങ്കുവച്ചു. 'ആ എലി എന്‍റെ പൂര്‍ണ്ണ വളര്‍ച്ച എത്തിയ പൂച്ചയെക്കാൾ വലുതാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്ത് എലി ശല്യം കൂടുതലായിരുന്നെന്നും അന്ന് നടപടി എടുത്തപ്പോൾ എണ്ണം കുറഞ്ഞ എലികൾ ഇപ്പോൾ ശക്തരായി തിരിച്ച് വന്നിരിക്കുന്നെന്നും കൗണ്‍സിലർമാര്‍ ചൂണ്ടിക്കാട്ടി. റെഡ്കാർ ആൻഡ് ക്ലീവ്‌ലാൻഡ് കൗൺസിൽ ഇനി വീട്ടിലെത്തി എലിയെ പിടികൂടില്ലെന്നും പകരം എലിയെ നിയന്ത്രിക്കാന്‍ തമാസക്കാര്‍ക്ക് നിര്‍ദ്ദേശങ്ങൾ നല്‍കുമെന്നും എലി നിയന്ത്രണത്തിനുള്ള ഫണ്ട് കൈമാറുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു. അതേസമയം എലികളെ നിയന്ത്രിക്കുന്നതില്‍ നിന്നും പ്രാദേശിക ഭരണകൂടം പിന്മാറുന്നത് കാര്യങ്ങൾ കൂടുതല്‍ വഷളാക്കുമെന്ന് പ്രദേശവാസികളും പറയുന്നു.


