ഏതായാലും വലിയ തരത്തിലുള്ള ചർച്ചകളാണ് പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. പണം ഉണ്ടായിരിക്കുമ്പോഴും നല്ല ജോലി ഉണ്ടായിരിക്കുമ്പോഴും യുവാക്കൾ ചിലപ്പോൾ കടുത്ത ഏകാന്തതയിലൂടെയാണ് കടന്നു പോകുന്നത് എന്നതിനെ കുറിച്ച് ഏറെപ്പേരും അഭിപ്രായം പറഞ്ഞു.
ഏകാന്തത, ഒറ്റപ്പെടൽ എന്നിവയൊന്നും ഇക്കാലത്ത് പുതുമയല്ല. അനേകം പേരാണ് ഈ ലോകത്ത് അത്തരത്തിലുള്ള ജീവിതം നയിക്കുന്നത്. അതുപോലെ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വർഷം 58 ലക്ഷം വരെ സമ്പാദിക്കുന്ന 24 -കാരനായ, സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവാണ് താൻ ഏകാകിയാണ് എന്നും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയാണ് എന്നും പറയുന്നത്.
ട്വിറ്റർ യൂസറായ സുഖദയാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ഗ്രേപ്‌വൈനിന്റെ കോർപ്പറേറ്റ് ചാറ്റ് ഫോറത്തിൽ കണ്ടെത്തിയ ഒരു പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. "ദി അദർ ഇന്ത്യ" എന്നാണ് അവർ അതിന് കാപ്ഷൻ നൽകിയിരിക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന 24 -കാരനായ സോഫ്റ്റ്‍വെയർ എഞ്ചിനീയറുടെ അനുഭവമാണ് ഇതിൽ പറയുന്നത്.
2.9 വർഷമായി ബംഗളൂരുവിലാണ് തന്റെ താമസം. വർഷത്തിൽ 58 ലക്ഷം രൂപയോളം താൻ വരുമാനമായി നേടുന്നുണ്ട്. എന്നാൽ, താൻ കടുത്ത ഒറ്റപ്പെടൽ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്. ഒരേ കമ്പനിയിൽ തന്നെയാണ് താൻ തന്റെ കരിയർ തുടങ്ങിയത് മുതൽ ജോലി ചെയ്യുന്നത്. പുതുതായി ഒന്നുമില്ല. തന്റെ ജീവിതം ഒരുമിച്ച് ചെലവഴിക്കാൻ തനിക്ക് കാമുകിയോ ഒന്നുമില്ല എന്നും യുവാവ് പറയുന്നു. ഒപ്പം തന്നെ ഈ ഒറ്റപ്പെടലിനെ മറികടക്കാനായി താൻ എന്ത് ചെയ്യണമെന്നതിൽ അഭിപ്രായം അറിയിക്കാനും യുവാവ് അപേക്ഷിക്കുന്നുണ്ട്. അതുപോലെ ജിമ്മിൽ പോകൂ തുടങ്ങിയ ഉപദേശങ്ങൾ നൽകരുത്, താൻ ഇപ്പോൾ തന്നെ ജിമ്മിൽ പോകുന്നുണ്ട് എന്നും യുവാവ് പറഞ്ഞു.
ഏതായാലും വലിയ തരത്തിലുള്ള ചർച്ചകളാണ് പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. പണം ഉണ്ടായിരിക്കുമ്പോഴും നല്ല ജോലി ഉണ്ടായിരിക്കുമ്പോഴും യുവാക്കൾ ചിലപ്പോൾ കടുത്ത ഏകാന്തതയിലൂടെയാണ് കടന്നു പോകുന്നത് എന്നതിനെ കുറിച്ച് ഏറെപ്പേരും അഭിപ്രായം പറഞ്ഞു. അതുപോലെ നഗരത്തിൽ യുവാക്കൾ അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ചാണ് മറ്റ് പലരും ചർച്ച ചെയ്തത്. സന്തോഷം പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല എന്ന് പറയുന്നത് ശരിയാണ് എന്നും പലരും കമന്റ് ചെയ്തു.
(ചിത്രം പ്രതീകാത്മകം)
