പഴയ തലമുറയിലെ ജോലിക്കാർ കാലങ്ങളായി മനസിൽ കൊണ്ടുനടക്കുന്നതും എന്നാൽ ഒരിക്കലും തുറന്ന് പ്രകടിപ്പിക്കാൻ സാധിക്കാത്തതുമായ ഒരു കാര്യമാണ് ആ 25 -കാരി തുറന്ന് പറഞ്ഞത് എന്നാണ് റിയ പറയുന്നത്. 

ജോലി സ്ഥലത്തെ പുതുതലമുറക്കാരെ കുറിച്ച് മിക്കവാറും പഴയ ആളുകൾ പരാതി പറയാറുണ്ട്. പറഞ്ഞത് ശ്രദ്ധിക്കില്ല, തിരിച്ച് എന്തെങ്കിലും പറയും, ​ഗൗരവമായിരിക്കില്ല തുടങ്ങി ഒരുപാട് പരാതികൾ ഉന്നയിക്കുന്നവരുണ്ട്. എന്നാൽ, കാര്യങ്ങൾ അങ്ങനെ മാത്രമല്ല എന്ന് പറയുകയാണ് ലിങ്ക്ഡ്ഇന്നിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ്. 

ഫസ്റ്റ്‌സോഴ്‌സിലെ ടാലന്റ് അക്വിസിഷൻ സ്‌പെഷ്യലിസ്റ്റായ റിയ ഡാഡിച്ചാണ് പോസ്റ്റ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്. 25 വയസുള്ള ഒരു പെൺകുട്ടിയുമായി സംസാരിച്ചതിൻ‌റെ അനുഭവമാണ് റിയ പങ്കുവയ്ക്കുന്നത്. അവളുടെ പ്രതികരണം റിയയെ വല്ലാതെ സ്വാധിനിച്ചതായിട്ടാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്. ചിലപ്പോൾ ശനിയാഴ്ചകളിലും ജോലി ചെയ്യേണ്ടി വരും എന്ന് അറിയച്ചതിന് പിന്നാലെ 25 -കാരി തനിക്ക് ആ ജോലി വേണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു. 

കോർപ്പറേറ്റ് ലോകത്ത് സാധാരണയായി ഈ പുതുതലമുറയെ കുറിച്ച് താൻ കേൾക്കുന്ന പരാതിയെ കുറിച്ച് റിയ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ജെൻ സീ കുട്ടികൾക്ക് ക്ഷമയില്ല, വിശ്വസ്തതയില്ല എന്നെല്ലാം കേട്ടതിനെ കുറിച്ച് റിയ പറയുന്നു. എന്നാൽ ആ 25 -കാരിയുമായുണ്ടായ സംസാരം റിയയുടെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു എന്നാണ് പറയുന്നത്. 

ശനിയാഴ്ചകളിൽ ജോലി ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോൾ അവൾ റിയയോട് പറഞ്ഞത്, തന്റെ പരമാവധി ജോലി ചെയ്യാൻ താൻ പ്രതിജ്ഞാബദ്ധയാണ്, പക്ഷേ, 30 വയസാകുമ്പോഴേക്കും ഈ ജോലി തന്റെ ആരോ​ഗ്യമടക്കം നശിപ്പിക്കുന്നത് സമ്മതിക്കാൻ താൻ തയ്യാറല്ല എന്നാണ്. 

ആദ്യം ആ പ്രതികരണം തന്നെ അസ്വസ്ഥമാക്കി എന്ന് റിയ പറയുന്നു. എന്നാൽ, പിന്നീട് അത് ആരാധനയായി മാറി എന്നാണ് അവൾ പറയുന്നത്. പഴയ തലമുറയിലെ ജോലിക്കാർ കാലങ്ങളായി മനസിൽ കൊണ്ടുനടക്കുന്നതും എന്നാൽ ഒരിക്കലും തുറന്ന് പ്രകടിപ്പിക്കാൻ സാധിക്കാത്തതുമായ ഒരു കാര്യമാണ് ആ 25 -കാരി തുറന്ന് പറഞ്ഞത് എന്നാണ് റിയ പറയുന്നത്. 

നമ്മളിൽ പലർക്കും പറയാൻ കഴിയാത്തത് പറയാൻ അവൾക്ക് ധൈര്യമുണ്ടായി എന്നാണ് റിയ പറയുന്നത്. ഒപ്പം ജെൻ സീക്ക് അല്ല കുഴപ്പം. നമ്മൾ അബോധമായി പിന്തുടർന്നതും ഇപ്പോൾ മുറുകെ പിടിക്കാനാ​ഗ്രാഹിക്കുന്നതുമായ സംസ്കാരത്തിന്റേതായിരിക്കാം കുഴപ്പം. അത് മാറ്റാനായിരിക്കാം ഈ തലമുറ ശ്രമിക്കുന്നത് എന്നും റിയ പറയുന്നു. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം