59 പേര്‍ മരിക്കാനിടയായ ദില്ലി ഉപ്ഹാര്‍ തീയേറ്റര്‍ ദുരന്തത്തിന് ഇന്ന് 25 വയസ്സ്. പി ആര്‍ വന്ദന എഴുതുന്നു 

ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍, ജാക്കി ഫറഫ്, അക്ഷയ് ഖന്ന തുടങ്ങി നീണ്ട താരനിര അണിനിരന്ന യുദ്ധസിനിമ ബോര്‍ഡര്‍ കണ്ട് ഒരുച്ചനേരം സന്തോഷിക്കാന്‍ വന്നവരാണ് പടര്‍ന്നുകയറിയ തീയും പുകയും കാരണം ഒരു കണ്ണുനീരോര്‍മയായി വീടുകളില്‍ മടങ്ങിയെത്തിയത്. നൂറിലേറെ പേര്‍ക്ക് പരിക്കുപറ്റി.

ദില്ലിയിലെ നീലം-ശേഖര്‍ കൃഷ്ണമൂര്‍ത്തി ദമ്പതികളുടെ ജീവിതത്തിന് നിറങ്ങള്‍ നഷ്ടപ്പെട്ടിട്ട് ഇന്ന് 25 കൊല്ലമായി. മകള്‍ ഉന്നതി പതിനേഴാം വയസ്സിലും മകന്‍ പതിമൂന്നുകാരന്‍ ഉജ്ജ്വലും മരിച്ചിട്ട് അത്രയും കൊല്ലമായി. എന്തെങ്കിലും അസുഖമല്ല, അനാസ്ഥയുടേയും ആര്‍ത്തിയുടേയും ദുര ജ്വലിപ്പിച്ച തീനാളങ്ങളാണ് അവരെ കൊണ്ടുപോയത്. 

1997 ജൂണ്‍ 13-ന് ദില്ലിയില്‍ ഉപ്ഹാര്‍ തീയേറ്ററിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ച 59 പേരില്‍ രണ്ടുപേര്‍ ഈ ചേച്ചിയും അനിയനുമാണ്. അന്ന് ജീവിതത്തിലെ നിറങ്ങളാണ് നീലത്തിനും ശേഖറിനും കൈമോശം വന്നതെങ്കില്‍ ഇന്ന്, 25 കൊല്ലത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇന്നാട്ടിലെ നിയമവ്യവസ്ഥിതിയോടുള്ള വിശ്വാസവും വ്യവസ്ഥകളോടും ചട്ടങ്ങളോടുമുള്ള ബഹുമാനവുമാണ്.

ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍, ജാക്കി ഫറഫ്, അക്ഷയ് ഖന്ന തുടങ്ങി നീണ്ട താരനിര അണിനിരന്ന യുദ്ധസിനിമ ബോര്‍ഡര്‍ കണ്ട് ഒരുച്ചനേരം സന്തോഷിക്കാന്‍ വന്നവരാണ് പടര്‍ന്നുകയറിയ തീയും പുകയും കാരണം ഒരു കണ്ണുനീരോര്‍മയായി വീടുകളില്‍ മടങ്ങിയെത്തിയത്. നൂറിലേറെ പേര്‍ക്ക് പരിക്കുപറ്റി.

വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ നിര്‍മാണത്തിലും സുരക്ഷാമാനദണ്ഡപാലനത്തിലും എല്ലാം നിരവധി ക്രമക്കേടുകളും പോരായ്മകളും വീഴ്ചകളും കണ്ടെത്തി. എമര്‍ജന്‍സി വിളക്കുകളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല, പ്രവേശനകവാടങ്ങളിലെ പോക്കുംവരവും സുഗമമായിരുന്നില്ല, എക്‌സോസ്റ്റ് ഫാനുകളുടെ ഇടം കാര്‍ഡ് ബോര്‍ഡ് വെച്ച് മറച്ചിരുന്നു എന്നതടക്കം വീഴ്ചകളുടെ നീണ്ട പട്ടിക. കുറ്റങ്ങളും കുറവുകളും പോരായ്മകളും മാത്രമായിരുന്നില്ല നീണ്ടത്. വിചാരണാനടപടികളുമാണ്. വര്‍ഷങ്ങളാണ് കോടതി നടപടികള്‍ നീണ്ടത്. അന്വേഷണത്തിന് സിബിഐ വന്നു. ഉദ്യോഗസ്ഥര്‍ക്കൊപ്പം വിചാരണക്കോടതി ജഡ്ജി നേരിട്ട് അപകടസ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. 2006ലെ ആ സന്ദര്‍ശനം പരമാവധി തെളിവുകള്‍ പരിശോധിക്കണമെന്ന ഹൈക്കോടതിനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. 

സിബിഐ 1997 നവംബറില്‍ കുറ്റപത്രം നല്‍കി. തീയേറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരന്‍മാര്‍ (സുശീലും ഗോപാലും) ഉള്‍പെടെ പതിനാറു പ്രതികള്‍. വിചാരണക്കെത്തിയത് 115 സാക്ഷികള്‍. നടപടികള്‍ നീണ്ടുനീണ്ടുപോയി. ആദ്യത്തെ ഏഴുകൊല്ലം മാത്രം കോടതി കൂടിയത് 344 തവണ. പ്രതിപ്പട്ടികയിലെ നാലുപേര്‍ മരിച്ചു. എട്ട് സാക്ഷികള്‍ കൂറുമാറി. 2002-ല്‍ കേസ് നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുപോലും നടപടിക്രമങ്ങളുടെ ഒച്ചിഴയല്‍ വേഗത്തിന് വലിയ വ്യത്യാസമൊന്നും വന്നില്ല. 2007 നവംബറിലാണ് വിധി വന്നത്. അന്‍സാല്‍ സഹോദരന്‍മാര്‍ ഉള്‍പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തടവുംപിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. അവിടം കൊണ്ടും നിയമപോരാട്ടം തീര്‍ന്നില്ല. 2015 ഓഗസ്റ്റില്‍ അന്തിമഉത്തരവില്‍ സുപ്രംകോടതി അന്‍സല്‍ സഹോദരന്‍മാര്‍ മുപ്പത് കോടി രൂപ മൂന്ന് മാസത്തിനകം പിഴയടക്കണമെന്ന് വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ തടവും. 2017 ഫെബ്രുവരിയില്‍ പുനപരിശോധനാഹര്‍ജിയില്‍ ഗോപാല്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണമെന്ന് വിധിച്ചു. പ്രായം കണക്കിലെടുത്ത് സുശീലിനെ ഒഴിവാക്കി. തീര്‍ന്നില്ല. കേസിലെ തെളിവുകള്‍ അട്ടിമറിച്ച കേസില്‍ 2021 -ല്‍ ദില്ലി കോടതി അന്‍സല്‍ സഹോദരന്‍മാര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. അപ്പീല്‍ നടപടികളുമായി കേസ് തുടരുന്നു. 

AVUT അഥവാ അസോസിയേഷന്‍ ഓഫ് വിക്ടിംസ് ഓഫ് ഉപ്ഹാര്‍ ട്രാജഡി അഥവാ ഉപ്ഹാര്‍ ദുരന്തത്തിന് ഇരകളായവരുടെ കൂട്ടായ്മ നീതിനിഷേധത്തിനും നഷ്ടപരിഹാരത്തിനുമായി നടത്തിയ നിയമപോരാട്ടം ഇന്ത്യയുടെ നീതിന്യായചരിത്രത്തിലെ പ്രാധാന്യമുള്ള ഏടാണ്. ഇത്ര വലിയ നഷ്ടപരിഹാരത്തുക വിധിച്ച കേസുകള്‍ നമ്മുടെ നാട്ടില്‍ അധികമില്ല. പക്ഷേ അപ്പോഴും ചട്ടങ്ങളുടെ ഇടയിലെ ചെറിയ വിടവുകളിലൂടെ ധനത്തിന്റെ ഹുങ്കില്‍ അന്‍സല്‍ സഹോദരന്‍മാര്‍ക്ക് തടവ് ശിക്ഷ കുറക്കാന്‍ കഴിഞ്ഞതും കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞതും നീതിന്യായവ്യവസ്ഥയുടെ പോരായ്മകള്‍ വെളിവാക്കുന്നതാണ്. 

സമ്പത്തുള്ളവര്‍ക്ക് മുന്നില്‍ നടപടിക്രമങ്ങളും വ്യവസ്ഥകളും നിബന്ധനകളും ഇല്ലാതാകുന്നതും ഉദ്യോഗസ്ഥര്‍ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതും നമ്മുടെ ഭരണനിര്‍വഹണ, ഉദ്യോഗസ്ഥക്രമത്തിലെ പാളിച്ചകളും ബലഹീനതകളും വെളിവാക്കുന്നതാണ്. അന്ന് 25 കൊല്ലം മുമ്പ് ഉയര്‍ന്നു കേട്ട നിലവിളികളേക്കാള്‍ ഒച്ചത്തില്‍ ഇന്നും ഉപ്ഹാര്‍ ദുരന്തം എന്ന വാക്ക് നെടുവീര്‍പ്പുകള്‍ ഉയര്‍ത്തുന്നതും അതുകൊണ്ടാണ്.

അനുബന്ധം:
ജീവന്‍ പൊലിഞ്ഞവരോ. അവരുടെ കുടുംബത്തിന്റെ് തീരാദു:ഖമോ പരിക്കേറ്റും പൊള്ളലേറ്റും വേദന തിന്ന് ജീവന്‍ തിരിച്ചുപിടിച്ചവരുടെ മാനസികാഘാതമോ നിയമപോരാട്ടങ്ങളോ നീതിപീഠങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ഇടപെടലുകളോ ഒന്നും പക്ഷെ കാര്യങ്ങള്‍ മാറ്റിയിട്ടില്ല. തെളിവുകള്‍ താഴെ പറയുന്ന ദുരന്തകഥകള്‍ തന്നെ. ഉപ്ഹാര്‍ ഒന്നിന്റേയും അവസാനമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ഉപ്ഹാറിന് ശേഷം ദില്ലി കണ്ട തീപിടിത്തങ്ങള്‍.

1999
ഓള്‍ഡ് ദില്ലിയിലെ ലാല്‍ക്വാന്‍ പ്രദേശത്ത് കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം, 57 മരണം

2011
നന്ദ്ഗിരിയില്‍ പൊതുപരിപാടിക്കിടെ തീപിടിത്തം 14 മരണം

2018 
ജനുവരി
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച പടക്കശാലയില്‍ തീപിടിത്തം 17 മരണം
ഏപ്രില്‍
കോഹത് എന്‍ക്ലേവില്‍ തീപിടിത്തം, രണ്ട് കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ മരിച്ചു
നവംബര്‍
കരോള്‍ ബാഗിലെ ഫാക്ടറിയില്‍ തീപിടിത്തം നാല് മരണം

2019 ഫെബ്രുവരി
ഹോട്ടല്‍ അര്‍പിത് പാലസ് ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിതത്തം 17 മരണം

2019 ഡിസംബര്‍
അനജ് മന്‍ഡിയില്‍ പാര്‍പിടകെട്ടിടത്തില്‍ തീപിടിത്തം 43 മരണം

2021 ജൂണ്‍
ഉദ്യോഗ് നഗറില്‍ ഷൂ ഫാക്ടറിയില്‍ തീപിടിത്തം, ആറ് മരണം

2022 ഇതുവരെ
ഗോകുല്‍പുരിയില്‍ മരിച്ചത് ഏഴുപേര്‍, മുന്‍ഡ്കയില്‍ മരിച്ചത് 27പേര്‍