അങ്ങനെ അവന് 27 മിഡിൽ നെയിമുകൾ നൽകി. അതിൽ കാറ്റ്, പക്ഷി, സമുദ്രം, ഭക്ഷണം തുടങ്ങി പലവിധ കാര്യങ്ങളും വരുന്നുണ്ട്. എന്നാൽ, തമാശ ഇതൊന്നുമല്ല, അച്ഛൻ തന്നെ ഇതിൽ പല പേരുകളും മറന്നു പോയി. 

എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികൾ വളരെ പ്രിയപ്പെട്ടവരും പ്രധാനപ്പെട്ടവരും ആയിരിക്കും. അവർക്ക് പേര് നൽകുമ്പോൾ വിശേഷപ്പെട്ടതെന്തെങ്കിലും ചെയ്യാൻ അവർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ, അവർക്ക് ഒന്നോ രണ്ടോ മിഡിൽ നെയിം നൽകുന്നതൊക്കെ സാധാരണമാണ്. എന്നാൽ, ഇവിടെ ഒരു മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന് നൽകിയിരിക്കുന്നത് 27 മിഡിൽ നെയിമുകളാണ്. 

എങ്ങനെയാണ് അത്രയും പേര് അവന് നൽകിയത് എന്നും അദ്ദേഹം Quora-യിൽ വിശദീകരിച്ചു. 1970-കളിൽ തന്റെ ആദ്യ മകൻ ജനിച്ചപ്പോൾ, താനും ഭാര്യയും ഹിപ്പി കമ്മ്യൂണിറ്റിയിലെ പൂർണ്ണ അംഗങ്ങളായിരുന്നു. മറ്റ് ഹിപ്പികൾ അടങ്ങിയ ഒരു വലിയ കുടുംബം തന്നെ അവർക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

മറ്റാർക്കും ഇല്ലാത്ത പേര് തന്നെ മകന് നൽകണം എന്ന് മാതാപിതാക്കൾ തീരുമാനിച്ചു. ഈ ലോകത്തോടുള്ള സ്നേഹമാകെയും പ്രതിഫലിക്കുന്നതായിരിക്കണം അവന്റെ പേര് എന്നും മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നുവത്രെ. അങ്ങനെ അവർ പ്രത്യേകതയുള്ള പേരുകൾ തെരഞ്ഞ് തുടങ്ങി. 

അങ്ങനെ റെയിൻ (മഴ) എന്ന് തുടങ്ങുന്ന ആദ്യ നാമം അവന് തീരുമാനിച്ചു. പിന്നീട്, തങ്ങളുടെ ഓരോ സുഹൃത്തുക്കളിൽ നിന്നായി കു‌ട്ടിക്കുള്ള മിഡിൽ നെയിം അന്വേഷിച്ച് തുടങ്ങി. അങ്ങനെ ഓരോ സുഹൃത്തുക്കളും ഓരോ പേര് പറഞ്ഞു. അതെല്ലാം അവന് നൽകാനും തീരുമാനമായി. അതിൽ ഓരോ സമയത്തും ഏത് പേര് വേണമെന്ന് അവന് തീരുമാനിക്കാം എന്നും ധാരണയായി. 

അങ്ങനെ അവന് 27 മിഡിൽ നെയിമുകൾ നൽകി. അതിൽ കാറ്റ്, പക്ഷി, സമുദ്രം, ഭക്ഷണം തുടങ്ങി പലവിധ കാര്യങ്ങളും വരുന്നുണ്ട്. എന്നാൽ, തമാശ ഇതൊന്നുമല്ല, അച്ഛൻ തന്നെ ഇതിൽ പല പേരുകളും മറന്നു പോയി. 

ഏതായാലും കുട്ടിയോട് ഇതിൽ ഏത് പേര് വേണമെങ്കിലും സ്വന്തം പേരായി തെരഞ്ഞെടുക്കാമെന്നും ഇനി അഥവാ ഇതൊന്നും ഇഷ്ടമായില്ലെങ്കിൽ ഇഷ്ടപ്പെടുന്ന ഏതെങ്കിലും പേര് തെരഞ്ഞെടുക്കാമെന്നും അച്ഛൻ മകനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ മൂന്നാമത്തെ വയസിൽ അവനോട് ഇതെല്ലാം വിശദീകരിച്ചു. നാലാമത്തെ വയസിൽ അവൻ സ്വന്തം പേര് കണ്ടെത്തി. അത് ബ്രെറ്റി ക്രോക്കർ എന്നായിരുന്നു. ഏതായാലും ഇങ്ങനെ ഒക്കെ അവസരം കിട്ടുന്നത് നല്ലതാണ് അല്ലേ? സ്വന്തമായി പേരിടാനുള്ള അവസരം കിട്ടുന്നത്?