തന്റെ സമ്പാദ്യം 35 വയസ്സിനുള്ളിൽ 6,25,000 ഡോളറായി ഉയർത്താനും പിന്നീട് എന്നെന്നേക്കുമായി വിരമിക്കാനുമാണ്  ടാനർ പദ്ധതിയിടുന്നത്.  

റിട്ടയർമെൻറ് ലൈഫ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എത്രാമത്തെ വയസ്സിൽ വിശ്രമ ജീവിതത്തിലേക്ക് കടക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൂടുതൽ ആളുകളുടെയും ഉത്തരം ഇല്ല എന്നാകാനാണ് സാധ്യത കൂടുതൽ. എന്നാൽ അമേരിക്കൻ സ്വദേശിയായ ഒരു യുവാവ് തൻറെ വിശ്രമ ജീവിതത്തിൽ ആവശ്യമായതെല്ലാം ഇപ്പോൾ തന്നെ സജ്ജമാക്കി കഴിഞ്ഞു. 29 കാരനായ ടാനർ ഫിർൽ എന്ന യുവാവാണ് 35 -ാം വയസ്സിൽ തൻറെ റിട്ടയർമെൻറ് ലൈഫ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ആ സമയത്ത് ജീവിക്കാൻ ആവശ്യമായ മൂന്ന് കോടിയോളം രൂപയും ഇതിനോടകം തന്നെ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞു. 

അമേരിക്കയിലെ മിനിയാപൊളിസിലാണ് ഭാര്യ ഇസബെല്ലയോടൊപ്പം ടാനർ താമസിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ചിട്ടയായ സാമ്പത്തിക അച്ചടക്കം തൻറെ ജീവിതത്തിൻറെ ഭാഗമാക്കിയ ടാനർ ആ സമ്പാദ്യശീലത്തിലൂടെയാണ് ഇത്രയും അധികം തുക സമ്പാദിച്ചത്. താനും അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ അനാവശ്യ കാര്യങ്ങൾക്കായി ചെറിയ തുക പോലും ചിലവഴിക്കാറില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.

തന്റെ സമ്പാദ്യം 35 വയസ്സിനുള്ളിൽ 6,25,000 ഡോളറായി ഉയർത്താനും പിന്നീട് എന്നെന്നേക്കുമായി വിരമിക്കാനുമാണ് ടാനർ പദ്ധതിയിടുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജോലി ഉപേക്ഷിച്ച് കഴിഞ്ഞാലും ടാനറിന്റെ കുടുംബത്തിന് പ്രതിവർഷം $25,000 വാർഷിക വരുമാനം നൽകും.

മിനസോട്ട സർവകലാശാലയിൽ നിന്ന് 2015-ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് ദേശീയ സുരക്ഷാ ഏജൻസിയിൽ ജോലി ലഭിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ വരുമാനം പ്രതിവർഷം $66,000 ആയിരുന്നു, അതേ വർഷം തന്നെ ഇസബെലിനെ വിവാഹം കഴിച്ചു. അന്നുമുതൽ, തുടങ്ങിയതാണ് ഇരുവരും വിശ്രമ ജീവിതത്തിനായുള്ള സമ്പാദ്യം.