കോഫി കുടിച്ചു കഴിഞ്ഞതിനുശേഷം ക്രെഡിറ്റ് കാർഡ് വഴിയാണ് ഇവർ പണം നൽകിയത്. അതുകൊണ്ടുതന്നെ പണം എത്രയായി എന്ന് അന്ന് അവർ കൃത്യമായി പരിശോധിച്ചില്ല.
ഓരോ കപ്പ് കാപ്പി കുടിച്ചതോടെ കുടുംബം പട്ടിണിയായ അവസ്ഥയിലാണ് ഒക്ലഹോമ സ്വദേശികളായ ദമ്പതികൾ. സ്റ്റാർബക്സ് കോഫി പൊതുവിൽ വിലയേറിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നെങ്കിലും അത് തങ്ങളുടെ പോക്കറ്റ് ഇങ്ങനെ കാലിയാക്കുമെന്ന് അവർ കരുതിയില്ല.
സ്റ്റാർബക്സിന്റെ തുൾസ ഔട്ട്ലെറ്റിൽ നിന്നാണ് ജെസ്സി ഒഡെലും അദ്ദേഹത്തിൻറെ ഭാര്യയും ഓരോ കപ്പ് കോഫി കുടിച്ചത്. എങ്ങനെ വന്നാലും രണ്ടു കോഫികൾക്കും കൂടി 10 ഡോളറിൽ കൂടുതൽ ആകില്ല എന്നായിരുന്നു അവർ കരുതിയത്. അതായത് 830 രൂപ. എന്നാൽ, കോഫി കുടിച്ചു കഴിഞ്ഞതിനുശേഷം ഇരുവർക്കും വന്ന ബില്ല് ആണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. 4,456.27 ഡോളറാണ് ബില്ല് ആയി വന്നത്. അതായത് ഏകദേശം 3,68,137 ഇന്ത്യൻ രൂപ. ഏതായാലും ജനുവരി ഏഴ് തനിക്ക് മറക്കാനാകില്ലെന്നും ആ ദിവസത്തെ കോഫി കുടിയോടുകൂടി താൻ പാപ്പരായെന്നുമാണ് ജെസ്സി ഒഡെൽ പറയുന്നത്.
കോഫി കുടിച്ചു കഴിഞ്ഞതിനുശേഷം ക്രെഡിറ്റ് കാർഡ് വഴിയാണ് ഇവർ പണം നൽകിയത്. അതുകൊണ്ടുതന്നെ പണം എത്രയായി എന്ന് അന്ന് അവർ കൃത്യമായി പരിശോധിച്ചില്ല. എന്നാൽ തൊട്ടടുത്ത ദിവസം ഒരു മാളിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനു ശേഷം ബില്ല് നൽകാനായി ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് അതിൽ പണം ഇല്ല എന്ന് ഇരുവരും തിരിച്ചറിഞ്ഞത്. അതിനുശേഷം ബാങ്ക് സ്റ്റേറ്റ്മെൻറ് പരിശോധിച്ചപ്പോഴാണ് തങ്ങളുടെ പണം എവിടെയാണ് ചോർന്നത് എന്ന് ദമ്പതികൾക്ക് മനസ്സിലായത്.
അവർ ഉടൻതന്നെ കോഫി ഔട്ട്ലെറ്റുമായി ബന്ധപ്പെട്ടു. തങ്ങളുടെ ഭാഗത്തുനിന്നും വന്ന പിഴവാണ് എന്ന് സമ്മതിച്ചുകൊണ്ട് സ്റ്റാർബക്സ് ഉദ്യോഗസ്ഥർ അവർക്ക് രണ്ട് ചെക്കുകൾ അയച്ചെങ്കിലും അവ രണ്ടും ബൗൺസായി. ഇതുമായി ബന്ധപ്പെട്ട ദമ്പതികൾ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാതെ വന്ന ഈ തിരിച്ചടി തങ്ങളുടെ അവധിക്കാലയാത്ര മുടക്കി എന്നാണ് ദമ്പതികൾ പറയുന്നത്. രണ്ടു കുട്ടികളുള്ള ഇവർ കുടുംബസമേതം തായ്‌ലന്റിലേക്ക് വിനോദയാത്ര പോകാനായി തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ യാത്രയ്ക്കുള്ള പണം ഇല്ലാത്തതിനാൽ അത് വേണ്ടെന്നു വയ്ക്കേണ്ട അവസ്ഥയിലാണെന്ന് ഇവർ പറയുന്നു.
കയ്യബദ്ധം സംഭവിച്ചതാണ് ഇതെന്നും തങ്ങളുടെ ഭാഗത്തുനിന്നും വന്ന തെറ്റ് തിരുത്താൻ ദമ്പതികളുമായി ആശയവിനിമയം നടത്തി വരികയാണെന്നും സ്റ്റാർബക്സ് വക്താവ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു.
