തനിക്ക് പാചകം ചെയ്യാൻ അറിയുമായിരുന്നില്ല എന്നും ക്ലീനിംഗ് ചെയ്യാറേ ഇല്ലായിരുന്നു നേരത്തെ എന്നും യുവാവ് പറയുന്നു. എന്നാൽ, ഇതെല്ലാം ഒരു ചലഞ്ചായി ഏറ്റെടുത്ത് സ്വയം ചെയ്യാൻ തുടങ്ങി.
ശാന്തമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ താമസിച്ചുവന്ന ഒരാൾ തിരക്കേറിയ ബെംഗളൂരു നഗരത്തിലേക്ക് താമസം മാറിയാൽ എങ്ങനെയിരിക്കും? റെഡ്ഡിറ്റിൽ അടുത്തിടെ ഒരാൾ അങ്ങനെ ഒരു അനുഭവം ഷെയർ ചെയ്തു.
@Dry_Asparagus_6654 എന്ന യൂസർ നെയിമിലുള്ള യുവാവാണ്, 'ബെംഗളൂരുവിൽ 3 വർഷം പൂർത്തിയാക്കിയിരിക്കുന്നു- ഭയത്തിൽ നിന്നും സ്നേഹത്തിലേക്ക്' എന്ന ടൈറ്റിലിലുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്, ഒരു സ്യൂട്ട്കേസും, ഒരുപാട് പ്രതീക്ഷകളും, അൽപ്പം ഭയവും മാത്രം കൊണ്ടാണ് ഞാൻ ബെംഗളൂരുവിലേക്ക് കാലെടുത്തുവച്ചത് എന്നാണ് യുവാവ് എഴുതുന്നത്. ജോലിയോ പരിചയക്കാരോ ഇല്ലാതെ, നഗരജീവിതത്തിലേക്കുള്ള ആ മാറ്റം എളുപ്പമായിരുന്നില്ല. ശാന്തമായ ദ്വീപിൽ ജീവിച്ച് പരിചയിച്ച് വന്ന യുവാവായതിനാൽ തന്നെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് ജീവിക്കാനായിരുന്നു യുവാവിന്റെ തീരുമാനം.
തനിക്ക് പാചകം ചെയ്യാൻ അറിയുമായിരുന്നില്ല എന്നും ക്ലീനിംഗ് ചെയ്യാറേ ഇല്ലായിരുന്നു നേരത്തെ എന്നും യുവാവ് പറയുന്നു. എന്നാൽ, ഇതെല്ലാം ഒരു ചലഞ്ചായി ഏറ്റെടുത്ത് സ്വയം ചെയ്യാൻ തുടങ്ങി. പയ്യെപ്പയ്യെ ഇതെല്ലാം ഇഷ്ടമായി വന്നു എന്നും പോസ്റ്റിൽ പറയുന്നു. ട്രാഫിക്കിന്റെ ബുദ്ധിമുട്ടുകളും പൊലീസുകാരുടെ പ്രശ്നങ്ങളും ഭാഷയെന്ന തടസവും ഒക്കെ നിലനിൽക്കുന്നുണ്ടെങ്കിലും അതിനേക്കാളെല്ലാം ഉപരിയായി നഗരത്തിലെ പൊസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് യുവാവ് എടുത്തു പറയുന്നത്.
ഊഷ്മളതയോടെ പെരുമാറുന്ന അപരിചിതരിൽ തുടങ്ങി കുടുംബമായി മാറിയ സുഹൃത്തുക്കളെ തന്നതിന് വരെ യുവാവ് നഗരത്തെ നന്ദിയോടെയാണ് കാണുന്നത്. 'ബെംഗളൂരു, നീയെന്നെ കുറച്ചുകൂടി മെച്ചപ്പെട്ടവനാക്കി, ചിയേഴ്സ്' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.


