Asianet News MalayalamAsianet News Malayalam

ശരീരത്തിലേറ്റത് 30 വെടിയുണ്ടകൾ, കയറ്റിയത് 80 കുപ്പി ചോര - ഇന്ദിര കൊല്ലപ്പെട്ട നാൾ നടന്നത് ഇതൊക്കെ

ആദ്യത്തെ വെടിയേറ്റ് ഇന്ദിരാഗാന്ധി വീണപ്പോൾ തന്നെ സത്‌വന്ത് ആകെ പകച്ചുപോയി. അടുത്ത നിമിഷം ബിയാന്ത് സിംഗിന്റെ ഘോരശബ്ദം മുഴങ്ങി, " സത്‌വന്ത്, ഗോലി ചലാവോ..." 

30 bullets hit Indira Gandhi, 80 pints of blood tried to save her, the details of the Assassination that rocked India
Author
Delhi, First Published Oct 31, 2019, 1:50 PM IST

" ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. നാളെ ഞാൻ ഉയിരോടെയുണ്ടാകുമോ എന്നുറപ്പില്ല. ഇത്രയും കാലം നിങ്ങൾക്കിടയിൽ ജീവിക്കാൻ കഴിഞ്ഞതിലും, അതിന്റെ സിംഹഭാഗവും നിങ്ങളുടെ സേവനത്തിനായി നീക്കിവെക്കാനായതിലും ഞാൻ കൃതാർത്ഥയാണ്. ഇനിയങ്ങോട്ടും ഞാൻ നിങ്ങളെ സേവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഞാൻ മരിച്ചുവീഴുമ്പോഴും, എന്റെ ഓരോ തുള്ളിച്ചോരയും ഈ നാടിനെ ശക്തിപ്പെടുത്താൻ പ്രയോജനപ്പെടും." 

1984  ഒക്ടോബർ 30 -ന്  ഉച്ചയോടെ ഒഡിഷയിലെ ഭുബനേശ്വർ നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ വേണ്ടി ഇന്ദിരാ ഗാന്ധി പോഡിയത്തിനരികിലേക്ക് നീങ്ങിയപ്പോൾ അവരുടെ കയ്യിൽ പതിവുപോലെ, തന്റെ വിശ്വസ്തനായ മാധ്യമ ഉപദേഷ്ടാവ് എച്ച് വൈ ശാരദാപ്രസാദ്‌ തയ്യാർ ചെയ്ത പ്രസംഗത്തിന്റെ പകർപ്പുണ്ടായിരുന്നു. അത് നോക്കി വായിക്കുകയാണ് റാലികളിൽ ഇന്ദിരയുടെ പതിവുരീതി. എന്നാൽ പതിവിനു വിരുദ്ധമായി ആ റാലിയിൽ അണിനിരന്ന അണികളെ നോക്കി ഇന്ദിര പറഞ്ഞ ആ വാക്കുകൾ ഏറെ പ്രവചനാത്മകമായിരുന്നു എന്നുവേണം പറയാൻ. കാരണം, അവ ഉച്ചരിച്ച് നേരത്തോടു നേരം കഴിയും മുമ്പ് ഇന്ദിരാഗാന്ധിയുടെ ചോര ഭാരതത്തിന്റെ മണ്ണിൽ ചിന്തി. 

റാലിയിൽ  പ്രസംഗത്തിന് ശേഷം കാറിൽ രാജ്ഭവനിലേക്ക് മടങ്ങവേ, ഒഡീഷാ ഗവർണർ ബിശ്വംബർനാഥ് പാണ്ഡെ ഇന്ദിരയോട് പറഞ്ഞു, " മാഡം മരണത്തെപ്പറ്റി പറഞ്ഞത് എന്നെ ആകെ ഞെട്ടിച്ചുകളഞ്ഞു.." 

" ഞാൻ വളരെ ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്", ഇന്ദിര പറഞ്ഞു. 

 

30 bullets hit Indira Gandhi, 80 pints of blood tried to save her, the details of the Assassination that rocked India

 

അന്നുരാത്രി തിരികെ ദില്ലിയിൽ എത്തിയപ്പോഴേക്കും ഇന്ദിര ആകെ ക്ഷീണിതയായിരുന്നു. എന്നിട്ടും ഇന്ദിരക്ക് അന്ന് രാത്രി ഉറക്കം ഒട്ടും ശരിയായില്ല. അടുത്ത മുറിയിലായിരുന്നു സോണിയാഗാന്ധി കിടന്നിരുന്നത്. സോണിയ ആസ്ത്മാരോഗിയാണ്. രാവിലെ നാലുമണിയ്ക്ക് എഴുന്നേറ്റ് വലിവിനുള്ള ഗുളികയും കഴിക്കാൻ വേണ്ടി സോണിയ ബാത്ത്റൂമിലേക്ക് നടന്നപ്പോൾ ഇന്ദിരാഗാന്ധി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. സോണിയയുടെ പിന്നാലെ ചെന്ന് ഇന്ദിര മരുന്ന് തപ്പിയെടുക്കാൻ സോണിയയെ സഹായിച്ചിരുന്നു എന്ന് തന്റെ പുസ്തകമായ 'രാജീവി'ൽ സോണിയ എഴുതി. ഇനി എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ തന്നെ വിളിക്കണം, താൻ ഉറങ്ങുന്നില്ല എന്നും ഇന്ദിര സോണിയയോട് പറഞ്ഞു. 

രാവിലെ ഏഴരയോടെ ഇന്ദിരാ ഗാന്ധി പ്രാതൽ കഴിക്കാൻ വേണ്ടി ഡൈനിങ് ടേബിളിലെത്തി. കറുത്ത ബോർഡറുള്ള, കുങ്കുമനിറത്തിലുള്ള ഒരു സാരിയായിരുന്നു ഇന്ദിരയുടെ വേഷം. ഇന്ദിരയുടെ അന്നത്തെ ആദ്യ അപ്പോയിന്റ്മെന്റ് പീറ്റർ ഉസ്തിനോവ് എന്ന ഇംഗ്ലീഷ് ചലച്ചിത്രകാരനുമായിട്ടായിരുന്നു. ഇന്ദിരാ ഗാന്ധിയെപ്പറ്റി ഒരു ഡോക്യുമെന്ററി നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തിയ ഉസ്തിനോവ് ഒഡിഷയിലും കൂടെ നടന്ന് ഇന്ദിരയുടെ കുറെ ഫൂട്ടേജ് എടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കല്ലിഗൻ, മിസോറമിൽ നിന്നുള്ള ഒരു നേതാവ് എന്നിവരെ കാണാനുണ്ടായിരുന്നു. രാത്രിയിൽ ബ്രിട്ടീഷ് രാജകുമാരി ആനിന് വിരുന്നുകൊടുക്കാനിരിക്കുകയായിരുന്നു ഇന്ദിര. 

അന്നത്തെ ഇന്ദിരയുടെ ബ്രേക്ക്ഫാസ്റ്റ് തികച്ചും 'ലൈറ്റ്' ആയിരുന്നു. രണ്ടു സ്ലൈസ് ടോസ്‌റ്റഡ്‌ ബ്രഡ്, കുറച്ച് കോൺ ഫ്ലേക്സ്, അത്രമാത്രം. പ്രാതലിനു ശേഷം പതിവുള്ള ഒരു ചെറിയ മേക്കപ്പ് ടച്ചിങ്. മുഖത്ത് ചെറുതായി ഒന്ന് പൗഡർ പൂശും, പിന്നെ ഇത്തിരി ബ്ലഷും. അത് കഴിഞ്ഞപ്പോഴേക്കും പേഴ്സണൽ ഡോക്ടറായ കെപി മാഥുർ ഇന്ദിരയെ പരിശോധിക്കാനെത്തി. അദ്ദേഹത്തെ അകത്തേക്ക് വിളിച്ച് ഇന്ദിര സംസാരിച്ചുതുടങ്ങി.അവർ തമ്മിൽ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ റീഗന്റെ മേക്കപ്പ് ഭ്രമത്തെപ്പറ്റിയും, എൺപതാമത്തെ വയസ്സിലും കറുത്തുതന്നെ ഇരിക്കുന്ന റീഗന്റെ മുടിയെപ്പറ്റിയുമെല്ലാം വെടിപറഞ്ഞിരുന്നു.

 

30 bullets hit Indira Gandhi, 80 pints of blood tried to save her, the details of the Assassination that rocked India

 

സമയം ഒമ്പതുമണി കഴിഞ്ഞ് പത്തുമിനിട്ട്. ഇന്ദിര പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ വസതിയുടെ വളപ്പിൽ സുഖകരമായ ഒരു വെയിൽ തെളിഞ്ഞു നിന്നിരുന്നു. പ്രധാനമന്ത്രിക്ക് വെയിലുകൊള്ളാതിരിക്കാൻ വേണ്ടി അംഗരക്ഷകൻ നാരായൺ സിങ്ങ്  ഒരു കറുത്ത കുടചൂടി കൂടെ നടന്നു. രണ്ടടി പിന്നിലായി കോൺഗ്രസ് നേതാവായ ആർ കെ ധവാൻ.  അദ്ദേഹത്തിനും പിന്നിലായി ഇന്ദിരയുടെ ഓർഡർലി നാഥുറാം. ഇതിനൊക്കെ ഒരല്പം പിന്നിലായി, ഇന്ദിരയുടെ സുരക്ഷയുടെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ രാമേശ്വർ ദയാൽ. അവർക്കെതിരെ കയ്യിൽ ടീസെറ്റുമേന്തിക്കൊണ്ട് ഒരു പരിചാരകൻ കടന്നുപോയി. അതിൽ ഉസ്തിനോവിന് പകർന്നുനൽകാനുള്ള ചായയായിരുന്നു. 

നടന്നു നടന്ന് ഇന്ദിര നമ്പർ വൺ അക്ബർ റോഡിലേക്ക്  ചേരുന്ന വിക്കറ്റ് ഗേറ്റിന് അടുത്തെത്താറായപ്പോൾ ഇന്ദിര ധവനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.  യമൻ സന്ദർശനത്തിന് പോയ പ്രസിഡണ്ട് ഗ്യാനി സെയിൽസിംഗിന്റെ സംഘത്തിന് കൈമാറാൻ ഒരു സന്ദേശം ഇന്ദിര ധവാനെ ഏൽപ്പിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ, പ്രസിഡണ്ടിനോടും സംഘത്തോടും രാത്രി ഏഴുമണിയോടെ തിരിച്ച് ദില്ലി പാലം എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും, അതിനുശേഷം ബ്രിട്ടീഷ് രാജകുമാരി ആനിനുള്ള വിരുന്നിനും വേണ്ട സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട് എന്നും ധവാൻ പറഞ്ഞു. 

ആർകെ പറഞ്ഞുതീരും മുമ്പ്, വിക്കറ്റ് ഗേറ്റിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഭടൻ ബിയാന്ത് സിങ്ങ് തന്റെ റിവോൾവറെടുത്ത് ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിച്ചു. വെടിയുണ്ട ഇന്ദിരയുടെ വയറ്റിൽ തുളച്ചുകയറി. ഇന്ദിര തന്റെ വലതുകൈ ഉയർത്തിക്കൊണ്ട് മുഖം മറച്ചു. അപ്പോഴേക്കും, അടുത്തേക്ക് വന്നു കഴിഞ്ഞ ബിയാന്ത് സിങ്ങ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് രണ്ടുതവണ കൂടി വെടിയുതിർത്തു. ഈ ഉണ്ടകൾ ഇന്ദിരയുടെ നെഞ്ചിലും, ചുമലിലും തറച്ചു. 

ഈ സംഭവം നടക്കുന്നതിന് അഞ്ചടി അകലെയായി മറ്റൊരു സുരക്ഷാ ഗാർഡായ സത്‌വന്ത് സിങ്ങ് തന്റെ തോംസൺ ഓട്ടോമാറ്റിക് ഗണ്ണുമായി നിൽപ്പുണ്ടായിരുന്നു. ആദ്യത്തെ വെടിയേറ്റ് ഇന്ദിരാഗാന്ധി വീണപ്പോൾ തന്നെ സത്‌വന്ത് ആകെ പകച്ചുപോയി. അടുത്ത നിമിഷം ബിയാന്ത് സിംഗിന്റെ ഘോരശബ്ദം മുഴങ്ങി, " സത്‌വന്ത്, ഗോലി ചലാവോ..." 

ഞെട്ടിയുണർന്ന സത്‌വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഇരുപത്തഞ്ചുണ്ടകളും ഇന്ദിരാഗാന്ധിയുടെ ദേഹത്തേക്ക് നിറയൊഴിച്ചു. അപ്പോഴേക്കും ബിയാന്ത് സിംഗിന്റെ റിവോൾവറിൽ നിന്ന് ആദ്യ ഉണ്ട പോയിട്ട് 25  സെക്കൻഡ് നേരം കഴിഞ്ഞിരുന്നു. മറ്റു സുരക്ഷാ ഭടന്മാർക്ക് അതുവരെ തിരിച്ച് ഒരു വെടിപോലും പൊട്ടിക്കാനായിരുന്നില്ല. സത്‌വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഉണ്ടകൾ ഇന്ദിരയുടെ ദേഹത്തേക്ക് പായിപ്പിച്ചുകൊണ്ടിരുന്ന നേരത്ത്, ഏറ്റവും പിന്നിലുണ്ടായിരുന്നു രാമേശ്വർ ദയാൽ ഓടി മുന്നോട്ടുവന്നു. അടുത്തെത്തിയതും സത്‌വന്ത് സിംഗിന്റെ തോക്കിൽ നിന്നുമുതിർന്ന ഉണ്ടകൾ ദയാലിന്റെ കാലിലും തുടയിലും തുളച്ചുകയറി, അദ്ദേഹം നിലത്ത് വീണുപോയി. 

അപ്പോഴേക്കും ഇന്ദിരയുടെ അനുചരരെല്ലാം അവിടേക്ക് ഓടിയെത്തി. വെടിയുണ്ടകളേറ്റ് അരിപ്പപോലെ ആയിരുന്ന ഇന്ദിരയുടെ ശരീരം കണ്ടു പരിഭ്രാന്തരായ അവർ പരസ്പരം ആജ്ഞകൾ നൽകാൻ തുടങ്ങി. അപ്പോഴേക്കും, നമ്പർ വൺ അക്ബർ റോഡിൽ നിന്നിരുന്ന പോലീസ് ഓഫീസർ ദിനേശ് കുമാർ ഭട്ട്, ബഹളം കേട്ട് അങ്ങോട്ടോടിവന്നു. 

അപ്പോഴേക്കും ബിയാന്ത് സിംഗും സത്‌വന്ത് സിംഗും തങ്ങളുടെ ആയുധങ്ങൾ നിലത്തിട്ടു. " ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്തുകഴിഞ്ഞു, ഇനി നിങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്തോ..! " 

അപ്പോൾ നാരായൺ സിംഗ് മുന്നോട്ടുവന്ന് ബിയാന്ത് സിംഗിനെ കീഴ്‌പ്പെടുത്തി, നിലത്തേക്ക് മറിച്ചിട്ടു. ഗാർഡ്‌റൂമിൽ നിന്ന് ഓടിവന്ന ഐടിബിപി ഭടൻ സത്‌വന്ത് സിംഗിനെയും കീഴടക്കി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സദാ ഒരു ആംബുലൻസ് തയ്യാറായി നിൽക്കുമെങ്കിലും, അന്ന് അതിന്റെ ഡ്രൈവർ അപ്രത്യക്ഷമായിരുന്നു. അപ്പോഴേക്കും ഇന്ദിരയുടെ ഉപദേഷ്ടാവായിരുന്ന മഖൻലാൽ ഫോത്തേദാർ  ബഹളം വെച്ചു കൊണ്ട് അവിടെത്തി. ''ആരെങ്കിലും ഒരു കാറും കൊണ്ട് പെട്ടെന്ന് വാ'' എന്ന്  നിർദേശിച്ചു. വെളുത്ത ഒരു ആംബുലൻസ് കാർ വന്നു. അതിന്റെ പിൻസീറ്റിലേക്ക് ആർകെ ധവാനും സബ് ഇൻസ്‌പെക്ടർ ദിനേശ് ഭട്ടും ചേർന്ന് ഇന്ദിരയെ കിടത്തി. മുൻ സീറ്റിൽ ആർകെ ധവാൻ, ഫോത്തേദാർ, ഡ്രൈവർ എന്നിവർ ഇരുന്നു. 

വണ്ടി പുറപ്പെടാൻ തുടങ്ങുമ്പോഴേക്കും ഈ ബഹളമൊക്കെ കേട്ട് അകത്ത് ഡ്രസിങ്ങ് ഗൗണിൽ നിന്നിരുന്ന സോണിയ ഗാന്ധി, " മമ്മീ.. മമ്മീ.. " എന്നലറിവിളിച്ചുകൊണ്ട് നഗ്നപാദയായി പുറത്തേക്കോടിവന്നു. കാറിനുള്ളിൽ വെടിയേറ്റുകിടന്ന ഇന്ദിരയെക്കണ്ടപ്പോൾ അതേ വേഷത്തിൽ തന്നെ സോണിയയും പിൻസീറ്റിൽ കേറി. ചോരയിൽ കുളിച്ച ഇന്ദിരയുടെ തല സോണിയ തന്റെ മടിയിലേക്ക് എടുത്തുവെച്ചു. 

വണ്ടി നേരെ വിട്ടത് AIIMS-ലേക്കായിരുന്നു. നാലുകിലോമീറ്റർ ദൂരം അംബാസഡറിൽ പറന്നുപോകുന്നതിനിടെ ആരും ഒരക്ഷരം മിണ്ടിയില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും  സോണിയാ ഗാന്ധിയുടെ നൈറ്റ് ഗൗൺ ഇന്ദിരയുടെ ചോരയിൽ കുളിച്ചുകഴിഞ്ഞിരുന്നു. 

ഒമ്പതര മണിക്ക് കാർ AIIMS-ലെ കാഷ്വാലിറ്റിയിലെത്തി. അവിടെ ഇന്ദിരയുടെ ബ്ലഡ് ഗ്രൂപ്പായ O  നെഗറ്റീവ് അപൂർവമായ ഗ്രൂപ്പാണെങ്കിലും, അവിടെ ആവശ്യത്തിന്  സ്റ്റോക്കുണ്ടായിരുന്നു. എന്നാൽ, അവർ കാറിൽ അവിടെ എത്തുന്നതിനിടെ നമ്പർ വൺ സഫ്ദർജംഗ് മാർഗിലുള്ള വസതിയിൽ നിന്ന് ആരും തന്നെ ആശുപത്രിയിൽ വിളിച്ച് ഇങ്ങനെ ഒരു സംഭാവമുണ്ടായിട്ടുണ്ടെന്നോ, കാറിൽ പ്രധാനമന്ത്രിയെ അങ്ങോട്ട് കൊണ്ടുവരുന്നുണ്ടെന്നോ ഒന്നും പറഞ്ഞിരുന്നില്ല. എമർജൻസി വാർഡിന്റെ വാതിൽ തുറന്ന് ഇന്ദിരയെ അകത്തേക്ക് സ്‌ട്രെച്ചറിൽ എടുക്കുന്നതിനിടെ മൂന്നുമിനിറ്റ് നഷ്ടപ്പെട്ടു. അവിടെ ഉണ്ടായിരുന്ന സ്‌ട്രെച്ചറിൽ ഇന്ദിരയെ ആകെത്തേക്ക് കൊണ്ടുപോയി. 

രാജ്യത്തിൻറെ പ്രധാനമന്ത്രിയെത്തന്നെ വെടിയുണ്ടകളേറ്റു ഗുരുതരാവസ്ഥയിൽ അവിടേക്ക് കൊണ്ടുചെന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഒരുനിമിഷം പകച്ചുപോയി. അവർ ആശുപത്രിയിലെ ഏറ്റവും പരിചയസമ്പന്നനായ കാർഡിയോളജിസ്റ്റിന് വിവരം കൈമാറി. മിനിറ്റുകൾക്കുള്ളിൽ ഡോ. ഗുലേറിയ, ഡോ. എം എം കപൂർ തുടങ്ങിയ വിദഗ്ധർ ഇന്ദിരക്കടുത്തെത്തി. 

ഇസിജിയിൽ നേരിയ ആക്ടിവിറ്റി കാണിക്കുന്നുണ്ടായിരുന്നു ഇന്ദിരക്കെങ്കിലും, പൾസ് കിട്ടുന്നുണ്ടായിരുന്നില്ല. കണ്ണിലെ കൃഷ്ണമണികൾ ഡൈലേറ്റ് ചെയ്തുതുടങ്ങി. ഡോക്ടർമാർ വായിലൂടെ ട്യൂബിട്ട് ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്സിജൻ എത്തിക്കാനും, തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലനിർത്താനും ശ്രമിച്ചുകൊണ്ടിരുന്നു. 80 ബോട്ടിൽ രക്തമാണ് ഇന്ദിരാഗാന്ധിക്ക് ഒന്നിനുപിറകെ ഒന്നായി കയറ്റിയത്. 

ഡോ. ഗുലേറിയ അതേപ്പറ്റി പിന്നീട് ഇങ്ങനെ പറഞ്ഞു, " വെടിയേറ്റ നിലയിൽ ഇന്ദിരാ ഗാന്ധിയെ ആദ്യം കണ്ടപ്പോൾ തന്നെ അവർ മരിക്കാൻ പോവുകയാണ് എന്നെനിക്ക് തോന്നിയിരുന്നു. ഉറപ്പുവരുത്താൻ ഞാൻ ആദ്യം ഇസിജി എടുത്തു. എന്നിട്ട് അന്നത്തെ ആരോഗ്യമന്ത്രി ശങ്കരാനന്ദിനെ വിളിച്ച് എന്തുചെയ്യണം എന്ന് ചോദിച്ചു. മരിച്ചതായി അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം വേണ്ട എന്ന് പറഞ്ഞു.  

 ഇന്ദിരയുടെ ശരീരം ഹാർട്ട് ലങ് മെഷീനുമായി ബന്ധിപ്പിക്കപ്പെട്ടു. മരിച്ചു എന്ന തോന്നൽ ഡോക്ടർമാർക്കൊക്കെ ഉണ്ടായിരുന്നിട്ടും, ഇന്ദിരയെ AIIMS'ന്റെ എട്ടാം നിലയിലെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി.  ഇന്ദിരയുടെ കരളിന്റെ വലതുഭാഗം തുളച്ചുകൊണ്ട് വെടിയുണ്ടകൾ കടന്നുപോയിരുന്നു. വൻകുടലിലും വെടിയുണ്ടകളേറ്റ പന്ത്രണ്ട് മുറിവുകളെങ്കിലും ഉണ്ടായിരുന്നു. ചെറുകുടലിനും കാര്യമായ ക്ഷതമേറ്റുകഴിഞ്ഞിരുന്നു. ശ്വാസകോശത്തിലും വെടിയുണ്ടകൾ തുളച്ചുകയറിയിരുന്നു. ഒപ്പം, വാരിയെല്ലുകളും വെടിയുണ്ടകളേറ്റ് ഒടിഞ്ഞുപോയിട്ടുണ്ടായിരുന്നു. ആകെ ഒരു അവയവം മാത്രമാണ് വെടിയുണ്ടകളേൽക്കാതെ രക്ഷപ്പെട്ടത്. അത്, ഇന്ദിരയുടെ ഹൃദയമായിരുന്നു. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് നാലഞ്ച് മണിക്കൂറിനുള്ളിൽ തന്നെ AIIMS-ൽ വെച്ച് ഇന്ദിരാ ഗാന്ധിയുടെ മരണവും സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ വൈകുന്നേരമാകും വരെ ആ വിവരം സർക്കാർ രഹസ്യമാക്കിവെച്ചു.

 

30 bullets hit Indira Gandhi, 80 pints of blood tried to save her, the details of the Assassination that rocked India

 

ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷം സിഖുകാരിൽ നിന്ന് ഇന്ദിരാഗാന്ധിക്കു നേരെ അക്രമണമുണ്ടാകാൻ സാധ്യതയുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഐബിയിൽ നിന്ന് വന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയ്ക്കരികിൽ ഡ്യൂട്ടിയിലുള്ള എല്ലാ സിഖ് ഭടന്മാരെയും അവിടെ നിന്ന് മാറ്റണം എന്നും അവർ നിർദേശിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു നിർദേശവും വഹിച്ചുകൊണ്ടുള്ള ഫയൽ ഇന്ദിരയുടെ മേശപ്പുറത്ത് എത്തിയപ്പോൾ ഒരൊറ്റ ചോദ്യമാണ് ഇന്ദിര ചോദിച്ചത്, " നമ്മൾ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരല്ലേ..? " സിഖ് സുരക്ഷാ സൈനികരെ ഡ്യൂട്ടിയിൽ നിന്ന് നീക്കുക എന്ന നിർദേശത്തിന് ഇന്ദിര വഴങ്ങിയില്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വമൂല്യങ്ങൾ അതിലംഘിച്ചുകൊണ്ട് അങ്ങനെയൊരു വിവേചനം കാണിക്കാൻ അവർ വിസമ്മതിച്ചു. ഒടുവിൽ ആ 'വിസമ്മത'ത്തിന് സ്വന്തം ജീവൻ തന്നെ വിലയായി നല്കേണ്ടിവരികയും ചെയ്തു. 

 

കടപ്പാട്: ബിബിസി

Follow Us:
Download App:
  • android
  • ios