ബോറെല്ലയിലുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ 50 കണ്ണീര്‍ വാതക ഷെല്ലുകള്‍ പിടിച്ചെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്ന കണ്ണീര്‍ വാതകഷെല്ലുകള്‍ പൊലീസ് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 31-കാരനാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്നും 50 കണ്ണീര്‍ വാതക ഷെല്ലുകള്‍ കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റിനു സമീപമുള്ള പൊതുവ ജംഗ്ഷനില്‍ ജുലൈ 13-ന് നടന്നപ്രക്ഷോഭങ്ങള്‍ക്കിടയിലാണ് പൊലീസ് വാഹനം ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇവിടേക്ക് ഒരു ഓട്ടോറിക്ഷയില്‍ കണ്ണീര്‍വാതക ഷെല്ലുകളുമായി തിരിച്ച പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഒരു സംഘം പ്രക്ഷോഭകര്‍ വണ്ടി തടഞ്ഞ് പൊലീസുകാരെ ആക്രമിച്ചു. അതിനു ശേഷം അതിനുള്ളിലുണ്ടായിരുന്ന ആയുധങ്ങള്‍ സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് ആയുധങ്ങളുമായി സംഘം സ്ഥലം വിട്ടു. ഈ കണ്ണീര്‍വാതക ഷെല്ലുകളില്‍ ചിലത് പിന്നീട് നടന്ന പ്രക്ഷേഭങ്ങളില്‍ ഉപയോഗിക്കപ്പെട്ടതായി പറയുന്നു.
പൊലീസിനെതിരെ കണ്ണീര്‍ വാതക ഷെല്‍ എറിയുന്ന ബുദ്ധമത പുരോഹിതന്‍
അതിനിടയിലാണ്, കണ്ണീര്‍ വാതക ഷെല്ലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നത്. തുടര്‍ന്നാണ്, അന്ന് പൊലീസ് വണ്ടി ആക്രമിച്ച സംഭവത്തില്‍ പെട്ട ഒരാളെ അറസ്റ്റ് ചെയ്തത്. നിര്‍മാണ കമ്പനിയില്‍ കല്‍പ്പണിക്കാരനായി ജോലി ചെയ്യുന്ന 31-കാരനാണ് പിടിയിലായത്. ഒബേശേകരപുര സ്വദേശിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോറെല്ലയിലുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ 50 കണ്ണീര്‍ വാതക ഷെല്ലുകള്‍ പിടിച്ചെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ നായയെ പരിചരിക്കുന്ന പ്രക്ഷോഭകര്‍
ജനകീയ പ്രതിഷേധം ആളിക്കത്തുന്ന ശ്രീലങ്കയില്‍ മൂന്ന് ദിവസം മുമ്പ് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനകീയ പ്രതിഷേധം വീണ്ടും കനത്തതോടെ വലിയ തോതിലുള്ള സൈനികവിന്യാസമാണ് കൊളംബോയില്‍ കാണാന്‍ കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണീര്‍വാതക പ്രയോഗം തടയാന്‍ ശ്രമിക്കുന്ന പ്രക്ഷോഭകര്‍
നേരത്തെ പ്രസിഡന്റിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. പിന്നീടാണ് അത് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചത്.
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നടുവില്‍ നിന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ രാജ്യം വിട്ടത്. ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തിലായിരുന്നു രക്ഷപ്പെടല്‍.
