ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ അഞ്ച് ദിവസത്തെ ഇടവേളയിൽ സാധാരണ പ്രസവത്തിലൂടെ നാല് കുട്ടികൾക്ക് ജന്മം നൽകി. ഉയർന്ന അപകടസാധ്യതയുള്ള ഈ ഗർഭധാരണം ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. അമ്മയും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന നാല് നവജാതശിശുക്കളും ആരോഗ്യത്തോടെയിരിക്കുന്നു.

ഉത്തർപ്രദേശിലെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അഞ്ച് ദിവസത്തിനുള്ളിൽ അപൂർവമായ സാധാരണ പ്രസവങ്ങളിലൂടെ സാംബാൽ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ നാല് കുട്ടികൾക്ക് ജന്മം നൽകി. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികൾക്കുമാണ് യുവതി ജന്മം നൽകിയത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. മുൻകരുതൽ എന്ന നിലയിൽ എല്ലാ നവജാതശിശുക്കളെയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടികളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിരീക്ഷിച്ച് പ്രത്യേക സംഘം
സാംബാൽ ജില്ലയിലെ ഒവാരി ഗ്രാമത്തിൽ താമസിക്കുന്ന ആമിന, ഗർഭാവസ്ഥയുടെ ആദ്യഘട്ടം മുതൽ ലോധിപൂർ പ്രദേശത്തെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ചികിത്സയിലാണ്. ഗർഭധാരണത്തിന് ശേഷം മൂന്നാം മാസത്തിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലാണ് നാല് ഗർഭസ്ഥ ശിശുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഉയർന്ന അപകടസാധ്യതയുള്ളതിനാൽ ഇവർ പ്രത്യേക പരിചരണത്തിലായിരുന്നു. നേരത്തെയുള്ള ജനനം, കുറഞ്ഞ ഭാരം, മാതൃ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം ക്വാഡ്രപ്ലെറ്റ് ഗർഭധാരണം വളരെ അപൂർവവും വൈദ്യശാസ്ത്രപരമായി സങ്കീർണ്ണവുമാണെന്ന് മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു. സങ്കീർണതകൾ കുറയ്ക്കുന്നതിന് ഗർഭപിണ്ഡത്തിന്‍റെ വലുപ്പം കുറയ്ക്കണമെന്ന് ഡോക്ടർമാർ ആദ്യം നിർദ്ദേശിച്ചിരുന്നു, എന്നാൽ കുടുംബം ഗർഭം തുടരാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യ കുഞ്ഞിന് അഞ്ച് ദിവസം കഴിഞ്ഞ് മറ്റ് മൂന്ന് പേരും
മെയ് 9 -നാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പിന്നീട് മെയ് 14 -നാണ് മറ്റ് മൂന്ന് കുഞ്ഞുങ്ങൾ കൂടി ജനിച്ചതെന്ന് ആശുപത്രി രേഖകൾ വെളിപ്പെടുത്തുന്നു. സിസേറിയന്‍റെ സഹായമില്ലാതെ തന്നെ യുവതി നാല് കുഞ്ഞുങ്ങളെയും പ്രസവിച്ചു. ആശുപത്രിയിൽ ഒരു സാധാരണ പ്രസവത്തിലൂടെ നാല് കുട്ടികൾ ജനിക്കുന്നത് ഇതാദ്യമായാണെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഡോ. ശുഭ്ര അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ഗർഭാവസ്ഥയിലുടനീളം അമ്മയുടെ ആരോഗ്യവും ഗർഭപിണ്ഡത്തിന്‍റെ വികാസവും ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്‍റെയും പ്രത്യേക സംഘം തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പ്രസവശേഷം, നവജാതശിശുക്കളുടെ ജനനം നേരത്തെ ആയതിനാൽ മുൻകരുതലായി വെൻറിലേറ്ററിലേക്ക് മാറ്റി. നാല് കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.


