സുഹൃത്തായ യുവതിയുടെ ആശയപ്രകാരമാണ് സ്വിഫ്റ്റ് കാറില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് ഈ ചുംബന മുദ്രകൾ പതിപ്പിച്ചത് എന്നാണ് യുവാവ് പറയുന്നത്. മൂന്നര മണിക്കൂറോളം സമയമെടുത്താണത്രെ കാറിന്റെ ബോഡി മുഴുവന്‍ ഇത്തരത്തില്‍ നിറച്ചത്.

സ്വന്തം കാറില്‍ ലിപ്സ്റ്റിക്കിട്ട് ചുംബിച്ചത് പോലെയുള്ള അടയാളങ്ങൾ പതിപ്പിച്ച് ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മിച്ച് ആളാകാൻ നോക്കിയ യുവാവിന് പിഴ. ഒന്നോ രണ്ടോ പത്തോ നൂറൊ ഒന്നുമല്ല, 3,400 അടയാളങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. ഗ്വാളിയോര്‍ സ്വദേശിയായ ആദിത്യ സിക്കര്‍വാര്‍ എന്ന ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററാണ് വൈറലാകാന്‍ വേണ്ടി വിചിത്രമായ പരീക്ഷണവുമായി രംഗത്തെത്തിയത്. സുഹൃത്തായ യുവതിയുടെ ആശയപ്രകാരമാണ് സ്വിഫ്റ്റ് കാറില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് ഈ ചുംബന മുദ്രകൾ പതിപ്പിച്ചത് എന്നാണ് യുവാവ് പറയുന്നത്. മൂന്നര മണിക്കൂറോളം സമയമെടുത്താണത്രെ കാറിന്റെ ബോഡി മുഴുവന്‍ ഇത്തരത്തില്‍ നിറച്ചത്. ഇതിനായി 800 മുതല്‍ 900 രൂപ വരെ വിലവരുന്ന ലിപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചു. തുടര്‍ന്ന് കാറോടിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയായിരുന്നു. 5.5 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.

എന്നാല്‍, വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ഗ്വാളിയോര്‍ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ താട്ടിപൂര്‍ പ്രദേശത്തുനിന്നുമാണ് കാർ കണ്ടെത്തിയത്. നഗരത്തിലൂടെ അതിവേഗത്തില്‍ വാഹനം ഓടിച്ചതടക്കമുള്ള വിവിധ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് 5,500 രൂപ ഉടമയായ യുവാവിന് പിഴ ചുമത്തി.

Scroll to load tweet…

പൊലീസ് സ്റ്റേഷനിലെത്തിച്ച വാഹനത്തിലെ ലിപ്സ്റ്റിക് പാടുകള്‍ ആദിത്യ നേരിട്ട് തന്നെ ഉരച്ചുമാറ്റേണ്ടിയും വന്നു. സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആദിത്യ, ഇനിമുതല്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്നും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്നും പൊലീസിന് ഉറപ്പുനൽകി. പൊലീസ് നടപടിയെത്തുടര്‍ന്ന് ഇയാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.