മാസാമാസം ശമ്പളം ലഭിക്കുന്ന മുറയ്ക്ക് ജീവിക്കേണ്ട അവസ്ഥയും, സ്വന്തമായി പിടിച്ച് നിൽക്കാൻ പാടുപെടുന്നതിനിടയിൽ പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നതും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കി.

യുകെയിൽ നാലു വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി പുതിയ ജോലിയിൽ പ്രവേശിച്ച ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അർഷിയ മഹാജനാണ് താൻ ഇന്ത്യയിലേക്ക് മടങ്ങാനെടുത്ത തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എക്സിൽ പങ്കുവെച്ചത്. വിദേശത്ത് ജീവിക്കുക എന്നത് തന്റെ വലിയ സ്വപ്നമൊന്നുമായിരുന്നില്ല. എങ്കിലും, അങ്ങനെ ഒരവസരം കിട്ടിയതിൽ താൻ നന്ദിയുള്ളവളാണ്. പുതിയൊരു രാജ്യത്ത് ജീവിതം പടുത്തുയർത്താനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ പരിചയപ്പെടാനും, കൂടുതൽ സ്വതന്ത്രയാകാനും, പ്രൊഫഷണലായി വളരാനും യുകെയിലെ ജീവിതം സഹായിച്ചു. എന്നാൽ കാലക്രമേണ ആ ജീവിതം ആസ്വദിക്കുന്നതിന് പകരം വലിയൊരു ഭാരമായി മാറുകയായിരുന്നു.

അവസാന എട്ട് മാസത്തോളം വിസ നടപടികൾ, വാടക പ്രശ്നങ്ങൾ, കുടിയേറ്റ നിയമങ്ങൾ, സുഹൃത്തുക്കൾ വിട്ടുപോയാലെന്ത് ചെയ്യും എന്നിവയെക്കുറിച്ചുള്ള ആകുലതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മാസാമാസം ശമ്പളം ലഭിക്കുന്ന മുറയ്ക്ക് ജീവിക്കേണ്ട അവസ്ഥയും, സ്വന്തമായി പിടിച്ച് നിൽക്കാൻ പാടുപെടുന്നതിനിടയിൽ പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നതും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കി. ജീവിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ മാത്രം തന്റെ ഭൂരിഭാഗം ഊർജ്ജവും ചോർന്നുപോകുകയാണെന്ന് തിരിച്ചറിഞ്ഞു.

Scroll to load tweet…

പിന്നാലെ തനിക്കിത് ശരിക്കും അർത്ഥവത്താണോ എന്ന ചോദ്യം തന്നിൽ ഉയർന്നുവന്നുവെന്നും അർഷിയ കുറിച്ചു. തുടർന്ന് സാമ്പത്തികവും സാമൂഹികവും മാനസികവുമായ കാര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. യുകെയിലെ പ്രവാസജീവിതം പരാജയമായിരുന്നില്ല, ആ അധ്യായത്തിൽ നിന്ന് തനിക്ക് ലഭിക്കേണ്ടതെല്ലാം ലഭിച്ചതുകൊണ്ടാണ് മടങ്ങാൻ കഴിഞ്ഞതെന്നും അർഷിയ വ്യക്തമാക്കി. എല്ലാ നല്ല തീരുമാനങ്ങളും പെട്ടെന്ന് വലിയ സന്തോഷം തരണം എന്നില്ല, വിദേശജീവിതത്തിലെ ഏകാന്തത, സാമ്പത്തിക സമ്മർദ്ദം, വിസ ആശങ്കകൾ എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസികളായ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്.