അമ്മയുടെ കൈയില്‍നിന്നും താക്കോലുകള്‍ മോഷ്ടിച്ച ശേഷം കൊച്ചുപയ്യന്‍ കാറുമായി റോഡിലേക്ക് ഇറങ്ങി അപകടം വരുത്തി.
അമ്മയുടെ കാറുമായി റോഡിലിറങ്ങിയ നാലുവയസ്സുകാരന്‍ ഇടിച്ചിട്ടത് റോഡരികില്‍ പാര്‍ക്ക് ചെയ്ത രണ്ടു കാറുകള്‍. നെതര്‍ലാന്റ്‌സിലാണ്, അമ്മയുടെ കൈയില്‍നിന്നും താക്കോലുകള്‍ മോഷ്ടിച്ച ശേഷം കൊച്ചുപയ്യന്‍ കാറുമായി റോഡിലേക്ക് ഇറങ്ങി അപകടം വരുത്തിയത്.
യുട്രെഷ് സ്വദേശിയായ നാലു വയസ്സുകാരനാണ് പൊലീസിനെയും കുടുംബത്തെയും ഒരു പോലെ ഞെട്ടിച്ചത്.
ഇവിടെ റോഡരികില്‍ നിര്‍ത്തിയ രണ്ട് കാറുകളെ ഇടിച്ചിട്ട ഒരു കാര്‍ വഴിയാത്രക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍ െപടുകയായിരുന്നു. കാറിനോട് ചേര്‍ന്ന്, തണുപ്പത്ത് ചെരിപ്പ് പോലും ധരിക്കാത്ത ഒരു കൊച്ചുകുട്ടിയുമുണ്ടായിരുന്നു. തുടര്‍ന്ന്, ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി.
എന്താണ് കാര്യമെന്ന് മനസ്സിലാവാതിരുന്ന പൊലീസ് ഉടന്‍ തന്നെ ചെക്കനോട് കാര്യം ചോദിച്ചു. താനാണ് കാര്‍ ഓടിച്ചതെന്ന് അവന്‍ പൊലീസിനോട് സമ്മതിച്ചതോടെ അവര്‍ ഞെട്ടി. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. അപ്പോഴാണ് നടന്ന സംഭവങ്ങളെക്കുറിച്ച് അവര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് അമ്മ സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.
പിതാവ് രാവിലെ ജോലിക്കു പോയതിനു ശേഷമാണ് കുട്ടി സാഹസിക പ്രവൃത്തിയിലേക്ക് നീങ്ങിയത്. അമ്മ കാണാതെ അവന്‍ കാറിന്റെ താക്കോല്‍ സംഘടിപ്പിച്ചു. പിന്നെ അതുമെടുത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിയിരുന്ന കാര്‍ തുറന്ന് അകത്തു കയറി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ശേഷം അവന്‍ ഡ്രൈവിംഗ് സീറ്റില്‍ ഞെളിഞ്ഞിരുന്നു. കാര്‍ മുന്നോട്ടു നീങ്ങി. ആ പോക്കിന് ഇരയായത് റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളായിരുന്നു. കുഞ്ഞിപ്പയ്യന്റെ കാര്‍ നേരെ ചെന്ന് ഇവയെ ഇടിച്ചുനിന്നു. ഇതോടെ അന്തം വിട്ട കുട്ടി കാര്‍ നിര്‍ത്തിയിറങ്ങി പുറത്തിറങ്ങി. അതു കഴിഞ്ഞ് കൊടുംതണുപ്പത്ത് ചെരിപ്പു പോലുമില്ലാതെ അവന്‍ നടന്നു. അപ്പോഴാണ് വഴിയാത്രക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് ആദ്യം ചെയ്തത് വാഹനത്തിന്റെ ഉടമയുടെ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ കാറായിരുന്നു അത്. മകന്‍ ഒപ്പിച്ച കുരുത്തക്കേട് പൊലീസ് അവരെ ധരിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ ഈ ലെവലില്‍ എത്തിയെന്ന് അവര്‍ മനസ്സിലാക്കിയത്. പൊലീസിനും ഇതോടെയാണ് കാര്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലായത്. പൊലീസുകാര്‍ കുട്ടിയെ ഉടനെ തന്നെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. എന്നിട്ട് ആദ്യം ഒരു ഹോട്ട്‌ചോക്കലേറ്റ് കൊടുത്തു. പിന്നെ ഒരു ടെഡി ബിയറും. കുട്ടി സന്തോഷമായി അവിടിരിക്കവെ അമ്മ എത്തി.
താക്കോല്‍ ഉപയോഗിച്ച് കാര്‍ തുറന്നത് എങ്ങനെയാണെന്നും അത് ഓടിച്ചത് എങ്ങനെയാണെന്നും കുട്ടി പൊലീസുകാര്‍ക്ക് പറഞ്ഞുകൊടുത്തു. താക്കോലുകളും കാറും സൂക്ഷിച്ചു വെക്കണമെന്നും കുട്ടിയുടെ കൈയില്‍ അവ കിട്ടരുതെന്നും പൊലീസ് അമ്മയ്ക്ക് നിര്‍ദേശം നല്‍കി.
അതിനുശേഷമാണ്, പൊലീസ് ഈ സംഭവം പരസ്യമാക്കിയത്. കുട്ടിയുടെ പേരോ വിവരമോ പരസ്യപ്പെടുത്താതെ അവരീ കാര്യം ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. പുതിയ ഒരു വണ്ടിയോട്ടക്കാരനെ കണ്ടുകിട്ടിയെന്ന അടിക്കുറിപ്പോടെയാണ് നടന്ന സംഭവങ്ങള്‍ അവര്‍ ഷെയര്‍ ചെയ്തത്.
