Asianet News Malayalam

ജീവിതകാലം മുഴുവനും ചെലവിന് തരണം, മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്ത് 41 -കാരനായ ഓക്സ്ഫോർഡ് ബിരുദധാരി

മകന്റെ ചെലവുകൾ അനിയന്ത്രിതമായി തോന്നിയ മാതാപിതാക്കൾ ഇപ്പോൾ മകന് നൽകുന്ന തുടർച്ചയായുള്ള ധനസഹായം കുറയ്ക്കാൻ ആഗ്രഹിക്കുന്നു.

41 year old oxford graduate file case against parents
Author
London, First Published Mar 12, 2021, 3:44 PM IST
  • Facebook
  • Twitter
  • Whatsapp

മക്കളെ പഠിപ്പിച്ച് വലുതാക്കാനും, സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കാനും വേണ്ടി ഓരോ അച്ഛനും അമ്മയും എടുക്കുന്ന അധ്വാനവും ത്യാഗവും വലുതാണ്. എന്നാൽ, ഇത്രയൊക്കെ വളർത്തി വലുതാക്കിയിട്ടും പിന്നെയും ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുന്ന മക്കൾ അനവധിയാണ്. ഏത് പ്രായത്തിലായാലും അവരുടെ ആവശ്യങ്ങൾ നടത്തിതരേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന് അവർ കരുതുന്നു. എന്നാൽ ജീവിതകാലം മുഴുവൻ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ അച്ഛനമ്മമാർ ബാധ്യസ്ഥരാണോ? അത്തരമൊരു സംഭവത്തിൽ ജോലിയില്ലാത്ത ഒരു ഓക്സ്ഫോർഡ് ബിരുദധാരി മാതാപിതാക്കളെ കോടതി കയറ്റുകയാണ്. ജീവിതകാലം മുഴുവൻ ചിലവിനുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് മകൻ കേസ് കൊടുത്തിരിക്കുന്നത്.    

ദുബായിൽ താമസിക്കുന്ന സമ്പന്നരായ മാതാപിതാക്കളെയാണ് താൻ ആശ്രയിക്കുന്നതെന്നും, ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഒരു 'ദുർബലനായ' മുതിർന്ന കുട്ടിയെന്ന നിലയിൽ അവരിൽ നിന്ന് ചെലവുകൾ നടത്താനുള്ള പണം നേടാൻ തനിക്ക് അവകാശമുണ്ടെന്നും 41 -കാരനായ ഫെയ്‌സ് സിദ്ദിഖ് പറഞ്ഞു. പണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അയാൾ വാദിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ സിദ്ദിഖ് പരിശീലനം ലഭിച്ച അഭിഭാഷകനാണ്. കൂടാതെ നിരവധി നിയമ സ്ഥാപനങ്ങളിൽ പോലും ജോലി ചെയ്തിട്ടുണ്ട്.  

2011 മുതൽ തൊഴിൽ നഷ്ടമായ ഈ ഓക്സ്ഫോർഡ് ബിരുദധാരി ഇപ്പോൾ മാതാപിതാക്കളുടെ ഒരു മില്യൺ ഡോളർ വിലമതിക്കുന്ന സെൻട്രൽ ലണ്ടനിലെ ഹൈഡ് പാർക്കിന് സമീപത്തുള്ള ഒരു ഫ്ലാറ്റിൽ സൗജന്യമായി താമസിക്കുകയാണ്. കൂടാതെ മകന്റെ എല്ലാ ബില്ലുകളും ഈ മാതാപിതാക്കളാണ് അടക്കുന്നത്. ഇതിന് പുറമേ മാതാപിതാക്കൾ അയാൾക്ക് ആഴ്ചയിൽ 400 ഡോളറിൽ വീതം നൽകുകയും ചെയ്യുന്നു. ഈ സഹായങ്ങളെല്ലാം കൈപറ്റി കൊണ്ടിരിക്കെയാണ് മാതാപിതാക്കൾക്കെതിരെ അയാൾ കേസ് കൊടുത്തിരിക്കുന്നത്. അയാളുടെ അമ്മ രക്ഷന്ദയ്ക്ക് 69 വയസ്സും, അച്ഛൻ ജാവേദിന് 71 വയസ്സുമാണ് പ്രായം.  

മകന്റെ ചെലവുകൾ അനിയന്ത്രിതമായി തോന്നിയ മാതാപിതാക്കൾ ഇപ്പോൾ മകന് നൽകുന്ന തുടർച്ചയായുള്ള ധനസഹായം കുറയ്ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം കുടുംബ കോടതിയിലെ ജഡ്ജി ഈ കേസ് തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഈ കേസ് Court of Appeal ലേയ്ക്ക് അയച്ചിരിക്കയാണ്. '' ദീർഘനാളായി മകന്റെ ഈ ദുഷിച്ച സ്വഭാവം സഹിക്കുന്ന മാതാപിതാക്കൾക്ക് അവരുടെ പ്രശ്നകാരനായ മകന് എന്താണ് നൽകേണ്ടത് എന്നതിനെ കുറിച്ച് സ്വയം ഒരു ധാരണയുണ്ട്," കുടുംബത്തിന്റെ അഭിഭാഷകൻ ജസ്റ്റിൻ വാർ‌ഷോ ക്യുസി ദി സണ്ണിനോട് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ബിരുദം നേടാൻ സാധിക്കാത്തതിനെ തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയ്‌ക്കെതിരെ കേസ് കൊടുത്ത വ്യക്തിയാണ് സിദ്ദിഖ്. 2018 -ൽ ഓക്സ്ഫോർഡ് സർവകലാശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, 40.56 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സർവകലാശാലക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതിന് ശേഷമാണ് സിദ്ദിഖിന് ഒരു ഉന്നത ബിരുദവും ലാഭകരമായ നിയമജീവിതവും നഷ്ടമായത്. ക്ലാസുകൾ ബോറടിപ്പിക്കുന്നതായിരുന്നുവെന്നും, ജീവനക്കാർ കൂടുതലും ശമ്പള അവധിയിലായിരുന്നുവെന്നും അയാൾ ആരോപിച്ചു. അതുകൊണ്ടാണ് തനിക്ക് ഫസ്റ്റ് ക്ലാസ് ബിരുദം ലഭിക്കാതിരുന്നതെന്ന് അയാൾ വാദിച്ചു.  എന്നിരുന്നാലും, 2018 -ൽ സിദ്ദിഖിന്റെ അവകാശവാദങ്ങളെല്ലാം കോടതി തള്ളി. വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തതും, അക്കാദമിക് അച്ചടക്കമില്ലായ്മയും, ഇടയിൽ ഹേ ഫീവർ ബാധിച്ചതുമാണ് പരാജയ കാരണങ്ങൾ എന്ന് കോടതി ചൂണ്ടിക്കാട്ടി.  

Follow Us:
Download App:
  • android
  • ios