ഇന്നലെ രാത്രി തന്റെ സുഹൃത്ത് ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഈ ഉയർന്ന നിരക്ക് കാരണം അപ്പോള്‍ തന്നെ ഈ പ്ലാൻ ഉപേക്ഷിച്ചു, ഒരു കുടയുമെടുത്ത് നടന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.

പല പ്രധാന ന​ഗരങ്ങളിലും ഓട്ടോ ടാക്സി നിരക്കുകൾ വളരെ കൂടുതലാണ് എന്ന് പരാതികൾ ഉയരാറുണ്ട്. ഇത്തരം കാര്യങ്ങൾ ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിലും ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരു ന​ഗരത്തിൽ നിന്നുള്ള ഒരു യൂസറാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിൽ പറയുന്നത് ഉയർന്ന ഓട്ടോ നിരക്കിനെ കുറിച്ചാണ്. വിശ്വസിക്കാൻ സാധിക്കില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. അത്രയും ഉയർന്ന തുകയാണ് ഒരു കിലോമീറ്റർ ഓട്ടത്തിനായി കാണിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ മഴക്കാലത്ത് ഓട്ടോ യാത്രകൾക്ക് അമിത വിലയാണ് ഈടാക്കുന്നത് എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. 'മഴക്കാലത്ത് ഒരു കിലോമീറ്ററിന്റെ യൂബർ നിരക്കുകൾ' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്. ഒപ്പം സ്ക്രീൻഷോട്ടും ഷെയർ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി തന്റെ സുഹൃത്ത് ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഈ ഉയർന്ന നിരക്ക് കാരണം അപ്പോള്‍ തന്നെ ഈ പ്ലാൻ ഉപേക്ഷിച്ചു, ഒരു കുടയുമെടുത്ത് നടന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. ഒരു കിലോമീറ്റർ ദൂരത്തിന് ഓട്ടോയ്ക്ക് 425 രൂപയാണെന്നാണ് യൂബർ ആപ്പിൽ കാണിക്കുന്നത്. കാറിന് അതിനേക്കാൾ കുറവാണ്. ഏകദേശം 364 രൂപയായിരുന്നു കാറിന് കാണിക്കുന്നത്.

എന്തായാലും, ഇത്ര ചെറിയ ദൂരത്തേക്ക് ഇത്രയും കനത്ത തുക നൽകി എങ്ങനെയാണ് പോവുക എന്നതാണ് യുവാവിന്റെ സംശയം. അനേകങ്ങളാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഈ മേഖലയിൽ കൊള്ള തന്നെയാണ് നടക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. നടന്നു പോകുന്നതോ പൊതു​ഗതാ​ഗത മാർ​ഗ​ങ്ങൾ ഉപയോ​ഗിക്കുന്നതാണ് ഇതിനേക്കാൾ‌ ഒക്കെ നല്ലത് എന്നാണ് മറ്റ് ചിലർ കമന്റുകൾ നൽകിയത്.