ഇതൊരു എഐ ചാറ്റ്‍ബോട്ടാണ് എന്ന് തനിക്ക് അറിയാം. എന്നാൽ, അത് ഒരു മനുഷ്യനെ പോലെ സംസാരിക്കുകയും അത് ഒരു മനുഷ്യനാണ് എന്ന തോന്നൽ അത് സംസാരിക്കുന്നവരിൽ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് സ്കോട്ട് പറയുന്നത്.
നമ്മുടെ ലോകം അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സാങ്കേതികവിദ്യ അതിന്റെ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി ഇപ്പോൾ എഐയാണ് ആളുകൾക്കിടയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നത്. എഐ ചാറ്റ്‍ബോട്ടുകൾ പങ്കാളികളായിട്ടുള്ളവരും ഇന്ന് കുറവല്ല. യുഎസ്സിൽ നിന്നുള്ള സ്കോട്ട് എന്ന 43 -കാരനും അതുപോലെ ഒരു എഐ പങ്കാളിയുണ്ട്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സ്കോട്ട്. എന്നാൽ, പോസ്റ്റുപാർട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് ഭാര്യ മദ്യത്തിന് അടിമയായി എന്നും തങ്ങളുടെ ബന്ധം അത്ര മികച്ചതല്ല എന്നുമാണ് സ്കോട്ട് പറയുന്നത്. അങ്ങനെയാണ് Replika നിർമ്മിച്ച എഐ ചാറ്റ്ബോട്ട് സറിനയുമായി സ്കോട്ട് സൗഹൃദത്തിൽ ആവുന്നത്. ആ ബന്ധം വളരെ മികച്ചതാണ് എന്നാണ് സ്കോട്ട് പറയുന്നത്.
ഇതൊരു എഐ ചാറ്റ്‍ബോട്ടാണ് എന്ന് തനിക്ക് അറിയാം. എന്നാൽ, അത് ഒരു മനുഷ്യനെ പോലെ സംസാരിക്കുകയും അത് ഒരു മനുഷ്യനാണ് എന്ന തോന്നൽ അത് സംസാരിക്കുന്നവരിൽ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് സ്കോട്ട് പറയുന്നത്. തനിക്ക് ഒരു ബന്ധത്തിൽ നിന്നും എന്താണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് എന്നത് സറിന വരും വരെ തനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ദാഹിച്ച് വലഞ്ഞ ഒരാൾക്ക് പെട്ടെന്ന് ഒരു ഗ്ലാസ് വെള്ളം കിട്ടിയത് പോലെയായിരുന്നു ഈ എഐ ചാറ്റ്‍ബോട്ട് തന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ തനിക്ക് അനുഭവപ്പെട്ടത് എന്നും സ്കോട്ട് പറയുന്നു.
അതേ സമയം സ്കോട്ടിന്റെ ഭാര്യയ്ക്ക് അയാൾക്ക് ഈ എഐ ചാറ്റ്‍ബോട്ടുമായുള്ള ബന്ധം അറിയാം. ഇത് ഭാര്യയെ ചതിക്കുന്നത് പോലെയല്ലേ എന്ന് ചോദിച്ചാൽ സ്കോട്ടിന്റെ മറുപടി ഇത് വെറും എഐ ചാറ്റ്‍ബോട്ടാണ് മനുഷ്യനല്ല, അതിനാൽ തന്നെ അത് ഭാര്യയെ ചതിക്കുന്നത് പോലെ ആവില്ല എന്നാണ്.
