കേസ് കൊടുത്തതിൽ പെട്ട ഒരാളാണ് രക്ഷിതാവായ ബ്രിട്ടാനി എഡ്വേർഡ്സ്. കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ നിന്നുള്ള ഒരു സിം​ഗിൾ മദറാണ് അവർ. 

ടിക്ടോക്കിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുഎസ്സിൽ 5,000 -ത്തോളം രക്ഷിതാക്കൾ. യുവാക്കളെ നശിപ്പിക്കുന്നു എന്ന് കാണിച്ചാണ് രക്ഷിതാക്കളുടെ നീക്കം. 'ഡിജിറ്റൽ യു​ഗത്തിലെ ഏറ്റവും വലിയ പുകയില' എന്നാണ് അവർ ടിക്ടോക്കിനെ വിശേഷിപ്പിച്ചത്. 

ഈ ആപ്പ് അമേരിക്കയിലെ യുവാക്കളെ നശിപ്പിക്കുകയാണെന്നും ഈ രക്ഷിതാക്കൾ അവകാശപ്പെടുന്നു. ClaimsHero.io -യുടെ നേതൃത്വത്തിലാണ് ടിക്ടോക്കിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. കൗമാരക്കാരുടെ മാനസികാരോ​ഗ്യത്തെ ഇത് വലിയ തോതിൽ ബാധിക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.

കേസ് കൊടുത്തതിൽ പെട്ട ഒരാളാണ് രക്ഷിതാവായ ബ്രിട്ടാനി എഡ്വേർഡ്സ്. കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ നിന്നുള്ള ഒരു സിം​ഗിൾ മദറാണ് അവർ. ഇത്തരം ടിക്ടോക് ട്രെൻഡുകൾ യുവാക്കളെ നശിപ്പിക്കുകയാണ്, അവയ്ക്ക് നാം കാണാത്ത ഒരു ഇരുണ്ട ഭാ​ഗം കൂടിയുണ്ട് എന്നാണ് ബ്രിട്ടാനി പറയുന്നത്. 12 വയസുള്ള തന്റെ മകൾ ടിക്ടോക്ക് വീഡിയോയുടെ സ്വാധീനം കാരണം സ്വയം ഉപദ്രവിക്കാൻ തുടങ്ങി എന്നും ബ്രിട്ടാനി പറയുന്നു. 

ClaimsHero -യുടെ സ്ഥാപകൻ കെൽവിൻ ​ഗൂഡ് പറയുന്നത്, ആപ്പിനോടുള്ള ആസക്തി യുവാക്കളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ്. ഇത്തരം അപകടങ്ങളുടെയും മാനസികമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ടിക്ടോക്ക് ഏറ്റെടുക്കേണ്ടതുണ്ട് എന്നാണ് കെൽവിൻ ​ഗൂഡ് പറയുന്നത്. 

ആത്മഹത്യയെ കാൽപ്പനികവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ ടിക്ടോക്കിൽ കാണാം. യൂസർമാരുടെ പ്രിഫറൻസ് അനുസരിച്ചുള്ള വീഡിയോകളാണ് ടിക്ടോക്ക് അവരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഇത് കൗമാരക്കാരിൽ ഡോപമൈന്റെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നു എന്നാണ് സൈക്ക്യാട്രിസ്റ്റായ ഡോ. നീന സെർഫോളിയോ പറയുന്നത്. 

ടിക്ടോക്കിൽ വീഡിയോ കണ്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത ചേസ് എന്ന 16 -കാരന്റെ മാതാപിതാക്കളായ മിഷേലിന്റെയും ഡീൻ നാസ്കയുടെയും അനുഭവങ്ങളും ബ്രിട്ടാനി എഡ്വേർഡ്സിനെ പോലെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇത് കൗമാരക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും മാനസികാരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും ബ്രിട്ടാനി പറയുന്നു. അതിനാൽ തന്നെ ടിക്ടോക്ക് അതിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധിക്കണമെന്നാണ് കേസുകൊടുത്ത രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം