Asianet News MalayalamAsianet News Malayalam

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ, 'ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ' ഇടം നേടി

ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. 

5000 saplings in 48 hours
Author
Tamil Nadu, First Published Sep 16, 2021, 4:04 PM IST

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള രണ്ടു സഹോദരന്മാർ 48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടുകൊണ്ട് 'ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ' ഇടം പിടിച്ചു. ഇരുപത്തഞ്ചുവയസുകാരനായ അരുണും,  ഇരുപത്തിരണ്ടുവയസുകാരനായ ശ്രീകാന്തുമാണ് മരം നട്ട് റെക്കോർഡിട്ടത്. വിരുദുനഗർ ജില്ലയിലെ ശിവകാശി താലൂക്കിലെ കല്ലാമനായകൻപട്ടി സ്വദേശികളാണ് അവർ. അരുൺ ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ശ്രീകാന്ത് ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.

“ഞങ്ങൾ രണ്ടുപേരും ഒരു ദിവസം 8 മണിക്കൂർ തൈകൾ നടാനായി ചെലവഴിച്ചു. ലോക്ക്ഡൗൺ സമയത്ത് ഞങ്ങളുടെ ഒഴിവുസമയം ഉപയോഗപ്രദമായ രീതിയിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇതിനെ തുടർന്ന്, 2021 ജനുവരിയിലാണ് ഈ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തത്. വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനത്തോടെയാണ് ഇത് ആരംഭിച്ചത്. തുടർന്ന്, തമിഴ്‌നാട്ടിലുടനീളം പൊതുജനങ്ങൾക്ക് പ്രകൃതി സംരക്ഷണം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ, ഞങ്ങൾ വിരുദുനഗർ ജില്ലയിലും പരിസരത്തും 5,000 തൈകൾ നട്ടു കഴിഞ്ഞു" ന്യൂസ് 18 -നോട് ശ്രീകാന്ത് പറഞ്ഞു.

വേലികെട്ടി തിരിച്ചും, ആവശ്യത്തിന് വെള്ളം എത്തിച്ച് നനച്ചും അവർ തോട്ടത്തെ പരിപാലിച്ചു. അവർ സൈക്കിളുകളിൽ ഓരോ സ്ഥലത്തും എത്തി, 48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടു. 48 മണിക്കൂറിനുള്ളിൽ ഇത്രയും തൈകൾ എങ്ങനെ നട്ടുപിടിപ്പിക്കാൻ സാധിച്ചു എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. അവർ തൈകൾ നടാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയും, തൈകൾ മുൻകൂട്ടിത്തന്നെ അതിനടുത്ത് വയ്ക്കുകയും ചെയ്തു. അവർ ഒരു സൈക്കിൾ റാലി ആരംഭിക്കുകയും സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ തൈകൾ നടാൻ ഓരോ സ്ഥലവും സന്ദർശിക്കുകയും ചെയ്തു. ആറ് ദിവസത്തിനുള്ളിൽ, സൈക്കിളിൽ സ്ഥലങ്ങളിൽ എത്താനും, തൈകൾ നടാനും അവർക്ക് സാധിച്ചു.  

ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനായിരുന്നു അത്. ആ ഉദ്യമം പിന്നീട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകരിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോൾ തൈകൾ നട്ട് റെക്കോർഡിട്ടിരിക്കുന്നത്. അതേസമയം, വിരുദുനഗർ ജില്ലയിൽ ഉടൻ നടത്താൻ പോകുന്ന ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുന്ന ഹരിത യാത്രയിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് സഹോദരന്മാർ കളക്ടറോട് അഭ്യർത്ഥിച്ചു. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios