"ഞാൻ ടോയ്‌ലറ്റ് ബ്ലോക്കിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, ഒരാൾ കുഞ്ഞിനെയും എടുത്ത് പോകുന്നത് കാണുകയായിരുന്നു. അവൾ അയാളുടെ ഒക്കത്തിരുന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നു.''
53 വർഷങ്ങൾ കഴിഞ്ഞിട്ടും ചുരുളഴിയാത്ത നിഗൂഢത, അതാണ് ചെറിൽ ഗ്രിമ്മർ കേസ്. ഓസ്ട്രേലിയൻ ബീച്ചിൽ വച്ച് ഒരു തെളിവും അവശേഷിപ്പിക്കാതെ ആ മൂന്നുവയസുകാരിയെ കാണാതായത് 1970 -ലാണ്. അവൾക്ക് വേണ്ടി തിരയാത്ത ഇടങ്ങളില്ല, നടത്താത്ത അന്വേഷണങ്ങളില്ല. എങ്കിലും, ഇന്നും അവൾ എവിടെപ്പോയി എന്നത് ദുരൂഹതയായി അവശേഷിക്കുകയാണ്. എന്നാൽ, അവളെ കാണാതായ ദിവസം, ഒരു കുഞ്ഞിനെ ഒരു കൗമാരക്കാരൻ എടുത്തു കൊണ്ടുപോകുന്നതായി കണ്ടു എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഒരാൾ.
അയാൾ പറയുന്നത് സത്യമാണെങ്കിൽ ഒരുപക്ഷേ ഈ കേസിൽ മുന്നോട്ട് വന്ന ഒരേയൊരു ദൃക്സാക്ഷി അയാളായിരിക്കും. ബിബിസിയോടാണ് ഇയാൾ താൻ അന്ന് ഒരു കുഞ്ഞിനെ ഒരാൾ എടുത്തു കൊണ്ടുപോകുന്നതായി കണ്ടു എന്ന് വെളിപ്പെടുത്തിയത്. 1970 -ൽ അതായത് ചെറിലിനെ കാണാതാകുന്ന വർഷം ഇയാൾക്ക് പ്രായം വെറും ഏഴ് വയസാണ്. സിഡ്‌നിയിൽ നിന്നും ഏകദേശം 50 മൈൽ (80 കിലോമീറ്റർ) തെക്കായി വോളോങ്കോങ്ങിന്റെ പ്രാന്തപ്രദേശത്തുള്ള ബീച്ചിൽ വച്ചാണ് സംഭവം.
അവിടെ വച്ച് ഒരു കൗമാരക്കാരൻ സ്ത്രീകൾ വസ്ത്രം മാറുന്ന റൂമിന്റെ അടുത്തുനിന്നും ഒരു കുഞ്ഞുമായി പോകുന്നത് കണ്ടു എന്നാണ് ഇയാൾ വെളിപ്പെടുത്തിയിരിക്കുന്നത്. "ഞാൻ ടോയ്‌ലറ്റ് ബ്ലോക്കിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, ഒരാൾ കുഞ്ഞിനെയും എടുത്ത് പോകുന്നത് കാണുകയായിരുന്നു. അവൾ അയാളുടെ ഒക്കത്തിരുന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ആ പയ്യന് കുറച്ച് കറുത്ത മുടിയായിരുന്നു. ആവറേജ് ശരീരമായിരുന്നു. കുട്ടി കരയുന്നത് താൻ കേട്ടിരുന്നു. ആ ശബ്ദം എന്താണ് എന്ന് അറിയാനാണ് ഞാൻ തിരിഞ്ഞുനോക്കിയത്" എന്നും പുതിയ ദൃക്സാക്ഷി പറയുന്നു.
എന്തുകൊണ്ടാണ് താൻ ആ ദിവസം കൃത്യമായി ഓർത്ത് വയ്ക്കുന്നത് എന്നും ഇയാൾ പറയുന്നുണ്ട്. അന്ന് പെട്ടെന്ന് കാറ്റിന് ശക്തി കൂടി. അതോടെ ആളുകൾ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി എന്നും ഇയാൾ പറയുന്നു. ആ സമയത്ത് തന്റെ കുടുംബം ഈസ്റ്റേൺ യൂറോപ്പിൽ നിന്നും ഇവിടെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോവുകയാണ് എന്ന് തനിക്കു മനസിലായതുമില്ല. അന്ന് തങ്ങൾ വന്നിട്ട് മൂന്നാഴ്ചയോ മറ്റോ ആയിരുന്നതേയുള്ളൂ. വീട്ടിൽ ടിവിയോ പത്രമോ ഒന്നും ഉണ്ടായിരുന്നില്ല. ബീച്ചിൽ നിന്നും ദൂരെയായിരുന്നു തങ്ങളുടെ താമസം. അതിനാൽ കുഞ്ഞിനെ കാണാതായ കാര്യം അന്ന് അറിഞ്ഞിരുന്നില്ല എന്നും ഇയാൾ പറഞ്ഞു.
ചെറിലിനെ കാണാതെയാകുന്ന ദിവസമാണ് ആ ബീച്ചിൽ ഒരു പ്രത്യേകതരം കാറ്റ് ആഞ്ഞുവീശിയത്. അതിനാൽ തന്നെ ഇയാൾ പറയുന്നത് ചിലപ്പോൾ ശരിയായിരിക്കാം. 1970 ജനുവരി 12 -നാണ് ചെറിലിനെ കാണാതാകുന്നത്. ആ സമയത്ത് അവളുടെ സഹോദരനാണ് അവളോടൊപ്പം ഉണ്ടായിരുന്നത്. അവന്റെ ശ്രദ്ധ കുറച്ച് നിമിഷങ്ങൾ മാറിയപ്പോഴാണ് അവളെ കാണാതെയാകുന്നത്. ബ്രിട്ടനിൽ നിന്നുമുള്ള ചെറിലിന്റെ കുടുംബം അവളെ കാണാതാകുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് ഇവിടേക്ക് കുടിയേറിയത്.
കുഞ്ഞിനെ കാണാതായതിന് പിന്നാലെ എല്ലാ തരത്തിലുള്ള തെരച്ചിലുകളും അന്വേഷണവും നടന്നിരുന്നു. എന്നാൽ, അവളെ കണ്ടെത്താനായില്ല. ബീച്ചിൽ നിന്നും ഒരു കൗമാരക്കാരൻ ഒരു കുട്ടിയെ എടുത്തുകൊണ്ട് പോകുന്നത് കണ്ടതായി ആരെങ്കിലും ഒരാൾ പറയുന്നത് ഇതാദ്യമാണെന്ന് മുൻ ഡിറ്റക്ടീവ് സർജൻറ് ഡാമിയൻ ലൂൺ പറഞ്ഞു. അയാൾ പറയുന്നത് വിശ്വസനീയമായി തോന്നുന്നു എന്നും അതിൽ അന്വേഷണം വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പൊലീസ് ഇയാളെ ബന്ധപ്പെട്ടതായി കരുതുന്നു എന്നാണ് ബിബിസി എഴുതുന്നത്. അതേസമയം ദൃക്സാക്ഷിയായി മുന്നോട്ട് വന്നയാൾ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
2016 -ൽ 60 വയസുള്ള ഒരാളെ ചെറിലിന്റെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അയാൾ കൗമാരപ്രായത്തിൽ താനൊരു കുട്ടിയെ കൊന്നു എന്ന് വെളിപ്പെടുത്തിയിരുന്നു എന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, കുറ്റസമ്മതത്തെ തെളിവായി സ്വീകരിക്കാൻ ആവില്ല എന്നാണ് ജഡ്ജി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടയാൾ ആ കുറ്റം നിഷേധിക്കുകയും ചെയ്തു. പിന്നാലെ ഇയാളെ വെറുതെ വിടുകയായിരുന്നു.
അതേസമയം അനിയത്തിയെ കാണാതായതിൽ ഇപ്പോഴും നീറി ജീവിക്കുകയാണ് ചെറിലിന്റെ സഹോദരൻ. അവനാണ് അന്ന് അവളെ നോക്കിയിരുന്നത്. നാല് വയസ്സായിരുന്നു അന്ന് അവന്റെ പ്രായം. മരണത്തിന് മുമ്പ് തന്റെ പ്രിയപ്പെട്ട സഹോദരിക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ തനിക്കൊരുത്തരം കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്നാലേ തനിക്ക് ശരിക്കൊന്ന് ഉറങ്ങാനാവൂ എന്നും അദ്ദേഹം പറയുന്നു.
ചെറിലിനെ കാണാതായതിന്റെ 50 -ാമത്തെ വർഷം അവളുടെ തിരോധാനത്തിന് ഉത്തരം കിട്ടുന്ന എന്തെങ്കിലും തെളിവ് നൽകുന്നവർക്ക് വലിയ തുക പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
