പാടത്തിന്‍റെ നടുവില്‍ എല്ലാവര്‍ക്കും ചേര്‍ന്നിരിക്കാന്‍ ഒരിടം കൂടി അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അവിടേക്ക് നടക്കാന്‍ മുളകൊണ്ട് ഒരു പാലവും. മഞ്ഞുകാല രാത്രികളില്‍ അവരെല്ലാവരും ചേര്‍ന്നിരുന്ന് ചൂടുചായ കുടിക്കുകയും ചന്ദ്രനെ കാണുകയും ചെയ്തു.

കൂട്ടുകാരോട് നമ്മള്‍ പലകാര്യങ്ങളും പറയാറുണ്ട്. എല്ലാക്കാലവും നമ്മള്‍ ഒരുമിച്ചുണ്ടാകണം എന്ന്. ഒരിക്കലും പിരിയരുത് എന്നൊക്കെ. എന്നാല്‍, അതിലെത്രമാത്രം കാര്യങ്ങള്‍ സാധ്യമാകും എന്നറിയില്ല. പക്ഷെ, ചൈനയിലെ ഈ ഏഴ് കൂട്ടുകാരികള്‍ പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയുമാണ്. ചൈനയിലെ ഗ്വാങ്ജോയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് ഈ ഏഴ് സ്ത്രീകള്‍. 2008 -ലായിരുന്നു അവര്‍ ഒരുമിച്ചുണ്ടായിരുന്നത്. അവര്‍ ഏഴ് പേരും വിരമിക്കുമ്പോള്‍, അറുപതാമത്തെ വയസ്സില്‍ ഒരുമിച്ചൊരു വീടൊക്കെ വെച്ച് താമസിക്കണം എന്ന ആഗ്രഹം തമാശയായി പങ്കുവെച്ചിരുന്നു. പക്ഷെ, 60 വയസ്സുവരെ കാത്തിരിക്കാനൊന്നും അവര്‍ തയ്യാറായില്ല. അതിന് ഇരുപതോ മുപ്പതോ വര്‍ഷം മുമ്പ് തന്നെ അവര്‍ ഒരു ചില്ലുവീട് വെച്ചു. അവര്‍ക്കൊരുമിച്ചിരിക്കാന്‍, ഒരുമിച്ച് കഴിയാന്‍. 

ഗ്വാങ്ജോയില്‍ നിന്ന് ജോലി വിട്ട് അവര്‍ മടങ്ങിയപ്പോള്‍ ഗ്രാമത്തിലെവിടെയെങ്കിലും വീടുവെക്കാനായി ഒരിടം തിരക്കിത്തുടങ്ങി. അങ്ങനെയാണ് അതിമനോഹരമായ ഈ ഗ്രാമത്തില്‍ അവര്‍ ഒരു വീടെടുത്തത്, ഗ്വാങ്ജോയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായിരുന്നു അത്. സംഗതി സഹപ്രവര്‍ത്തകരായിരുന്നുവെങ്കിലും സഹോദരിമാരേക്കാള്‍ അടുപ്പമുണ്ടായിരുന്നു അവര്‍ തമ്മില്‍. 2018 ജനുവരിയിലാണ് അവര്‍ ഈ ഗ്രാമത്തിലെത്തിച്ചേരുന്നത്. വീടുകളുടെ ചിമ്മിനികളില്‍ നിന്നുയരുന്ന പുകയും കണ്ണെ്തതാ ദൂരത്തോളം നെല്‍പ്പാടവും അവരെ ആ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്തു. ആ പാടത്തിനോരത്ത് ഒരു ചില്ലുവീട് പണിതാലെങ്ങനെയുണ്ടാകും എന്നാണ് അവരുടെ ചിന്ത പോയത്. 

അങ്ങനെ വീടുപണി തുടങ്ങി. മൂന്ന് ഭാഗത്തും ഗ്ലാസ് ബോക്സുകള്‍ അവയിലൂടെ നോക്കിയാല്‍ പാടം... വീടിന്‍റെ നടുവില്‍ ഒരു ടീ റൂം. ഒന്നാമത്തെ നില പൊതുസ്ഥലമാണ്. എല്ലാവരും കൂടി ഒരുമിച്ച് നില്‍ക്കുന്നയിടം. അവിടെ പാടത്തേക്ക് മുഖമുള്ള ഒരു അടുക്കളയുണ്ട്. പിന്നെ ലിവിങ്ങ് റൂം. അവിടെ എല്ലാവരും ചേര്‍ന്നിരിക്കും ഒരുമിച്ച് സംസാരിക്കും, കഴിക്കും, വായിക്കും... നാല് കോടിയോളമാണ് വീടിന്

മുകളിലുള്ള മുറികള്‍ ഇന്‍ഡിപെന്‍ഡന്‍റാണ്. അവിടെയിരുന്ന് കൊണ്ട് ചില്ലുകളിലൂടെ പുറം കാഴ്ചകള്‍ കാണാം. ഏഴ് പേര്‍ക്കും ചേര്‍ന്നിരിക്കാനുമുണ്ടൊരു മുറി. ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വാഷ് റൂമും പുറത്ത് പൂളുമുണ്ട്. മുറികളിലേക്കുള്ള മാറ്റുകളും ടേബിള്‍ ക്ലോത്തുമെല്ലാം ഇന്ത്യയില്‍ നിന്നും മൊറോക്കോയില്‍ നിന്നും ശേഖരിച്ചതാണ്. പാടത്തിന്‍റെ നടുവില്‍ എല്ലാവര്‍ക്കും ചേര്‍ന്നിരിക്കാന്‍ ഒരിടം കൂടി അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അവിടേക്ക് നടക്കാന്‍ മുളകൊണ്ട് ഒരു പാലവും. മഞ്ഞുകാല രാത്രികളില്‍ അവരെല്ലാവരും ചേര്‍ന്നിരുന്ന് ചൂടുചായ കുടിക്കുകയും ചന്ദ്രനെ കാണുകയും ചെയ്തു. ഒപ്പം ഗ്രാമത്തിലെ ശുദ്ധമായ വായു അനുഭവിച്ചു, ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു. ഒരുമിച്ച് പാടി... 

എല്ലാവരോടും എന്തെങ്കിലും ഒരുകാര്യത്തിലെങ്കിലും കഴിവ് നേടണമെന്ന് അവര്‍ തമാശക്ക് പരസ്പരം പറയും. ചിലര്‍ നന്നായി ഭക്ഷണം ചാകം ചെയ്യും. ചിലര്‍ പച്ചക്കറി നട്ടുവളര്‍ത്തുന്നതില്‍, ചിലര്‍ നന്നായി പാടും അങ്ങനെ... അങ്ങനെ... അവര്‍ ഏഴുപേരും സ്വതന്ത്രരാണ്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവരും, ആ ഇഷ്ടത്തെ ചേര്‍ത്തുപിടിക്കുന്നവരും ഒക്കെ. പക്ഷെ, ഒരുമിച്ചിരിക്കാനും പരസ്പരം മനസിലാക്കാനും അവര്‍ക്ക് കഴിയുന്നു. 10 വയസ്സാണ് കൂട്ടത്തിലെ ഏറ്റവും കൂടിയ പ്രായവ്യത്യാസം. 10-15 വര്‍ഷം കഴിയുമ്പോള്‍ എല്ലാവരുടേയും മക്കള്‍ വളരും. അതു കഴിഞ്ഞ് ഒരു 10 വര്‍ഷം കൂടി ഇങ്ങനെ ഒരുമിച്ച് കഴിയാനാകണേ എന്നാണ് ഇവരുടെ ആഗ്രഹം. 

എന്തും സംസാരിക്കാവുന്ന, പരസ്പരം മനസിലാവുന്ന കൂട്ടുകാരികളുണ്ടാകുന്ന എന്ത് രസമാണ്... അവരിങ്ങനെ ചിരിച്ചും ചിന്തിച്ചും പാട്ടുപാടിയും ഒരുമിച്ച് ചേര്‍ന്നാലോ, ഇങ്ങനെ ഭംഗിയുണ്ടാവും അതിന്.