വിമാനയാത്രയ്ക്കിടെ ചൂട് കാപ്പി മറിഞ്ഞ് കാല്‍ പൊള്ളിയെന്നും ഇത് മൂലം രണ്ട് ആഴ്ചത്തെ വിനോദ യാത്ര നഷ്ടപ്പെട്ടെന്നും ആരോപിച്ചാണ് 78 -കാരി നഷ്ടപരിഹാരത്തിന് കേസ് നല്‍കിയത്. 

വിമാനയാത്രയ്ക്കിടെ 78 വയസുള്ള സ്ത്രീയുടെ മേല്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ കൈയില്‍ നിന്നും ചൂട് കാപ്പി മറിഞ്ഞ് പൊള്ളലേറ്റു. അതിനാല്‍ നേരത്തെ പദ്ധതിയിട്ടിരുന്ന അവധിക്കാലം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ച് ക്യൂന്‍സ് ദമ്പതികൾ സ്കാൻഡിനേവിയൻ വിമാന കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തു. 10 മില്യണ്‍ ഡോളര്‍ (ഏകദേശം 85 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2024 ഏപ്രിൽ 3 -ന് കോപ്പൻഹേഗനിൽ നിന്ന് ഓസ്ലോയിലേക്കുള്ള വിമാനത്തിനിടെയാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അയ്‌മര കോർബോയും ഭർത്താവ് ഗ്യൂസെപ്പെയുമാണ് വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്. രാവിലെ 10 മണിയോടെ വിമാനത്തില്‍ കാപ്പി വിതരണം ചെയ്യുന്നതിനിടെയായിരുന്നും സംഭവം. ഫ്ലൈറ്റ് അസിസ്റ്റന്‍ഡിന്‍റെ അശ്രദ്ധ മൂലം ചൂട് കാപ്പി അയ്‌മര കോർബോയുടെ മടിയിലേക്ക് മറിയുകയായിരുന്നു.

ചൂട് കാപ്പി മറിഞ്ഞടെ കാലില്‍ കടുത്ത പൊള്ളല്‍ അനുഭവപ്പെട്ടെന്നും വേദനയും കഷ്ടപ്പാടും മൂലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും സൗന്ദര്യത്തിന് കോട്ടം തട്ടിയെന്നും അയ്മര നല്‍കിയ പരാതിയില്‍ പറയുന്നു. ബുക്ക് കീപ്പ‍ർ ജോലിയില്‍ നിന്നും വിരമിച്ച അയ്മര യാത്രയുടെ അവശേഷിച്ച സമയം മുഴുവനും മുറിയില്‍ തന്നെ കഴിയേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.

എയര്‍ലൈന്‍ തങ്ങളുടെ പരിചരണത്തില്‍ പരാജയപ്പെട്ടെന്നും തങ്ങൾക്കുണ്ടായ അപകടവും വൈകാരിക ക്ലേശവും അവധിക്കാലം നഷ്ടപ്പെട്ടതും കണക്കിലെടുത്ത് 10 മില്യാണ്‍ ഡോളര്‍ നഷ്ടപരിഹാരം വിമാനക്കമ്പനി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം അയ്മരയുടെ ഭര്‍ത്താവ് ഗ്യൂസെപ്പെ കോര്‍ബോയും ഒരു മില്യണ്‍ ഡോളര്‍ (ഏതാണ്ട് 8 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ദമ്പതികളുടെ രണ്ടാഴ്ചത്തെ യാത്രയാണ് ഫ്ലൈറ്റ് അറ്റന്‍ഡറുടെ അശ്രദ്ധ മൂലം നഷ്ടമായതെന്ന് ഇരുവരുടെയും അഭിഭാഷകനായ ജോനാഥൻ റീറ്റർ പറഞ്ഞു. എന്നാല്‍, കേസിനോട് പ്രതികരിക്കാന്‍ സ്കാൻഡിനേവിയൻ എയർലൈന്‍സ് ഇതുവരെ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.