ഇന്ത്യാ - പാക് സംഘര്‍ഷത്തിന് പിന്നാലെ തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കാര്‍ ഇരുരാജ്യങ്ങളിലേക്കുമുള്ളയാത്രകൾ ഉപേക്ഷിക്കാനും ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാനും തീരുമാനിക്കുകയായിരുന്നു.
ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷം ലോക വിപണിലും സ്വാധീനം ചെലുത്തുകയാണ്. സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കും അസർബൈജാനും ചൈനയ്ക്കുമെതിരെ ഇന്ത്യന്‍ വ്യാപാരികളും വിനോദ സഞ്ചാരികളും മുഖം തിരിച്ച് തുടങ്ങിയെന്ന വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലെത്തിയ വാര്‍ത്തയാണ് 800 ഗുജറാത്തികൾ തുർക്കിയിലേക്ക് തീരുമാനിച്ചിരുന്ന വിനോദ യാത്ര വേണ്ടെന്ന് വച്ചെന്നത്. തുര്‍ക്കിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് ചെറിയൊരു തിരിച്ചടിയാണ്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ജെയിന്‍ ലോട്ടസ് ഗ്രൂപ്പിലെ 800 -ലേറെ അംഗങ്ങളാണ് ദീപാവലിക്ക് ശേഷം തുര്‍ക്കിയിലേക്ക് നടത്താനിരുന്ന വിനോദയാത്ര വേണ്ടെന്ന് വച്ചത്. ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ തുർക്കി, പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയും ആയുധം കൈമാറുകയും ചെയ്തിനെ തുടർന്നാണ് തീരുമാനം. 12 ദിവസം നീണ്ട് നില്‍ക്കുന്ന വിനോദയാത്രയ്ക്കായിരുന്നു സംഘം തയ്യാറെടുത്തിരുന്നതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ദിവസങ്ങളിലായി തുര്‍ക്കിയും അസര്‍ബൈജാനും ഉൾപ്പെടുന്നതായിരുന്നു സംഘത്തിന്‍റെ സന്ദശന സ്ഥലങ്ങൾ. പഹല്‍ഗ്രാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ പരിശീല കേന്ദ്രങ്ങൾ ഇന്ത്യന്‍ സേന അക്രമിച്ചിരുന്നു. ഇതിന് പിന്നാലെ തുർക്കി പാകിസ്ഥാന് ആയുധങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. അസര്‍ബൈജാനും പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം അസര്‍ബൈജാന്‍, തുര്‍ക്കി ബുക്കിംഗുകൾ 60 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍, ഈ രാജ്യങ്ങളിലേക്ക് ബിക്ക് ചെയ്ത ടിക്കറ്റുകൾ 250% മാണ് ക്യാന്‍സല്‍ ചെയ്യുന്നതെന്ന് മേക്ക് മൈ ട്രിപ്. റോയിറ്റേഴ്സിനോട് പറഞ്ഞു. 1000 ദമ്പതികളുള്ള വലിയൊരു ഗ്രൂപ്പാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടസ് ഗ്രൂപ്പെന്നും മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. 'മൂന്ന് ദിവസം കൂടുമ്പോൾ 80 പേരുടെ ഗ്രൂപ്പുകളായി തുർക്കിയിലെത്താനായിരുന്നു പദ്ധതി. 12 പകലും 11 രാത്രിയിലുമായി ഇസ്താബൂളിലും കാപ്പഡോസിയയിലും ചുറ്റിക്കറങ്ങാനായിരുന്നു തീരുമാനമെന്നും ജെയിന്‍ ലോട്ടസ് ഗ്രൂപ്പ് ട്രഷറര്‍ പറഞ്ഞാതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


