എത്ര സുന്ദരം ഈ ജീവിതം! 84 വർഷത്തെ ദാമ്പത്യം, 13 കുട്ടികൾ, 100 പേരക്കുട്ടികൾ, റെക്കോർഡ് നേട്ടത്തിൽ ദമ്പതികൾ
ഇവരുടെ സ്നേഹത്തിൻ്റെയും പ്രതിബദ്ധതയുടെയും യാത്ര എത്തിച്ചേർന്നു നിൽക്കുന്നത് 100-ലധികം പേരക്കുട്ടികളുള്ള ഒരു വലിയ കുടുംബത്തിലാണ്.

റിയോ: 'ഭാര്യ എന്നു പറയുന്നത് ഒരു രക്തബന്ധമല്ല. അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ എന്നീ ബന്ധങ്ങളെല്ലാം രക്തബന്ധമാണ്. അവ ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയില്ല. ഭാര്യ എന്ന ബന്ധം വേണമെങ്കിൽ മുറിച്ചുമാറ്റാം. എന്നാൽ നാം ആലോചിക്കേണ്ട ഒരു കാര്യം ഈ ഭാര്യയിലൂടെയാണ് മറ്റ് രക്തബന്ധങ്ങളെല്ലാം നമുക്കുണ്ടാകുന്നത്. മുറിച്ചു മാറ്റാവുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചു മാറ്റാൻ കഴിയാത്ത അനേകം ബന്ധങ്ങൾ ഉണ്ടാവുന്നത്.അപ്പോൾ ഭാര്യ ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒരു ബന്ധമാണ്. രണ്ടു മനസ്സും രണ്ടു വ്യക്തിത്വവും ഉള്ള രണ്ടു മനുഷ്യർ പരസ്പരം മനസ്സിലാക്കി ഒന്നുചേരുന്നതാണ് ദാമ്പത്യം.' മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഒരിക്കൽ ഒരു പൊതുവേദിയിൽ പറഞ്ഞതാണ് ഈ വാക്കുകൾ.
ദാമ്പത്യത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ ഈ വാക്കുകളോട് ചേർത്തുവച്ച് വായിക്കേണ്ടതാണ് ബ്രസീലിയൻ ദമ്പതികളായ മനോയലുയുടെയും മരിയയുടെയും ജീവിതം. 84 വർഷമായി ഒരുമിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം എന്ന ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ഇവരുടെ സ്നേഹത്തിൻ്റെയും പ്രതിബദ്ധതയുടെയും യാത്ര എത്തിച്ചേർന്നു നിൽക്കുന്നത് 100-ലധികം പേരക്കുട്ടികളുള്ള ഒരു വലിയ കുടുംബത്തിലാണ്.
1940-ൽ ബ്രസീലിലെ സിയാറയിലെ ബോവ വെഞ്ചുറ ചാപ്പലിൽ വച്ചാണ് മനോയലും മരിയയും വിവാഹിതരായത്. എന്നാൽ ഇവരുടെ കഥ ആരംഭിക്കുന്നത് 1936-ൽ ആണ്. പരമ്പരാഗത ബ്രസീലിയൻ മധുരപലഹാരമായ റപ്പാദുരാസ് കയറ്റുമതി ചെയ്യാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ പ്രദേശത്ത് എത്തിയതായിരുന്നു. അവിടെ വച്ചാണ് അദ്ദേഹം മരിയയെ ആദ്യമായി കാണുന്നത്. തമ്മിൽ ഒരു ഇഷ്ടം തോന്നിയെങ്കിലും ഇരുവരും പരസ്പരം പറഞ്ഞില്ല. പിന്നീട് വർഷങ്ങൾക്കിപ്പുറം രണ്ടുപേരും വീണ്ടും കണ്ടുമുട്ടി. അന്നാണ് ആ ഇഷ്ടം തമ്മിൽ പറഞ്ഞതും മരിയയാണ് തനിക്കുള്ളതെന്ന് മനോയൽ മനസ്സിൽ ഉറപ്പിച്ചതും. പിന്നെ വൈകിയില്ല മനോയൽ മരിയയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആ ക്ഷണം നിരസിക്കാൻ മരിയയ്ക്കും ആകുമായിരുന്നില്ല. പക്ഷേ ആ ബന്ധത്തെ മരിയയുടെ വീട്ടുകാർ അത്ര എളുപ്പത്തിൽ അംഗീകരിച്ചില്ല. തന്റെ മകൾക്ക് ചേരുന്ന പങ്കാളിയാണ് മനോയെൽ എന്ന് തെളിയിക്കാൻ മരിയയുടെ അമ്മ നിർബന്ധം പിടിച്ചു. അതോടെ തൻ്റെ പ്രതിബദ്ധത പ്രകടിപ്പിക്കാൻ മരിയ്ക്കായി ഒരു വീട് പണിയാൻ മനോയെൽ തീരുമാനിച്ചു.അത് വിജയകരമായി പൂർത്തിയാക്കിയതോടെ മരിയയുടെ കുടുംബത്തിൻറെ അംഗീകാരം ഇരുവരും നേടിയെടുത്തു.
അതോടെ സന്തോഷകരമായ ഒരു ദാമ്പത്യജീവിതം ഇരുവരും ആരംഭിച്ചു. പരസ്പരം സ്നേഹിച്ചും കഠിനമായി അധ്വാനിച്ചും ആ ജീവിതം മുന്നോട്ടുപോയി. 13 കുട്ടികൾക്ക് ജന്മം നൽകി മരിയയും മനോയലും. പിന്നീട് അവർക്ക് 55 പേരകുട്ടികളെയും 54 പേരക്കുട്ടികളുടെ മക്കളെയും നാലാം തലമുറയിൽ പെട്ട 12 കൊച്ചുമക്കളെയും ലഭിച്ചു. ഇപ്പോൾ മനോഹരമായ ദാമ്പത്യത്തിന്റെ 84-ാം വർഷത്തിലാണ് ഇവർ. പതിറ്റാണ്ടുകൾക്ക് ശേഷവും അവരുടെ സ്നേഹവും ബഹുമാനവും ശക്തമായി നിലനിൽക്കുന്നു. ദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിൻ്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മരിയയും മനോയലും ലളിതമായി ഉത്തരം നൽകി: സ്നേഹം. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം നയിക്കുന്ന ദമ്പതികൾ എന്ന ലോക റെക്കോർഡ് മനോയലിനും മരിയക്കുമാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.
1898-ൽ ഭാര്യ സാറ മരിക്കുന്നത് വരെ 88 വർഷവും 349 ദിവസവും ഒരുമിച്ചുണ്ടായിരുന്ന ഡേവിഡ് ജേക്കബ് ഹില്ലറും സാറാ ഡേവി ഹില്ലറും തമ്മിലുള്ള വിവാഹമാണ് ലോകത്തിൽ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യം ഏറിയ ദാമ്പത്യം. മുമ്പ്, അമേരിക്കൻ ദമ്പതികളായ ഹെർബർട്ട് ഫിഷറും സെൽമിറ ഫിഷറും, 86 വർഷവും 290 ദിവസവും നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യത്തിൻ്റെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു, എന്നാൽ 2011, ഫെബ്രുവരി 27, ന് ഹെർബർട്ട് അന്തരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
