ഇന്നത്തെ ദിവസത്തിന് ഇന്ത്യാ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനമാണുള്ളത്. 95  വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് സർ ജോൺ മാർഷൽ എന്ന ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ്, ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് എന്ന പത്രത്തിലൂടെ സിന്ധൂ നദീതട സംസ്കാരത്തെപ്പറ്റിയുള്ള ആദ്യ കണ്ടെത്തൽ പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തെപ്പറ്റിയുള്ള നമ്മുടെ ധാരണകൾ തന്നെ പാടേ മാറ്റി മറിച്ചു കളഞ്ഞ ഒരു വെളിപ്പെടുത്തലായിരുന്നു അന്ന് പുറത്തുവന്നത്. 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുനഃസംഘടനയിൽ കാര്യമായ പങ്കുവഹിച്ച ഒരു വ്യക്തിയായിരുന്നു മാർഷൽ. 1902 മുതൽ 1928  വരെ സർവേയുടെ ഡയറക്ടർ ജനറലായിരുന്ന അദ്ദേഹമാണ് ഹാരപ്പ, മോഹൻ ജൊദാരോ എന്നിവിടങ്ങളിൽ ഉദ്ഘനനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

അന്ന് നടത്തപ്പെട്ട വെളിപ്പെടുത്തൽ ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് നീട്ടി. തന്റെ ഗഹനമായ ലേഖനത്തിൽ അന്ന് മാർഷൽ ഷിൽമാൻ, ടൈറിൻസ്, മൈസീൻ എന്നിവരുടെ പഠനങ്ങളെപ്പറ്റിയുള്ള താരതമ്യവിശകലനം നടത്തുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ഹാരപ്പയിലും നാനൂറു മൈൽ അകലെ സിന്ധ് പ്രവിശ്യയിലുള്ള മോഹൻ ജൊദാരോയിലും കണ്ടെടുക്കപ്പെട്ട സിന്ധു നദീ തട സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾക്ക് അന്നുവരെ അനുമാനിക്കപ്പെട്ടതിലും എത്രയോ അധികം പഴക്കമുണ്ട് എന്ന നിഗമനം ആദ്യമായി മുന്നോട്ടു വെക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഈ ലേഖനത്തിലാണ്.